Thursday 1 November 2007

മലയാളം ബ്ലോഗിങ്ങിനു സര്‍ക്കാര്‍ അംഗീകാരം

അധികം പ്രതീക്ഷിക്കല്ലേ. കേരളപ്പിറവിക്കു പ്രസിദ്ധീകരിച്ച, സംസ്ഥാന സര്‍ക്കാരിന്റെ ജിഹ്വയായ ജനപഥത്തില്‍ മലയാളം ബ്ലോഗുകളെക്കുറിച്ചൊരു ലേഖനം. നേരത്തെ കൊടുത്തത് വായിക്കുവാന്‍ പറ്റാത്തതിനാല്‍ വീണ്ടും പോസ്റ്റുന്നു. ക്ഷമിക്കുക. വലിയമ്മായിക്കു നന്ദി:



asd

Monday 8 October 2007

കാമ്പസ് പ്രണയം

അത്രയ്ക്കങ്ങട് പ്രൊഫഷനല്‍‌ അല്ലെങ്കിലും പ്രവേശനപ്പരീക്ഷ ഉണ്ടായിരുന്നതിനാല്‍‌ പല പ്രായക്കാര്‍‌ അടങ്ങിയതായിരുന്നു ക്ലാസ്. അതിലൊരു മിടുക്കന് ഒരു സുന്ദരിയോട് പ്രണയം തോന്നിയത് സ്വാഭാവികം. കലാ സാഹിത്യ വിദുഷി. പക്വമതി. എല്ലാത്തിലുമുപരി, സുന്ദരി. കുട്ടിത്തം വിട്ടുമാറിയിട്ടില്ലെങ്കിലും ബുദ്ധിസാമര്‍ഥ്യത്തിലും പഠനത്തിലും സൌന്ദര്യത്തിലും മുന്നിട്ടുനില്‍ക്കുന്നവനായിരുന്നു നായകന്‍‌.

എന്നാല്‍‌ പെണ്‍കുട്ടിയുടെ ഇതിന്മേലുള്ള നിലപാടില്‍‌ ചിലര്‍‌ സംശയം പ്രകടിപ്പിച്ചു. ഭൈമീകാമുകരുടെ അസൂയ എന്ന് നായകനും സഹരും പറഞ്ഞുതള്ളി. ‘പ്രണയം’ അഭംഗുരം തുടര്‍ന്നുവന്നു. ഇതിനിടെ നായിക നല്ല പെരുമാറ്റത്താല്‍‌ എല്ലാവരുടെയും ഹൃദയം കവരുകയും മികച്ച ഒരു സുഹൃദ്‌‌വലയം സൃഷ്ടിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ, നായകന്‍‌ ‘എന്റെ, എന്റെ മാത്രം‘ എന്ന മട്ടില്‍‌ മുന്നോട്ടുപോകുകയായിരുന്നു.

ഒരു ദിവസം ഉച്ചതിരിഞ്ഞ നേരം. നായികയും ചില സഹപാഠന്മാരും സൊറപറഞ്ഞിരിക്കുകയായിരുന്നു. സാധാരണ സംഭവിക്കുന്നതുതന്നെ. എന്നാല്‍‌ അപ്പോഴെല്ലാം നായകനും ഉണ്ടാകാറുണ്ട് എന്നുമാത്രം. അന്ന് നായകന്‍‌ അവധിയിലായിരുന്നു.

നായിക ചിരിച്ചുല്ലസിച്ചിരിക്കവേ, പൊടുന്നനെ നായകന്‍‌ കയറിവന്നു. വീടില്‍‌ നിന്നു വന്നതിനാലാകാം കൈയില്‍‌ ബാഗ്. നെറ്റിയില്‍‌ വിയര്‍പ്പുകണങ്ങള്‍‌. പൊതുവെ ചുവന്ന കവിളുകള്‍‌ ഒന്നുകൂടി ചുവന്നുതുടുത്തിരിക്കുന്നു. നായകനെക്കണ്ടിട്ട് വെറുമൊരു ‘ഹാ‍യ്!’ മാത്രം പറഞ്ഞ് നായിക ചര്‍ച്ച തുടര്‍ന്നു.

എന്നാല്‍‌ നായകന്‍‌ മുന്നില്‍‌ വന്നുനിന്ന് വിറയ്ക്കുകയാണ്. വികാരങ്ങളുടെ വേലിയേറ്റം മുഖത്ത് ദര്‍ശിക്കാം. എല്ലാപേരും ഒരു പന്തികേട് മണത്തു; നായികയുള്‍പ്പെടെ. ഏതുനിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് എല്ലാപേരും നിശബ്ദരായി. നായികയുടെ മുഖത്ത് അമ്പരപ്പ്.

അവസാനം അതു സംഭവിച്ചു! വര്‍ദ്ധിച്ച കോപത്തോടെ നായകന്‍‌ നായികയുടെ മുഖത്തേയ്ക്കു നോക്കി അലറി:

‘ ഞാന്‍‌ ഇന്നാളുതന്ന രണ്ടുരൂപ എണ്‍പത്തഞ്ചു പൈസ ഇപ്പം എനിക്കു തിരികെത്താ!‘

Thursday 4 October 2007

സംശയരോഗി

സുഹൃത്തിനെ അയാളുടെ കല്യാണത്തിനു ശേഷം ഇതാദ്യമായാണു കാണുന്നത്. ഒറ്റനോട്ടത്തില്‍ത്തന്നെ എന്തോ ഒരു പന്തികേട്. മുഖം വാടിയിരിക്കുന്നു. കണ്ണുകളില്‍‌ ഉറക്കച്ചടവ്.

കണ്ടതിലുള്ള സന്തോഷം പങ്കുവച്ചതിനു ശേഷം, കുശലാന്യേഷണങ്ങള്‍ക്കു തുടക്കമായി. മധ്യേ ഒന്നു നിശ്വസിച്ച്, അടക്കിപ്പിടിച്ച് അയാള്‍‌ വിതുമ്പി: ആകെ പ്രശ്നമാണ്. ഞാന്‍‌ തിരിഞ്ഞാലും പിരിഞ്ഞാലും പ്രശ്നം. ഒരു പെണ്ണിനോടും സംസാരിച്ചുകൂടാ. പരിചയക്കാരെപ്പോലും നോക്കി ചിരിച്ചുകൂടാ. ദാ... ഇതു കണ്ടോ! (നെറ്റിയിലെ തടിച്ച പാടു കാട്ടി) അവള്‍‌ പ്ലേറ്റെടുത്ത് എറിഞ്ഞതാണ്; ഏതോ ഒരു പെണ്ണിന്റെ ഫോണ്‍‌വന്നെന്നും പറഞ്ഞ്.

എന്തുപറഞ്ഞ് അയാളെ ആശ്വസിപ്പിക്കണമെന്നറിയാതെ, വളഞ്ഞുപുളഞ്ഞ് അനന്തതയിലേയ്ക് നീളുന്ന ബിറ്റുമെന്റെ ഇരുണ്ട മിനുമിനുപ്പിലേയ്ക്കു നോക്കി ഞാന്‍‌ നിന്നു. എത്ര കുടുംബങ്ങളാണ് സ്ത്രീകളുടെ സ്വാര്‍ത്ഥത മൂലം തകരുന്നത്. ഇതൊന്നും ചോദിക്കാനും കാണാനും ഒരു കമ്മിഷനുമില്ലാതായിപ്പോയല്ലോ... ആത്മരോഷവും മധ്യാഹ്ന താപവും നെറ്റിയിലെ വിയര്‍പ്പുകണങ്ങളായും കഴുത്തിലെ ചാലുകളായും അസ്വസ്ഥത പടര്‍ത്തി. വിങ്ങുന്ന സാഹചര്യം...

എന്തോ ഓര്‍ത്തിട്ടെന്നപോലെ സുഹൃത്ത് കിക്കറില്‍‌ ആഞ്ഞു ചവിട്ടി, ഗിയര്‍‌ മാറ്റിയിട്ട്, ‘ഓ, താമസിച്ചുപോയി... ഒരു പഴയ കക്ഷി ...... ബസ് സ്ടാന്‍‌ഡില്‍‌ നില്‍ക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഞാന്‍‌ പോകട്ടെ. വിശദമായി പിന്നെ സംസാരിക്കാം...’ എന്നുപറഞ്ഞ് പാഞ്ഞുപോയി.

വണ്ടി പുറന്തള്ളിയ പുകയോടൊപ്പം ഒരു ഗൂഢസ്മിതം വളരെനേരം അവിടെ തങ്ങിനിന്നു.

Friday 13 July 2007

മധു വേട്ടക്കാര്‍‌

ഭൂമിശാത്രം അടിസ്ഥാനമാക്കിപ്പറഞ്ഞാല്‍‌ കഥ നടക്കുന്നത് സമീപ ജില്ലയിലെ പ്രമുഖ പട്ടണത്തിനു ചുറ്റുവട്ടത്തിലാണ്. എന്നാല്‍‌, ഒരു യൂണിവേഴ്സല്‍‌ തീം ആയതിനാല്‍‌ സ്ഥലകാലങ്ങള്‍ക്കു പ്രസക്തിയില്ല.

ആ ചെറുപ്പക്കാര്‍ക്കിടയില്‍‌ വാര്‍ത്തയെത്താന്‍‌ വലിയ താമസമൊന്നുമുണ്ടായില്ല - തങ്കപ്പന്‍‌ (സാങ്കല്പികം) ഗള്‍ഫില്‍നിന്ന് മടങ്ങിവന്നിരിക്കുന്നു!

പിന്‍ബഞ്ചില്‍,‌ പുസ്തകങ്ങളെ ആകാവുന്നത്ര വെറുപ്പോടെ നോക്കി, എങ്ങനെയൊക്കെയോ പത്താംതരമെത്തിയ തങ്കപ്പന്‍‌. തങ്ങള്‍‌ പഠിച്ചു മുന്നേറിയപ്പോള്‍‌, ആട്ടോ ഓടിക്കുവാന്‍‌ പോയ തങ്കപ്പന്‍‌. നാട്ടിലെ സുന്ദരിയെ, തങ്ങളില്‍‌ പലരുടെയും സ്വപ്നസഖിയെ, ഓട്ടോസ്റ്റാന്റില്‍‌വെച്ച് തറ കമന്റടിച്ചതിന് തടികേടായ തങ്കപ്പന്‍‌. അടികൊടുത്തവരില്‍‌ തങ്ങളുടെ പിതാമഹന്മാരും ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താല്‍‌ സൌഹൃദം വിച്ഛേദിച്ച് പിണങ്ങിമാറിയ തങ്കപ്പന്‍‌.

അവനങ്ങനെ ഗള്‍ഫില്‍‌ പോ‍യി. വിദ്യാസമ്പന്നരായ ആ ചെറുപ്പക്കാര്‍‌‌ കടവരാന്തകളില്‍‌ അഭയം തേടി.

കാലം കഴിയവെ, ഏതൊരു അറബിക്കഥയിലും എന്നപോലെ, തങ്കപ്പന്‍‌ പൊന്നപ്പനായി മാറുകയും അടിവാങ്ങിക്കൊടുത്ത ആ സുന്ദരിയെത്തന്നെ വേള്‍ക്കുകയും ചെ‌യ്തു. മധുവിധു തീരും മുന്നേ തങ്കപ്പനു തിരിച്ചുപോരേണ്ടിവന്നു. പിന്നീട്, നീണ്ട ഒരു ഇടവേളയ്ക്കു ശേഷം അയാള്‍‌ വരികയാണ്. അപ്പോഴും ചെറുപ്പക്കാര്‍‌ തൊഴില്‍‌രഹിതര്‍‌, അതുകൊണ്ടുതന്നെ അവിവാഹിതരും.

തങ്കപ്പന്റെ കിടപ്പുമുറിയുടെ പിറകുവശം കനത്ത മതിലാണ്; അതിനുപിറകില്‍‌ ചെറിയൊരു ചതുപ്പ്. അതിനും പിറകില്‍‌ മുഖംതിരിഞ്ഞ് ഒരു ഷാപ്പും. ഷാപ്പിന്റെ പിറകിലുള്ള കനത്ത ഏകാന്തതയില്‍‌ നിന്നാല്‍‌ പിന്നിലെ ജനാലകള്‍വഴി കിടപ്പറയുടെ ഭാഗിക ദര്‍ശനം കിട്ടും. സാധാരണ ആ ജനാലകള്‍‌ അടച്ചിടാറില്ല. വല്ല കല്ലോ കട്ടയോ പിടിച്ചിട്ടാ‍ല്‍‌ കുറച്ചുകൂടി മെച്ചപ്പെട്ട കാഴ്ച ലഭ്യമാകും.

അവരുടെ ഹൃദയങ്ങള്‍ ഒരേസമയം പാപബോധവും വികാരവും കൊണ്ടു നിറഞ്ഞു. ജനയിതാക്കള്‍ വരുന്ന ഷാപ്പണ്. ആരെങ്കിലും കണ്ടാല്‍‌ തീര്‍ന്നു; പിന്നെ ജീവിച്ചിരിക്കേണ്ട!

ഭയവും ആകാംക്ഷയും മൂലം വിയര്‍ത്തു തണുത്ത് അവര്‍‌ ഷാപ്പിന്റെ പിന്നിലേയ്ക്ക് പമ്മി നടന്നു. സന്ധ്യ മയങ്ങുന്നതേയുള്ളൂ. ഈ വിദ്യ തങ്ങളോട് പറഞ്ഞുതന്ന നഗരവാസിയായ സുഹൃത്തിനെ അവര്‍‌ ഒരേസമയം ശപിക്കുകയും പിന്നെ അതോര്‍ത്ത് സങ്കടപ്പെടുകയും ചെ‌യ്തുകൊണ്ടിരുന്നു. കുടുംബത്തിനുണ്ടാ‍യേക്കാവുന്ന നാണക്കേടോര്‍ത്ത് ഇടയ്ക്ക് പിന്മാറുന്നതിനുപോലും അവര്‍‌ തയ്യാറായി. എന്നാല്‍‌ ആ ആദിമ ചോദന അവരെ മുന്നോട്ടേയ്ക്ക് വലിച്ചുപിടിക്കുകതന്നെ ചെ‌യ്തു.

പൊന്ത വകഞ്ഞുമാറ്റി, മുന്നോട്ടേയ്ക്കഞ്ഞ അവര്‍‌ ഇടിവെട്ടേറ്റവരെപ്പോലെ നിന്നു; പിന്നെ പ്രാണനെടുത്തുപിടിച്ച് തിരിഞ്ഞോടി...

കുറെനാള്‍‌ അവര്‍‌ ആരോടും അധികം സംസാരിക്കാതെ, അന്തര്‍മുഖരായി നടന്നു. പിന്നീടെന്നോ ഒരു മദ്യപാന പാര്‍ട്ടിയിലാണ് അത് വെളിപ്പെട്ടത്:

ഷാപ്പിനുപിന്നിലെ ചതുപ്പില്‍ത്തട്ടി പ്രതിഫലിക്കുന്ന പടിഞ്ഞാറന്‍‌ മാനത്തിന്റെ സാന്ധ്യശോഭയില്‍‌, ഷാപ്പില്‍നിന്ന് പിടിച്ചിട്ട ബഞ്ചിന്റെ മുകളില്‍‌ ഏഴെട്ടുപേര്‍‌! നിര്‍ന്നിമേഷരായി, ഈസ്റ്റര്‍‌ ദ്വീപിലെ പ്രതിമകളെപ്പോലെ, തങ്കപ്പന്റെ കിടപ്പറയിലേയ്ക്ക് കണ്ണുംനട്ട്!!! അതില്‍‌ തങ്ങള്‍ക്ക് ജന്മം നല്‍കിയവരും തങ്കപ്പനെ തല്ലാന്‍‌ മുന്നിട്ട് നിന്നവരും ഉണ്ടായിരുന്നു...

Friday 29 June 2007

ഒരു കോഴിക്കോടന്‍‌ തമാശ

‘തലയ്ക്കുമീതെ ശൂന്യാകാശ’വും പാടി, ഇടയ്ക്കിടെ, പടിപ്പുരയില്‍‌ കാത്തിരിക്കുന്ന ഭാര്യയെ നാട്ടുനടപ്പിന്റെ ഭാഗമായി പിതൃശൂന്യ വാക്കുകളാല്‍‌ ഉച്ചത്തില്‍‌ അഭിസംബോധന ചെ‌യ്തുകൊണ്ട് ആടിയാടി വരികയാണ് അയാള്‍‌. പെട്ടെന്ന് നിന്ന്, വഴിയരികിലെ ഇരുമ്പ് കൂടിനുള്ളിലെ ബോര്‍ഡ് വായിച്ച് പൊട്ടിക്കരയുന്നു:

“അയ്യയ്യോ! കെവി സെബാസ്റ്റിയന്‍‌ വെള്ളമടിക്കുന്നു; മരിക്കുന്നു!”

[110 KV Sub Station
Vellimadukunnu
Marikkunnu (PO)]

Thursday 28 June 2007

നോണ്‍‌വെജ്ജ്

സോഷ്യലിസം അതിന്റെ സമസ്ത പ്രതാപത്തോടെയും വിളയാടിയിരുന്ന സ്ഥലമായിരുന്നു - അല്ല, ആണ് - ആ റെസ്ട്രൊന്റ്. അതിഥി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് - അത് ഐ.എ.എസ്. കാരനായാലും ശരി, അടിസ്ഥാന ശംബളക്കാരനായാലും ശരി - ഒരേ രീതിയിലുള്ള ‘സ്വീകരണമാണ്’ അവിടെ ലഭിച്ചിരുന്നത്.

സന്ധ്യ കഴിഞ്ഞാല്‍‌ അത്താഴ സമയം. എട്ടുമണി വരെയാണ് ‘നടത്തിപ്പുകാര്‍‌’ അനുവദിച്ചിട്ടുള്ള സമയം. എങ്കിലും നിയമം അനുവദിക്കാത്തതിനാല്‍‌ ‘താമസിച്ചു വരുന്ന...’, പ്രാസം ഒത്ത അഭിസംബോധനയ്ക്ക് പാത്രമാവുന്നവരെയും ‘സല്‍ക്കരിച്ചിരുന്നു.’

കഞ്ഞിയാണ് പ്രധാന വിഭവം. പയറും അച്ചാറുമൊക്കെ കൂട്ടിനുണ്ടാകും. പിഞ്ഞാണപാത്രങ്ങളില്‍‌ വിളമ്പുന്ന അവ അന്തേവാസികള്‍‌ ആവേശത്തോടെ കഴിച്ചുപോന്നു.

ദോഷം പറയരുതല്ലോ, സ്വാദിഷ്ടമായിരുന്നു വിഭവങ്ങള്‍‌. എല്ലാപേരും എന്തോ ദുരന്തത്തെ വരവേല്‍ക്കാനെന്ന മട്ടില്‍‌ നിശബ്ദരായി ഇരുന്ന് കഴിക്കും. കളിയില്ല; ചിരിയില്ല; പരസ്പരം മുഖത്തുപോലും നോക്കില്ല. ഹാളില്‍‌, പിഞ്ഞാണങ്ങളില്‍‌ സ്പൂണ്‍‌ തട്ടിയുണ്ടാകുന്ന, ജലതരംഗത്തെ അനുസ്മരിപ്പിക്കുന്ന, താളാത്മക ശബ്ദം മാത്രം.

അങ്ങനെയുള്ളൊരു സായാഹ്നത്തിലാണ് ആ ഉദ്യോഗസ്ഥന്‍‌ ഭക്ഷണം കഴിക്കുവാനായി അവിടെ വന്നിരുന്നത്. നാട്ടില്‍‌ പ്രതാപത്തോടെ വകുപ്പിനെ വിറപ്പിച്ച് വിരാജിക്കുന്നയാള്‍‌. എന്തിനും ഏതിനും ഓര്‍ഡര്‍ലികള്‍‌. മന്ത്രിമാര്‍‌പോലും ബഹുമാനത്തോടെ മാത്രം ഇടപെടുന്നായാള്‍‌...

ഇവിടെ വന്നപ്പോഴേ അത് ഫീല്‍‌ ചെയ്തു - ഒരു അവഗണന. പ്രത്യേകിച്ച് യാതൊരുവിധ ബഹുമാനപ്രകടനങ്ങളും - തല ചൊറിയല്‍‌, വിഡ്ഡിച്ചിരി, നട്ടെല്ലു വളച്ചുള്ള തൊഴല്‍‌ ആദിയായവ - ആരും പ്രകടിപ്പിച്ചുകണ്ടില്ല.

കാര്യങ്ങളങ്ങനെയായതിനാല്‍‌, ചെറിയൊരു കരുതലോടെയാണ് പെരുമാറിയത്. ഒഴിഞ്ഞ കസേര തന്നെ വിമാനത്താ‍വളത്തില്‍നിന്നും കൂട്ടിക്കൊണ്ടുവന്ന ആ ഡ്രൈവറുടെ അടുത്തു മാത്രം. ആരും എഴുന്നേറ്റുതരുമെന്ന് പ്രതീക്ഷിക്ക വയ്യ. കഴിഞ്ഞ രണ്ടുദിനങ്ങളിലെ അനുഭവം അതാണ്. തത്കാലം അയാളുടെ അടുത്ത് തന്നെ ഇരിക്കാന്‍‌ അദ്ദേഹം തീരുമാനിച്ചു. അയാളുടെ മുഖത്ത് ഒരു പരിഹാസച്ചിരിയുണ്ടോ? ഏയ്, തോന്നലാകും.

ഇരുന്നു. ഭാഗ്യം! താമസിയാതെ കഞ്ഞി വന്നു. സ്പൂണ്‍‌ മുക്കിയെടുത്തു. ഒരു പാറ്റ കയറിവന്നു. എന്തുചെയ്യും? ചുറ്റും നോക്കി. എല്ലാരും ഏകാഗ്രതയോടെ കഞ്ഞി കഴിക്കുന്നു. പതുക്കെ പാത്രത്തിലേയ്ക്കുതന്നെ തട്ടി. വിഷമം, സങ്കടം, ദേഷ്യം... എല്ലാംകൂടി ഒന്നും ചെയ്യാന്‍‌ പറ്റാത്ത അവസ്ഥയില്‍ സ്ഥംഭിച്ചിരിക്കുമ്പോള്‍‌ ഡ്രൈവറുടെ അടക്കിപ്പിടിച്ച ചോദ്യം:
“പാറ്റ കിട്ടി; അല്ലേ?”

അദ്യേം: “ഉം...”

ഡ്രൈവര്‍‌: “അവന്മാരറിയണ്ട; നോണ്‍‌വെജ്ജിന് ചാര്‍ജ് ചെയ്യും!”

കണ്ണില്‍‌ ഇരുട്ട് കയറിയ അദ്യേം മെല്ലെ പുറത്തേയ്ക്ക് നടന്നു; വിശപ്പ് ലേശവുമില്ലാതെ.

Tuesday 26 June 2007

വെടിയിറച്ചി

മധ്യകേരളത്തിലെ പ്രസിദ്ധമായ ആ ചായക്കടയില്‍‌ സുഹൃത്തും അങ്കിളുമായി കയറി. സുഹൃത്തിന്റെ ജീവിതാഭിലാഷമായ വെടിയിറച്ചി കഴിക്കലായിരുന്നു ഉദ്ദേശ്യം.

കപ്പയും പുറകേ വെടിയിറച്ചിയും വന്നു. പ്ലേറ്റില്‍‌ തേങ്ങാപ്പീര മാത്രം! ഒളിഞ്ഞും തെളിഞ്ഞും അവിടവിടെ ഓരോ ഇറച്ചിക്കഷണം.

അത് തപ്പിയെടുത്ത് കപ്പ കഴിച്ച ശേഷം അങ്കിള്‍‌ ബെയററെ അടുത്ത് വിളിച്ചു. ടിപ്പ് പ്രതീക്ഷിച്ച് നിന്ന ബെയററോട് അങ്കിള്‍‌: “എന്നതാ, ഇവിടെ തേങ്ങയാണോ വെടിവച്ചിടുന്നത്?”

Friday 15 June 2007

കടല പ്രഥമന്‍‌

എങ്ങനെ സംഭവിച്ചതെന്നറിയില്ല. ആ ഓണാവധിയില്‍‌ ഏറ്റവും അരസികേഷുവായ ഒരു മാമന്റെ (അമ്മയുടെ സഹോദരന്‍‌) വീട്ടില്‍‌ ഞാന്‍‌ ഒറ്റപ്പെട്ടുപോയി. എല്ലാപേരും ഓണാഘോഷം കാണുവാന്‍‌ പോയിരിക്കുന്നു. വീട്ടിലാണെങ്കില്‍‌ കറണ്ടുമില്ല. അതിശക്തമായ വിശപ്പ്. വലിയ മാനസിക അടുപ്പമില്ലാത്തതിനാല്‍‌ അമ്മാവനോട് ചോദിക്കുവാന്‍‌ മടി. ഒരു ചിമ്മിനിവിളക്കിന്റെ വെട്ടത്തില്‍‌, ‘പരീക്ഷ എളുപ്പമായിരുന്നോ?’ തുടങ്ങിയ മരുഭൂമി പോലുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍‌ ഒരു ഒന്‍പതാംക്ലാസുകാരന്‍‌ ‘ഇതില്‍ഭേദം സ്കൂളില്പോകുന്നതാണ്’ എന്നു ചിന്തിക്കുന്ന സമയം.

ഇതേസമയം മറ്റെല്ലാവരും നഗരത്തില്‍‌ ഓണാഘോഷം കണ്ടു രസിക്കുകയായിരിക്കുമെന്ന ചിന്തയുംകൂടിയായപ്പോള്‍‌ ദഹനരസങ്ങള്‍‌‌ അധികമായി ഉത്പാദിപ്പിക്കപ്പെട്ടു. അവസാനം ലജ്ജയുടെ മുളമറയെ വിശപ്പ് തള്ളിനീക്കിയ നിമിഷത്തില്‍‌, ‘എനിക്ക് വെശക്ക്ണ്’ എന്നങ്ങ് പറയുകയും, അത് പ്രതീക്ഷിച്ചിരുന്നെന്ന മട്ടില്‍‌ യാക്കിനെപ്പോലെ മാത്രം ചലിച്ചിരുന്ന അങ്കിള്‍ജി വാലില്‍‌ ചവിട്ടുകൊണ്ട നായകണക്കെ ചാടിയെണിറ്റ് അടുക്കളയിലേയ്ക്ക് പായുകയും ചെയ്തു.

ഇരുണ്ട വെളിച്ചത്തില്‍‌ തണുത്ത ഭക്ഷണം. നിരാശ തോന്നുന്ന കറികള്‍‌. എന്നാല്‍‌, സമീപത്തായി വലിയൊരു ഗ്ലാസില്‍‌ വച്ചിട്ടുള്ള കടല പ്രഥമന്‍‌ രസനാനാളികളെ ഉത്തേജിപ്പിച്ചു. ലാലാരസം വായില്‍‌ നിറഞ്ഞു. വീണ്ടും യാക്കിന്റെ ഭാവത്തിലേയ്ക്ക് കുടിയേറിയ അങ്കിളിനെ മറന്ന് ഞാന്‍‌ തണുത്ത ചോറ് വാരി വിഴുങ്ങി. ഇതൊക്കെ ഒന്നു തീര്‍ത്തിട്ടുവേണം കടലപ്പായസം കഴിക്കുവാന്‍‌. കൈ കഴുകാന്‍‌ നില്‍ക്കാതെ ഗ്ലാസെടുത്ത് ഒരു കമഴ്ത്ത്!

എന്തിനധികം! തണുത്ത, കങ്ങിയ ആ പരിപ്പുകറി തൊണ്ടയില്‍‌ കരിങ്കല്ലുപോലെ തടഞ്ഞു. മാമന്‍‌ എന്തു വിചാരിക്കും! ആദ്യ സിപ്പ് വിഴുങ്ങി. ഗ്ലാസ് താഴെ വച്ചപ്പോള്‍‌ അങ്കിളിന്റെ നിര്‍വികാരമായ ചോദ്യം: ‘പായസമെന്ന് വിചാരിച്ചു, അല്ലെ?’

‘അന്നം കൊടുത്ത അമ്മാവനെ സ്കൂള്‍‌ വിദ്യാര്‍ത്ഥി അമ്മികൊണ്ടിടിച്ചു കൊന്നു’ എന്ന തലവാചകം അടുത്ത ദിനത്തിലെ പത്രത്തില്‍‌ ഞാന്‍‌ കണ്ടു; പിന്നെ, അങ്ങനെയല്ല എന്ന മട്ടില്‍‌ തലയാട്ടി.
അപ്പോള്‍‌ അടുത്ത ചോദ്യം: ‘പരിപ്പ് ഇങ്ങനെ കഴിക്കാനാ നെനക്കിഷ്ടം?’

വിധവയാക്കപ്പെട്ട മാമിയുടെ നിലവിളി കര്‍ണപുടങ്ങളെ വിങ്ങിക്കവെ, ‘തന്നെ.... തന്നെ’ എന്ന് യാന്ത്രികമായി തലയാട്ടി, ഗ്ലാസ് വീണ്ടും ഞാന്‍ വായിലേയ്ക്കു കമഴ്ത്തി...

Friday 8 June 2007

മൂലധനം

വി.പി. സിങ് ഭരിക്കുന്ന കാലം. ചായക്കടയില്‍നിന്നും ബാര്‍ബര്‍ഷാപ്പില്‍നിന്നും രാഷ്ട്രീയ ചര്‍ച്ചകള്‍‌ കൂടുപൊട്ടിച്ച് പുറത്തുചാടി പടര്‍ന്നു പന്തലിച്ചു രണ്ടാള്‍‌ മുഖത്തുനോക്കിയാല്‍‌ രാഷ്ട്രീയം പറയുന്ന അവസ്ഥ. സംവരണം തന്നെ വിഷയം.

അതുപോലുള്ള ഒരു ചെറിയ വാക്കുതര്‍ക്കമായിരുന്നു തുടക്കത്തില്‍‌ അത്. ഒരാള്‍‌ കറകളഞ്ഞ മാര്‍ക്സിസ്റ്റുകാരന്‍‌. മറ്റൊരാള്‍‌ ശക്തനായ ജനതാദള്‍‌.
വിഷയം: സാമ്പത്തിക/ജാതി സംവരണവും.

ആളുകൂടി; ആവേശം കൂടി. സ്ടഡിക്ലാസിലെ വൈദഗ്ധ്യം വച്ച് മാര്‍ക്സിയന്‍വെട്ടുമായി വിപ്ലവകാരി മുന്നേറിയപ്പോള്‍‌ തടുക്കാന്‍‌ തത്ത്വശാസ്ത്രങ്ങളില്ലാതെ ദളം പതറി. ജനം പുച്ഛത്തോടെ നോക്കുന്നു; തോല്‍ക്കുന്നവന്റെ മേല്‍‌ ചവിട്ടിക്കേറാനുള്ള ആ കാലാതീതമായ ത്വരയോടെ.

നിസ്സഹായതയുടെ കയത്തില്‍‌ നീന്തിനടന്ന ജനതാക്കാരന്‍‌ പെട്ടെന്ന് ഒരുള്‍വിളിയാലെന്നപോലെ തിരിഞ്ഞു സഖാവിനെ തറപ്പിച്ചു നോക്കിയിട്ടൊരു ചോദ്യം:
"നീ ദാസ് കാപിറ്റല്‍‌ വായിച്ചിട്ടുണ്ടോടാ?"

സഖാവൊന്നമ്പരന്നു. സംവരണവുമായി ഈ പുസ്തകത്തിനെന്തു ബന്ധം? ഇനി അഥവാ ജര്‍മ്മനിയിലും ജാതി ഹിന്ദുക്കളുണ്ടോ? സ്റ്റഡിക്ലാസുകള്‍‌ മനസ്സിലിട്ടു മഥിച്ചിട്ട് യാതൊരു പരിഹാരവും കിട്ടാതെ, വെറുതെ വിഡ്ഡിയാകണ്ട എന്നുകരുതി "ഇല്ല" എന്നു പറഞ്ഞു.

"പിന്നെ നിന്നോട് സംസാരിച്ചിട്ടു കാര്യമില്ല." പ്രതീക്ഷിച്ച ഉത്തരം തന്നെ കിട്ടിയ ദള്‍കാരന്‍‌ തറപ്പിച്ചു പ്രസ്താവിച്ചു.

കേട്ടുനിന്നവര്‍ക്കൊരു കണ്‍ഫ്യൂഷന്‍‌. ‘ദാസ് കാപിറ്റല്‍‘ വായിക്കാത്ത സഖാവുമായി ചര്‍ച്ച വേണമോ വേണ്ടയോ? അതില്‍‌ സംവരണത്തെപ്പറ്റി വിശദീകരിച്ചുട്ടുണ്ടോ? വായിക്കാത്തത് അബദ്ധമായോ? എന്നിത്യാദി ചിന്തകളാല്‍‌ അവര്‍‌ ദള്‍കാരനെ ത്തന്നെ പിന്താങ്ങാന്‍‌ തീരുമാനിച്ചു.

ദാസ് കാപിറ്റല്‍‌ പഠിപ്പിച്ചിരുന്ന സ്ടഡിക്ലാസില്‍‌ കയറാതിരുന്നതിന് സ്വയം ശപിച്ച് സഖാവ് തലകുമ്പിട്ട് യാത്രയായി.

‘സംവരണ ചര്‍ച്ചയില്‍‌ മൂലധന വായനയുടെ പ്രാധാന്യം‘ എന്ന വിഷയം തുടര്‍ചര്‍ച്ചയായി ജനം ഏറ്റെടുക്കേ സോഷ്യലിസത്തിന് കമ്യൂണിസത്തിന്മേലുണ്ടാ‍യ വിജയം കാണാന്‍‌ ജെ.പി.യില്ലാത്തതോര്‍ത്ത് ജനതാദള്‍‌കാരന്‍‌ ദു:ഖിച്ചു.

Saturday 2 June 2007

ക്ഷേമനിധി

നാട്ടില്‍‌ തയ്യല്‍ത്തൊഴിലാളികളുടെ സമ്മേളനം നടക്കുകയാണ്. ക്ഷേമനിധി നടപ്പിലാക്കണമെന്നാണ് ആവശ്യം. നേതാവ് കത്തിക്കയറുകയാണ്:

നിങ്ങളൊന്നോര്‍ക്കണം... തെങ്ങില്‍ക്കയറുന്ന വെറും ചെത്തുതൊഴിലാളികള്‍ക്കിവിടെ ക്ഷേമനിധിയുണ്ട്; നോക്കുകൂലി വാങ്ങുന്ന അട്ടിമറിക്കാര്‍ക്ക് ക്ഷേമനിധിയുണ്ട്; വെറുതെ കത്തിയെടുത്ത് വീശുന്ന ബാര്‍ബര്‍മാര്‍ക്കിവിടെ ക്ഷേമനിധിയുണ്ട്...

എന്നാല്‍‌, അമ്മ പെങ്ങന്മാരെ, സഹോദരങ്ങളെ, ഞാന്‍ ചോദിക്കുകയാണ്, സൂചിയില്‍‌ നൂല്‍ കോര്‍ക്കുമ്പോള്‍‌ നൂല്‍‌ പൊട്ടി കൈവന്ന് നെഞ്ചിലിടിച്ച് നെഞ്ച് കലങ്ങുന്ന നമ്മുടെ തയ്യല്‍ത്തൊഴിലാളികള്‍ക്കിവിടെ ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ?

Thursday 31 May 2007

പ്രണയം വരുന്ന വഴികള്‍ - ആദ്യാനുരാഗം

അക്കാലത്ത് സ്കൂളുകളില്‍‌ ഈസിയെ എന്നൊരേര്‍പ്പാടുണ്ടായിരുന്നു. ഒരുപക്ഷേ നിങ്ങളും കേട്ടിരിക്കും.

വെള്ളിയാഴ്ച്ക ഉച്ച തിരിഞ്ഞാല്‍‌ അയല്‍ക്കാരുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച പൂക്കള്‍കൊണ്ട് മുക്കാലി ബോര്‍ഡ് അലങ്കരിക്കുക; തത്തമ്മയുടെ കടയില്‍നിന്നും വാങ്ങുന്ന പ്യാരി മുട്ടായി വിതരണം ചെയ്യുക; ചെറിയ നാടകമോ നൃത്തമോ അവതരിപ്പിക്കുക എന്നിവ ഇതിന്റെ ഭാഗമായിരുന്നു. എന്നിരിക്കിലും മുഖ്യ ആകര്‍ഷണം, പരിപാടി തുടങ്ങിയതില്പിന്നീട് ക്ലാസ് ഉണ്ടായിരിക്കില്ല എന്നതായിരുന്നു.

ജീവിതത്തില്‍‌ അവസാനമായി (ആദ്യമായും) നാടകത്തില്‍‌ അഭിനയിക്കുവാന്‍‌ കഴിഞ്ഞതും ഇത്തരമൊരു വേദിയിലായിരുന്നു.

ഈസിയെ - ഇതിന്റെ അര്‍ത്ഥം വളരെക്കാലത്തിനു ശേഷമാണ് പിടികിട്ടിയത്. (കളരിക്കു പുറത്തെ അഭ്യാസങ്ങള്‍‌) ഞങ്ങള്‍ക്ക് ചില സ്വാതന്ത്ര്യങ്ങള്‍‌ അനുവദിച്ചുതന്നിരുന്നു. കുറച്ച് അകലത്തേയ്ക്കു പോകുവാനും പൂക്കള്‍‌ ശേഖരിക്കുവാനും അങ്ങനെ പല വീടുകളും കാണുവാനും പലരുടെയും ചീത്തവിളി കേള്‍ക്കുവാനും ഭാഗ്യം കൈവന്നിട്ടുണ്ട്. ചിലര്‍‌ ചീറ്റപ്പുലികളാണെങ്കില്‍‌ ചിലര്‍‌ നിസ്സഹായതയോടെ നോക്കിനില്‍ക്കും. അപൂര്‍വം ചിലര്‍‌ പൂ പറിക്കാന്‍‌ സഹായിക്കുകയും ചെയ്യുമായിരുന്നു. മനുഷ്യന് അക്കാലത്തും വലിയ മാറ്റമില്ലായിരുന്നുവെന്ന് സാരം.

അന്നത്തെ ഈസിയെക്ക് ക്ലാസിലെ സ്റ്റാറായിരുന്ന, പാട്ടുപാ‍ടുന്ന - നൃത്തം ചെയ്യുന്ന - വട്ടമുഖത്ത് വലിയ കണ്ണുകളുള്ള, ഷൈലജ അമ്പരപ്പോടെ എന്നെ നോക്കി. ചുമതല അവള്‍ക്കാണ് സാര്‍‌ നല്‍കിയിരിക്കുന്നത്. ഗന്ധമാദനമെങ്കില്‍‌ അത് എന്ന മട്ടില്‍‌ ഞാന്‍‌ നിന്നു. എന്താണെന്നറിയില്ല; അവള്‍‌ കൂടി എന്നോടൊപ്പം വരാന്‍‌ തീരുമാനിച്ചു. അങ്ങനെ ജോണ്‍സണ്ണന്റെ വീട് ലക്ഷ്യമാക്കി ഞങ്ങള്‍‌ നീങ്ങി.

ഒരു ലോറിക്ക് ഒന്നുത്സാഹിച്ചാല്‍‌ കയറിപ്പോകുവാന്‍‌ കഴിയുന്ന റോഡരികിലായിരുന്നു ജോണ്‍സണ്ണന്റെ വീട്. അണ്ണന്റെ മകളായിരുന്നു, ഞങ്ങള്‍‌ ആദ്യം കാണുന്ന പരിഷ്ക്കാരിപ്പെണ്ണ്. ബോബ് ചെയ്യുക; വെട്ടാത്ത നഖത്തില്‍‌ നെയില്‍‌പോളീഷ് ഇടുക; കുളിക്കാതെ പൌഡറിട്ട് കാറില്‍‌ സഞ്ചരിക്കുക എന്നിത്യാദി പരിഷ്ക്കാരക്കൂട്ടുകള്‍‌ കൃത്യമായി പാലിച്ചിരുന്നു.

നാട്ടിലെ ക്രിസ്ത്യാനികളുടെ ആസ്ഥാന ചെടിയായ ബൊഗയ്ന്‍‌വിലിയയ്ക്ക് പുറമെ ധാരാളം പൂച്ചെടികള്‍‌ മുറ്റത്തുണ്ടായിരുന്നു. റോസ് നിറമുള്ള വീട്ടില്‍‌, "അല്ലിയാമ്പല്‍‌ കടവില്‍‌..." എന്ന പാട്ടുകേട്ട് തികച്ചും ക്രിസ്തീയയായിത്തന്നെ കാലം കഴിച്ചുപോന്നു, ആ സുന്ദരി.

മറ്റുള്ളവരെന്തുവിചാരിക്കും എന്നു കരുതി മുറ്റത്തു നടുന്ന ഒരു ചെമ്പരത്തിയില്‍‌ - ഏറിയാല്‍‌ ഒരു തെറ്റിയും രണ്ട് ജമന്തിയും - ഒടുങ്ങിയിരുന്നു, നാട്ടിലെ വീടുകളിലെ ഗാര്‍ഡനിങ്. മിക്ക ചെടികളും അവയുടെ ആയുസ്സിന്റെ ബലംകൊണ്ട് പിടിച്ചുനില്‍ക്കുന്നവയായിരിക്കും. എന്നാല്‍‌ ജോണ്‍സണ്ണന്റെ വീട്ടില്‍‌ കാര്യമായ പരിചരണത്തോടെ ചെടികള്‍‌ തിളിര്‍ത്ത്, വളര്‍ന്ന്‍‌, പൂത്തിരുന്നു.

ഇസിയെയ്ക്കുള്ള എന്റെ തുറുപ്പ് ഈ വീടായിരുന്നു. മറ്റുള്ളവര്‍‌ പൂവിനുവേണ്ടി പരക്കമ്പായുമ്പോള്‍‌ ഞാനിവിടെ വന്നു ആവശ്യത്തിന് ശേഖരിക്കുമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍‌, സുന്ദരി അലസമായി ജനാലയിലൂടെ നോക്കാറുണ്ടെന്നല്ലാതെ യാതൊരുവിധ പ്രതിക്ഷേധവും രേഖപ്പെടുത്തിയതായി രേഖകളില്ല.

ആരും കാണാനില്ലായിരുന്നെങ്കിലും എന്നാല്‍‌ നയിക്കപ്പെട്ട് ഷൈലജ വരുന്നതില്‍‌ അഭിമാനത്തോടെ ഞാന്‍‌ ചുവടുകള്‍‌ വച്ചു. സ്വന്തം വീട് എന്നപോലെ ഞാന്‍‌ ഗേറ്റ് തുറക്കാനൊരു ശ്രമം നടത്തി; പരാജിതനായി. പിന്നെ, പതിവുപോലെ, കടലാസുചെടിയുടെ ആക്രമണമില്ലാത്ത ഭാഗത്തെ മതിലിന്മേല്‍‌ ചാടിക്കയറി. അവിടെനിന്ന് ചെമ്പരത്തി, തൂക്കുചെമ്പരത്തി, മുളകുചെടിപ്പൂ എന്നിവ ആകുന്നത്ര ശേഖരിക്കാന്‍‌ തുടങ്ങി. ഓരോന്ന് പറിച്ചെടുത്ത് താഴെ നില്ക്കുന്ന ഷൈലജയ്ക്ക് കൊടുക്കും. പൂക്കളുടെ എണ്ണം കൂടുന്തോറും അവളുടെ കണ്ണുകള്‍‌ വികസിച്ചുവരാന്‍‌ തുടങ്ങി; ഓരോ തവണ പൂവ് കൈമാറുമ്പോഴും എന്റെ അനുരാഗവും.

ഉരുണ്ട മൂക്കിനു കീഴെ നനുത്ത മീശയില്‍‌ വിയര്‍പ്പു പൊടിഞ്ഞു നില്‍ക്കുന്നു. പാവം, നടന്നു ക്ഷീണിച്ചതാവാം. ആ സുന്ദരമുഖം വാടിയതിനു പകരമായി പരമാവധി പൂക്കള്‍‌ പറിച്ചുനല്‍കാന്‍‌ ഞാന്‍‌ മുന്നോട്ടാഞ്ഞു. എന്നാല്‍‌... ചെമ്പരത്തിയില്‍‌ കുടികിടപ്പവകാശം കിട്ടിയ, സ്വര്‍ഗത്തിലെ കട്ടുറുമ്പിന്റെ ഭൂമിയിലെ വേര്‍ഷന്‍‌ എന്റെ മേലാസകലം ഇക്കിളിയിട്ടു.

ഇതുവരെ ക്ഷമിച്ച വായനക്കാരേ, ഇങ്ങനെയൊരു പരിസമാപ്തി വന്നതിന് ഖേദിക്കുന്നു.

ജോണ്‍സണ്ണന്റെ വീടിലെ പച്ചവെളിച്ചെണ്ണ പുരട്ടി തണിര്‍ത്ത്, കരഞ്ഞു നിന്ന എന്നെ സ്കൂളില്‍നിന്ന് സാറുവന്ന് സ്കൂളിലെത്തിച്ചും, വീട്ടില്‍നിന്ന് ആളുവന്ന് വീട്ടിലെത്തിച്ചും രണ്ടുമൂന്ന് ദിവസം കിടക്കേണ്ട വകുപ്പുണ്ടാക്കി. ആ ദിനങ്ങളില്‍‌ ഞാന്‍‌ കണ്ട സ്വപ്നങ്ങളില്‍‌ ഷൈലജയുടെ തുടുത്ത മുഖമുണ്ടായിരുന്നില്ല; വരിയായി നീങ്ങുന്ന കട്ടുറുമ്പുകളായിരുന്നു നിറയെ...

Monday 28 May 2007

ഒരു പാട്ടുകാരന്റെ കഥ

ഗ്രീഷ്മം കത്തിനിന്ന ഒരു വൈകുന്നേരത്താണ് അയാള്‍‌ കുന്നിറങ്ങി വന്നത്. തേനോലുന്നതായിരുന്നു ആ സ്വരം. പുഴയുടെ ത്ധില്ലിശ്ചങ്കാരനാദത്തിന്റെ അകമ്പടിയോടെ അതവിടെ നിറഞ്ഞുനില്‍ക്കും.

രണ്ടു വലിയ കയങ്ങളും പാറക്കെട്ടുകളും‌ നിറഞ്ഞ, ഇങ്ലീഷിലെ ‘എല്‍‌’ രൂപത്തില്‍‌ ആറു തിരിയുന്നിടം അക്കാലത്ത് വൈകുന്നേരങ്ങളില്‍‌ നീരാടാനെത്തുന്നവരെക്കൊണ്ട് നിറയുമായിരുന്നു. ലോകബാങ്കിന്റെ കുടിവെള്ളപദ്ധതി നിലവില്‍‌ വന്നിരുന്നിരുന്നില്ല. കേബിള്‍‌ ചാനലുകളുമില്ലായിരുന്നു. റ്റി.വി. തന്നെ അപൂര്‍വ്വം.

പല പ്രണയങ്ങളും മൊട്ടിട്ടതും വിരിഞ്ഞതും പരിമളം പടര്‍ത്തിയതും ഇവിടെവച്ചായിരുന്നു. ഒരു നാടിന്റെ ആഘോഷകേന്ദ്രമായി വേനല്‍ക്കാലത്ത് ആ കടവുകള്‍‌ മാറി.

ആറിന്റെ മറുവശം മൊട്ടക്കുന്നാലും കരിമ്പനകളാലും ഒരു ഭയാനകത സൃഷ്ടിച്ചിരുന്നു. അതുവഴിയാണ് കഥാനായകന്‍‌ പ്രത്യക്ഷപ്പെട്ടിരുന്നത്.

കൃഷ്ണവര്‍ണ്ണം. ഉരുണ്ടുകളിക്കുന്ന മസിലുകള്‍‌. ചുരുണ്ട് തലയോട്ടിയോട് ചേര്‍ന്നു നില്‍ക്കുന്ന മുടി; വിടര്‍ന്ന കണ്ണുകള്‍; ചുവന്ന ചുണ്ട്‌. ആകെക്കൂടി ഒരു ഓടക്കുഴല്‍‌ മിസ്സിങ്ങാണെന്നു തോന്നും. അവധി ദിനങ്ങളില്‍‌ കൃത്യം 3.30ന് അയാള്‍‌ എത്തും. എന്നിട്ട് മറുവശത്തുള്ള കയത്തില്‍‌ കഴുത്തറ്റം മുങ്ങിനിന്ന് ആ സ്വരധാര ഗംഗാപ്രവാഹം നടത്തും.

സ്വാഭാവികമായും ഇപ്പുറത്തെ കടവിലെ പെണ്ണുങ്ങളുടെ ശ്രദ്ധ മുഴുവന്‍‌ അയാളിലായി. പലരും അയാളുടെ പുഴ സന്ദര്‍ശനത്തിനനുസരിച്ച് തങ്ങളുടെ നീരാട്ടിന്റെ സമയവും ക്രമീകരിച്ചു. പുരുഷപ്രജകള്‍ക്ക് കനത്ത അടി സമ്മാനിച്ചുകൊണ്ട്, വളയുന്ന പരുവത്തിലും ഒടിയുന്ന പരുവത്തിലും ഒക്കെ എത്താറായ പല നാരികളും പൈഡ് പൈപ്പറിന്റെ പുറകെ എലികള്‍‌ എന്നകണക്കെ തങ്ങളുടെ ഹൃദയങ്ങള്‍‌ അയാള്‍ക്കുപിന്നില്‍‌ അണിനിരത്തി.

അമ്മമാര്‍‌ സ്വന്തം മകനായും യുവതികള്‍‌ ഭാവിവരനായും കുട്ടിക‌ള്‍‌ ചേട്ടനായും അയാളെ സങ്കല്‍പ്പിക്കാന്‍‌ തുടങ്ങി. പല വീടുകളിലും അയാളെച്ചൊല്ലി സംഘര്‍ഷവും കുളിമുടക്കലും ഉണ്ടായി. പെണ്ണുങ്ങള്‍‌ അടക്കം പറയുന്നിടത്ത് കൂടെയില്ലാത്തവളുടെ പേര് അയാളോടൊപ്പം ചേര്‍ത്തുവച്ചു; എന്നിട്ട് മനസ്സില്‍‌ തങ്ങളെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഇതൊന്നുമറിയാതെ ആ ഗായകന്‍‌ പതിവുതെറ്റാതെ പാടി. ആരെയും ശ്രദ്ധിക്കാതെ, കല്‍ക്കെട്ടില്‍‌ വസ്ത്രമഴിച്ചുവച്ച്, തോര്‍ത്തുടുത്ത്, അയാള്‍‌ ജലാശയത്തിലേയ്ക്കിറങ്ങും. പിന്നെ അനന്തതയിലേയ്ക്കു നോ‍ക്കി, അകലെയെവിടെയോ മറഞ്ഞുനില്‍ക്കുന്ന പ്രണയിനിക്കു കേള്‍ക്കുവാനെന്ന മട്ടില്‍‌...

പെട്ടെന്നൊരുനാള്‍‌ അയാള്‍‌ അപ്രത്യക്ഷനായി. പുളിച്ച തെറിയും കൈപിരിക്കലും വൃഷണത്തില്‍‌ ഞെക്കും വേണ്ടിവന്നത്രെ!

മഴമേഘങ്ങള്‍‌ ഉരുണ്ടുകൂടിയ ആകാശത്തിനുകീഴെ, നാട്ടിലെ പെണ്ണുങ്ങള്‍‌ വിരസതയോടെ, പ്രതീക്ഷയോടെ, പുഴക്കടവില്‍‌ വീണ്ടും വസ്ത്രങ്ങള്‍‌ ഉണക്കി.

Wednesday 16 May 2007

വെള്ളപ്പൊക്കത്തില്‍‌

പിച്ചക്കാരി പട്ടുസാരി ഉടുത്തതുപോലെ, സിമന്റിട്ട മനോഹരമായ വരാന്തയായിരുന്നു ബാബുവിന്റെ വീടിനുണ്ടായിരുന്നത്. അമ്മയും 6 മക്കളില്‍‌ ഏറ്റവും ഇളയവനായ ബാബുവുമായിരുന്നു ആ വീട്ടിലെ താമസക്കാര്‍‌. തലമുറകളായി നിര്‍മ്മാണത്തൊഴിലാളികള്‍‌. പണിസ്ഥലത്തു നിന്നും ചോറ്റുപാത്രത്തില്‍‌ സിമന്റ് കടത്തിയാണ് കൈവരികെട്ടിയതെന്ന ആരോപണം അസൂയാലുക്കള്‍‌ നാട്ടില്‍‌ നിലനിര്‍ത്തിയിരുന്നു.

ദശനവിഹീനയെങ്കിലും നാടുമുഴുവന്‍‌ കേള്‍ക്കെ ഒച്ചയോടെ സംസാരിക്കുമായിരുന്ന ബാബുവിന്റെ അമ്മയും ഊര്‍ജ്ജസ്വലയായ കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായിരുന്നു.

അങ്ങനെ സന്തോഷത്തോടെ അവര്‍‌ ജീവിച്ചുവരവെ, അക്കൊല്ലം അസാധാരണമാംവിധം വെള്ളപ്പൊക്കമുണ്ടായി. പാറക്കെട്ടുകളെ വിഴുങ്ങി ആര്‍ത്തലച്ച് പായുകയാണ് പുഴ. വന്‍‌വൃക്ഷങ്ങളും കോഴിക്കൂടുകളും ആട്, പട്ടി തുടങ്ങിയ സചേതന വസ്ത്തുക്കളും ആറിലൂടെ താഴേയ്ക്കൊഴുകി. കാഴ്ച കാണാന്‍‌ ധാരാളം ആളുകള്‍‌.

ഒരു തേങ്ങ ഒഴുകിവന്നു. കുത്തൊഴുക്കിലേയ്ക്ക് ബാബു സധൈര്യം എടുത്തുചാടി. കരയില്‍‌ അമ്മയുടെ നിലവിളി: "എടാ ബാവൂ! കേറെടാ... പയലേ, നിന്നോടാണ് പറഞ്ഞത്... കേറെടാ! അയ്യോ... ആരെങ്കിലും ഓടിവരണേ. എന്റെ മോന്‍‌ പോയേ..."

വിലാപം ഉച്ചസ്ഥായിയിലായി. എന്തായാലും ഭാഗ്യത്തിന് അതൊഴുകിപ്പോയി. നാളികേരം നഷ്ടപ്പെട്ട ബാബു സങ്കടത്തോടെ തിരിഞ്ഞു നീന്താന്‍‌ തുടങ്ങി. ഞങ്ങള്‍‌ ദീര്‍ഘം നിശ്വസിച്ചു.

പെട്ടെന്ന് അമ്മയുടെ, ഹൃദയം നുറുങ്ങുന്ന അലര്‍ച്ച:
"ടാ‌.......... ബാ‍വൂ‍........ അതാ ഒരു തേങ്ങ; പിടിയെടാ!!!"

Tuesday 15 May 2007

പരിസ്ഥിതി പ്രവര്‍ത്തനം

മാമാങ്കങ്ങളുടെ മടിത്തട്ടില്‍‌ ജെസിബികള്‍‌ വാള്‍പ്പയറ്റുനടത്തുന്നതു കണ്ടു മടുത്ത പൊതുജനത്തിന് അതൊരു പുതുമ തന്നെയായിരുന്നു; ആസ്ഥാന പരിസ്ഥിതിപ്രേമികള്‍ക്ക് പ്രത്യേകിച്ചും. എന്തൊരു ചങ്കുറപ്പ്; എന്തൊരു വീക്ഷണം! ആ കുഗ്രാമത്തില്‍‌ അങ്ങനെയൊരു നീക്കം അവിശ്വസനീയമായിരുന്നു. കേരളത്തിലെ ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ഒത്തുചേര്‍ന്ന അപൂര്‍വ്വ സംഗമം. മണല്‍‌ മാഫിയയ്ക്കെതിരായ കരുത്തുറ്റ ചുവടുവയ്പ്പ്.

എല്ലാപേരുടെയും അഭിനന്ദനങ്ങള്‍‌ ഏറ്റുവാങ്ങി അഭിമാനത്തോടെ നില്‍ക്കുന്നു, സംഘാടകന്‍‌ നാരായണന്‍കുട്ടി. വന്‍‌തോക്കുകള്‍‌ കണ്ണടച്ചപ്പോള്‍‌, സ്വന്തം നാടിനെയും പുഴയെയും രക്ഷിക്കുവാനായി മുന്നിട്ടിറങ്ങിയ ആ ചെറുപ്പക്കാരനെ എല്ലാപേരും അഭിനന്ദനങ്ങളാല്‍‌ മൂടി. അധികം വിദ്യാഭ്യാസമില്ലാത്ത നാരായണന്‍കുട്ടി, എത്ര ആവേശത്തോടെയാണ് മണല്‍‌ മാഫിയയ്ക്കെതിരെ ആഞ്ഞടിക്കുന്നത്. പറഞ്ഞുവന്നപ്പോള്‍‌ ആവേശം മൂത്ത് അദ്ദേഹം ഇത്രയുംകൂടി പറഞ്ഞു:

"മണല്‍‌ വാര്ണത് പോട്ടേന്നെക്കാം... പക്ഷെ, അവര്ക്ക് അത് പോരല്ലോ... അവറ്റങ്ങള്‍ക്ക് ഓള് കുളിക്കിണേന്റെ ഫോട്ടോ എടുത്തേ പറ്റുള്ളുത്രെ! അങ്ങനെയിപ്പോ അവറ്റെ വെറുതെ വിടണ്ടാന്ന് ഞാനങ്ങ്ട് തീരുമാനിച്ചു."

Saturday 28 April 2007

റിക്രൂട്ട്മെന്റ്

വേനലവധിക്ക് വേറെ പണിയൊന്നുമില്ലാതിരുന്നതിനാലും ബന്ധുക്കള്‍‌ സഹിക്കുവാന്‍‌ തയ്യാറല്ലാതിരുന്നതിനാലും പകല്‍‌ മുഴുവന്‍‌ ആറില്‍‌ ചെലവഴിക്കലായിരുന്നു പതിവ്. ഓരോ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിലും സഹവിദ്യാര്‍ത്ഥികള്‍‌ അദ്ഭുതത്തോടെ നോക്കും - വേനലവധിക്ക് ഉടുപ്പില്‍‌ മഷികുടഞ്ഞിട്ട് പോയവന്‍‌ തന്നെയോ ഇത്? എന്ന മട്ടില്‍‌.

ആഫ്രോ-ഏഷ്യനില്‍‌ നിന്ന് സമ്പൂര്‍ണ്ണ കാപ്പിരിയിലേയ്ക്കുള്ള മെറ്റമോര്‍ഫസിസ്. പുഴയിലെ നീരാട്ടിന്റെ സംഭാവന.

അങ്ങനെ പത്തും കഴിഞ്ഞപ്പോള്‍‌ ഒരാശ. നേവിയില്‍‌ പേരെഴുതാന്‍‌ പോയാലോ? അതാകുമ്പോള്‍‌ അധികം ഉയരം വേണ്ട. മാത്രമല്ല, നീന്തല്‍‌ അവരായിട്ടിനി പഠിപ്പിച്ചുതരേണ്ടെന്ന ബോണസ് പോയിന്റുമുണ്ട്. (എസ് എസ് എല്‍‌ സി ബുക്ക് അവര്‍‌ നോക്കാതിരിക്കട്ടെ!) മൊത്തത്തില്‍‌ നോക്കിയാല്‍‌ കിട്ടാനുള്ള സാധ്യത ഏറെ. ബന്ധത്തിലെ നേവിക്കാരന്‍‌ പുട്ടിന് പീര കണക്കെ ഇങ്ഗ്ലീഷും ഹിന്ദിയും കലര്‍ത്തി മലയാളം പറയുന്നത് ആരാധനയോടെ നോക്കിനിന്നിട്ടുമുണ്ട്.

ഒരുത്തന്റെ ശല്യം കുറഞ്ഞാല്‍‌ അത്രയുമായി എന്ന മട്ടില്‍‌ വീട്ടുകാരും, ലീവിന് വരുമ്പോള്‍‌ ‘സ്വയമ്പന്‍‌ സാധനം’ കിട്ടുമെന്ന പ്രതീക്ഷയില്‍‌ കൂട്ടുകാരും ആശീര്‍വദിച്ച് അയച്ചു.

പ്രധാന വീഥിക്കരികിലായിരുന്നു റിക്രൂട്ടിങ്ങ് കേന്ദ്രം. പാതയോരത്ത് കൂറ്റന്‍‌ പീലിവാക തണല്‍‌വിരിച്ചിരിക്കുന്നു. ഗേറ്റിനു മുന്നില്‍‌ നിന്ന ജവാന്‍‌ എല്ലാപേരെയും പരിശോധിച്ച്, മാരകായുധങ്ങളില്ലെന്ന് ഉറപ്പുവരുത്തി, അകത്തേയ്ക്ക് കടത്തിവിട്ടു.

അകത്ത് ആജാനബാഹുവും സൌമ്യനുമായ ഒരു ഓഫീസറുടെ നേത്ര്ത്ത്വത്തില്‍‌ ഞങ്ങളെ വരിയായി നിറുത്തി. ഞാനായിരുന്നു ഏറ്റവും മുന്നില്‍‌. ഒരു പട്ടാളക്കാരന്‍‌ രണ്ടു തൂണുകള്‍ക്കു കുറുകെ കെട്ടിയ കയറിനു സമീപം നിന്ന് അതിനുള്ളിലേയ്ക്ക് കയറുവാന്‍‌ ആംഗ്യം കാട്ടി. കപ്പലിന്റെ കാബിന്റെ ഉയരമായിരിക്കും. അതിലെങ്ങാനും തല തട്ടിയാല്‍‌ നാവികനാകാന്‍‌ പറ്റില്ല! (കപ്പലില്‍‌ കുനിഞ്ഞു നില്‍ക്കേണ്ടിവരില്ലേ?) ഞാന്‍‌ ആത്മവിശ്വാസത്തോടെ മുന്നേറി. ഭാഗ്യം. എന്റെ തല ആ കയറിനടിയിലൂടെ സുഖമായി കടന്നുപോയി. പിന്നാലെ വന്നവരുടെ തല തട്ടിയതിനാല്‍‌ അവിടെ നിന്ന പട്ടാളക്കാരന്‍‌ അവരെ പിടിച്ചുമാറ്റുന്നത് എനിക്കു ഒളികണ്ണാലെ കാണാന്‍‌ കഴിഞ്ഞു.

പെട്ടെന്നതാ, മുന്നിലൂടെ ഒരു കെ എസ് ആര്‍‌ ടി സി ബസ് ചീറിപ്പാഞ്ഞു പോകുന്നു. ഞാന്‍‌ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍‌ അവിടെനിന്ന പട്ടാളക്കാരന്‍‌, പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ, പൊയ്ക്കൊള്ളാന്‍‌ കൈ കാണിക്കുന്നു.

അതെ, മറ്റൊരു ഗേറ്റിലൂടെ മെയ്ന്‍‌റോഡിലെത്തിയിരിക്കുകയാണ് ഞാന്‍‌! തലയ്ക്കുമേലെ, പീലിവാകയുടെ ശാഖകള്‍ തീര്‍ത്ത ആകാശവിതാനം കാറ്റില്‍‌ ഇളകിച്ചിരിക്കുന്നു. പൊള്ളുന്ന ടാറിലൂടെ ബസ് സ്റ്റോപ്പിലേയ്ക്ക് ഞാന്‍‌ ഒഴുകിനീങ്ങി; ചുഴിയിലകപ്പെട്ട, തകര്‍ന്ന യുദ്ധക്കപ്പല്‍‌ പോലെ.

Wednesday 25 April 2007

ചരമം

മധ്യകേരളത്തിലെ ഒരു ബോര്‍ഡ് ജീവനക്കാരന്റെ ആത്മഗതം: "ഓ! എന്നാ പറയാനാ... ആകെ ബോറാരുന്നെന്നേ. അപ്പഴാ അപ്പന്‍ കേറി ചത്തത്. പിന്നെ സ്വന്തക്കാരായി; ബന്ധക്കാരായി... പള്ളിയായി; പാട്ടക്കാരായി. എന്നായാലും മാസം രണ്ട് പോയിക്കിട്ടി..."

Saturday 21 April 2007

വരവു ചെലവ് കണക്ക്

കയറുമ്പോള്‍‌, ചിരിച്ചുല്ലസിച്ച് അവരിരിക്കുന്നതാണ് കണ്ട്ത്. രണ്ടു സുന്ദരിമാരും ഒരു യുവാവും. സംഭാഷണം ചോര്‍ന്നുകിട്ടിയതില്‍നിന്നും മൂന്നുപേരും ദില്ലി നിവാസികളാണെന്ന് മനസ്സിലായി. വനിതകള്‍‌ നൈറ്റിങ്ഗേലിന്റെ പിന്മുറക്കാര്‍‌. പയ്യന്‍‌ ഏതോ എംഎന്‍സിയിലും. സുന്ദരിമാര്‍‌ കൊഞ്ചിക്കുഴയുന്നു. ചെറുപ്പക്കാരന്‍‌ വണ്ടി നിറുത്തുന്ന മുറയ്ക്ക് പ്ലാറ്റ്ഫോമില്‍നിന്നും അല്ലാത്തപ്പോള്‍‌ പാന്ട്രിയില്‍നിന്നും അവര്‍ക്കാവശ്യമായ ചായ, വട, മറ്റനുസാരികള്‍‌ യാതൊരു മടിയും കൂടാതെ വാങ്ങി ന്‍ല്‍കുകയാണ്.

കൊച്ചുവര്‍ത്തമാനം, തട്ട്, തലോടല്‍‌....

ഞങ്ങള്‍‌, വിവേകമതികള്‍‌, പുച്ഛത്തോടെ അവരെ നോക്കുകയും കാലാ‍കാലങ്ങളില്‍‌ അവതരിക്കുന്ന ലോലഹ്യ്‌ദയന്മാരെ ഓര്‍ത്ത് പരിതപിക്കുകയും ചെയ്തു.

അവസാനം വണ്ടി തിരുവല്ലയിലെത്താറായി. പെണ്‍കുട്ടികള്‍‌ ഇരയെ പറ്റിച്ചതിലുള്ള അമിതാഹ്ലാദവും പുച്ഛവും അടക്കാനാകാതെ എന്തൊക്കെയോ പറഞ്ഞ് കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. പാവം യുവാവ് അവര്‍ക്ക് എന്തോ വാങ്ങാന്‍‌ പാന്‍‌ട്രിയിലേക്ക് പോയിരിക്കുന്നു.

ധര്‍മ്മരോഷത്തോടെ, എന്നാല്‍‌ വരണ്ട ചിരിയുമായി, ചിലര്‍‌ പെണ്‍കുട്ടികളെ നോക്കുകയും ‘അവന് വേറെ പണിയില്ലായിരുന്നോ!’ എന്ന് ഉച്ചത്തില്‍‌ ആത്മഗതിക്കുകയും ചൈയ്തു.

പയ്യന്‍സതാ നിറയെ പുഞ്ചിരിയുമായി രണ്ടുകയ്യിലും ചായയോടെ പ്രത്യക്ഷപ്പെടുന്നു. സുന്ദരികള്‍‌ കള്ളച്ചിരിയോടെ വാങ്ങിക്കുടിക്കുന്നു. ആത്മനിര്‍വ്രിതിയോടെ അത് നോക്കിയിരുന്ന ശേഷം അയാള്‍‌ പെട്ടെന്ന് പോക്കറ്റില്‍‌നിന്നും ഒരു ലിസ്റ്റെടുത്ത് ഉച്ചത്തില്‍‌ വായിക്കുവാന്‍‌ തുടങ്ങി:

" 22.1.1998 11 മണി ന്യൂഡല്‍ഹി റയില്‍‌വേ സ്റ്റേഷന്‍‌ - 2 ചായ 6 രൂ‍പ.
2 മണി ആഗ്രാ ‌ - ഊണ് രണ്ട് - 40 രൂപ
5 മണി ചംബല്‍‌ - രണ്ടു ചായയും രണ്ടു സമോസയും - 10 രൂപ
23.1.1998 രാവിലെ 9 മണി - ഇറ്റാര്‍സി - പൂരി സബ്ജി രണ്ട് - 30 രൂപ....."

എന്നു തുടങ്ങി തൊട്ടു മുന്‍പ് വാങ്ങിയ രണ്ടു ചാ‍യയുടെ കണക്കില്‍‌ എത്തിനിന്നപ്പോള്‍‌ പെണ്‍കുട്ടികള്‍‌ വിളറിവെളുത്തു. പയ്യന്‍സ് ഒരു കുലുക്കവുമില്ലാതെ രണ്ടുപേരില്‍നിന്നും പൈസ വാങ്ങി പോക്കറ്റിലിട്ട് മറ്റേതോ കമ്പാര്‍ട്ട്മെന്റിലേയ്ക്ക്. തലകുനിച്ചിരുന്ന പെണ്‍കുട്ടികള്‍‌ വണ്ടിനില്‍ക്കും മുന്‍പേ തിരുവല്ല സ്റ്റേഷനില്‍‌ ചാടിയിറങ്ങി മറഞ്ഞു.

Tuesday 10 April 2007

ജലജന്തു

സ്കൂളിനു സമീപമായിരുന്നു കുഞ്ഞുമോന്‍‌ ഹോട്ടല്‍‌. ജലജന്തു കിട്ടുന്ന ലോകത്തെ ഏകസ്ഥലം.

പഠിക്കുന്ന കാലത്ത്, അപൂര്‍വമായി ഈ ഹോട്ടലില്‍‌നിന്ന് ഭക്ഷണം കഴിക്കാന്‍‌ യോഗമുണ്ടാ‍യിട്ടുണ്ട്. ഒരു ദോശയ്ക്ക് - ദോശപ്പൊട്ടിന് - 15 പൈസയായിരുന്ന കാലം. കിട്ടുന്ന അലവന്‍സുകൊണ്ട് മൂന്നു ദോശ വാങ്ങി വിശപ്പടക്കുകയും മിച്ചം 5 പൈസ സീക്രട്ട് ഫണ്ടില്‍‌ ഉള്‍പ്പെടുത്തി പൊരിയുണ്ട, റബ്ബര്‍‌മുട്ടായി, പല്ലിമുട്ടായി ആദിയാ‍യവ വാങ്ങിക്കഴിക്കുകയുമായിരുന്നു പതിവ്.

പുരാതനമായ ഹോട്ടലിന്റെ അടുക്കളയെ ഒരു പനംതട്ടി മാത്രം വേര്‍തിരിച്ചിരുന്നതിനാല്‍‌, ഹോട്ടലിനകത്തെ ആകാശവും ഭൂമിയും ഒരുപോലെ ഇരുണ്ടിരുന്നു; വാഷ്ബേസിന്റെ താഴെക്കൂടെ ഒരു ഓട ഒഴുകുന്നുണ്ടായിരുന്നു. കൈകഴുകാന്‍‌ ചരുവത്തില്‍ നിറച്ചുവച്ച വെള്ളത്തില്‍‌ ഭക്ഷ്യാവശിഷ്ടങ്ങള്‍‌ പരല്‍മീനുകളെ കണക്കെ നീന്തിക്കളിച്ചു. കറുത്തിരുണ്ട ബഞ്ചുകള്‍ക്കു മുന്നിലെ കറുത്തിരുണ്ട ഡെസ്ക്കുകള്‍ക്കു മുകളില്‍‌ കറുത്തിരുണ്ട, വരണ്ടുണങ്ങിയ കൈകള്‍‌ ഞങ്ങള്‍ക്ക് ദോശ വിളമ്പിയിരുന്നു. തമോഗര്‍ത്തത്തില്‍‌ കൊള്ളിയാന്‍പോലെ മൊതലാളിയുടെ അനേകം സുന്ദരികളായ മക്കള്‍‌ വെള്ളിപ്പാദസരം കിലുക്കി ഒഴുകിനടന്നു.

കാലം കടന്നുപോയി. അതങ്ങനെതന്നെ വേണമല്ലോ. നാടിനൊപ്പം നാട്ടാരുടെ ദഹനേന്ദ്രിയങ്ങളും വളര്‍ന്നു. ഫാസ്റ്റ്ഫുഡ് മുതല്‍‌ ആഞ്ഞുപിടിച്ചാല്‍ കോണ്ടിനെന്റലും ചൈനീസും‌ വരെ ലഭിക്കുന്ന കടകള്‍‌. കുഞ്ഞുമോന്‍‌ഹോട്ടലും കാലത്തിനൊപ്പം രണ്ടു ചുവടുവച്ചു: കട റോഡിനപ്പുറത്തു നിന്നും ഇപ്പുറത്താക്കി; പേര് മണിയന്‍പിള്ളാസ് റ്റീഷോപ്പ് എന്നു മാറ്റി.

ബാക്കിയെല്ലം പഴയപടി. അധികകാലം ചെല്ലും മുന്‍പേ ഹോട്ടലിനകമെല്ലാം കറുപ്പിച്ചെടുത്തു. കറുത്ത മനുഷ്യര്‍‌ കറുത്ത ദോശയും പൊടി വിതറാത്ത ആമ്പ്ലേറ്റും വിളമ്പി. ആര് എന്ത് കഴിച്ചാലും 7 രൂപ മാത്രം കണക്കുകൂട്ടി വാങ്ങി മൊതലാളി തന്റെ കണക്ക് സാറിനെ സ്മരിച്ചു.

അറുപതിനു മുകളിലുള്ളവര്‍ക്കും ദാരിദ്ര്യവാസികള്‍ക്കും മാത്രമായി ഹോട്ടല്‍‌ ചുരുങ്ങി. പ്രധാന കാരണം മദ്യനിരോധനമായിരുന്നു. മദ്യം കഴിച്ചവര്‍ക്ക് ഭക്ഷണമില്ലെന്ന പോളിസി ഉണ്ടായിരുന്നെങ്കിലും ജലജന്തുവിനു പേരുകേട്ട ഈ ഹോട്ടല്‍‌ രണ്ടാംഗണത്തില്‍പ്പെട്ട ഞങ്ങള്‍ക്ക് ഗ്ര്ഹാതുരത്വമേകി.

എല്ലാരും തിരസ്ക്കരിച്ചതിനാല്‍‌ രസത്തില്‍ ചാടി മ്ര്ത്യു വരിച്ച പരിപ്പുവട, ഉഴുന്നുവട എന്നിത്യാദികളുടെ ട്രേഡ് മാര്‍ക്കായിരുന്നു ജലജന്തു. രസവടയുടെ അടര്‍ത്തിയെടുക്കുന്ന ഓരോ കഷണവും മാത്രുദേഹത്തോടൊട്ടിപ്പിടിക്കാനായി നേര്‍ത്ത വലക്കൈകള്‍‌ നീട്ടി നിലവിളിക്കും. അതു കണ്ടില്ലെന്നു നടിച്ച് രസത്തില്‍ കുഴച്ച് കഴിക്കലാണ് കസ്റ്റമറുടെ ധര്‍മ്മം.

കോഴ്സിലെ മറ്റു വിഭവങ്ങള്‍‌:

ആമ്പ്ലേറ്റ് (കുരുമുളക് പൊടി ഇല്ലാത്തത്) (സിങ്കിള്‍‌/ഡബിള്‍‌) - ഒന്ന്
കരിഞ്ഞ ദോശ - ആവശ്യാനുസരണം
ചമ്മന്തിക്കറി / രസം - "
പപ്പടം - രണ്ട്
ചായ - ഒന്ന്
പഴം (പാളയംതോടന്‍‌ / റോബസ്റ്റ) - ഒന്ന്
വില (കഴിച്ചതെന്തായാലും) - 7 രൂപ

മണിയന്‍പിള്ളാസ് റ്റീഷോപ്പ് ജൈത്രയാത്ര തുടരുകയാണ്.


പിന്‍‌കുറിപ്പ്: ചായക്കട കഥകള്‍ക്കു വിരുദ്ധമായി, മൊതലാളിയുടെ സുന്ദരിമാരായ മക്കള്‍‌ അച്ചടക്കത്തോടെ വളര്‍ന്ന്, മൊതലാളി കണ്ടെത്തിയവന്മാര്‍ക്കൊപ്പം സുഖജീവിതം നയിക്കുന്നു.

Saturday 7 April 2007

ഹണിമൂണ്‍‌ ട്രിപ്

കല്യാണം കഴിഞ്ഞ്, ഹണിമൂണ്‍‌ ട്രിപ്പിന് തയ്യാറായിക്കൊണ്ടിരുന്ന എന്നോട് അമ്മായിഅപ്പന്‍ (ഭാര്യയുടെ അച്ഛന്‍) ‌: "വീട്ടിലുണ്ടാക്കണ ഭക്ഷണവും കഴിച്ച് ഫ്രണ്ടില്‍‌ കാറ്റുംകൊണ്ടിരുന്നാലുള്ള സുഖം എവിടെപ്പോയാലും കിട്ടില്ല."

ഫണ്ടിങ്ങിന് അമ്മായിഅപ്പനെ പ്രതീക്ഷിച്ചിരുന്ന എനിക്കായി, ഹണിമൂണ്‍‌ ട്രിപ്പില്ലാത്ത ദാമ്പത്യം പിറന്നു.

Wednesday 4 April 2007

നെയ്യാറിന്റെ നിലവിളി



ഈ രണ്ടു ഫോട്ടോകള്‍, യാതൊരു മാനിപ്പുലേഷനുമില്ലാതെ, നെയ്യാര്‍ ഡാമിന്റെ അഭിമാനം വീണ്ടെടുക്കാന്‍ നല്‍കുന്നു. (പടം മറ്റു ബ്ലോഗുകളില്‍ കമന്റ് ആയി നല്‍കാന്‍ പറ്റില്ലെന്ന ധാരണയില്‍):


Thursday 29 March 2007

പാചകം

ഭാര്യയുടെ വകയിലൊരു വലിയച്ഛനും വലിയമ്മയും ഉണ്ടായിരുന്നു. വകയില്‍‌ എന്നെഴുതാന്‍‌ കാരണം അവര്‍‌ രണ്ടുപേരും സുന്ദരരായതിനാലാണ്.

എക്സ്പയറി ഡേറ്റ് കഴിഞ്ഞെങ്കിലും യുവമിഥുനങ്ങള്‍‌ കണക്കെ, ഒരിലയിലുണ്ട്, ഒരു കിടക്കയില്‍‌ ഉറങ്ങി, കാലംകഴിച്ചുപോകുകയായിരുന്ന ഇവര്‍‌ എന്റെ ദാമ്പത്ത്യജീവിത നഭസ്സിലെ ധൂമകേതുക്കളാവാന്‍‌ അധികം സമയം വേണ്ടിവന്നില്ല. എന്തിനും ഏതിനും ഭാര്യ, "വലിയച്ഛനെ നോക്ക്; വലിയച്ഛനെ നോക്ക്..." എന്നുരുവിടുക പതിവായി. ചുരുക്കത്തില്‍‌‌, ജീവിതത്തിന്റെ നന്മകളായ ജലപാനം, ജോലിസമയം കഴിഞ്ഞ് വായനോക്കി നടക്കല്‍‌, അമ്മായിഅപ്പനെ പുച്ഛിക്കല്‍‌ എന്നിത്യാദി പരിപാടികളൊന്നും നടത്താന്‍പാടില്ലെന്നായി.

ജീവിതമിങ്ങനെ സര്‍ക്കാര്‍ ഗസറ്റുപോലെ നീങ്ങവെ, കാര്യങ്ങളൊക്കെ ഉറപ്പിച്ചെടുക്കുവാനായി ഭാര്യ വലിയച്ഛന് ഒരു ട്രീറ്റ് നടത്തുവാന്‍‌ തീരുമാനിച്ചു. പതിവുപോലെ, ദിവസങ്ങള്‍ക്കുമുന്നേ കൂട്ടുകാരുമായി തീരുമാനമായ രഹസ്യ പാര്‍ട്ടിയുടെ അന്നുതന്നെ! അമ്മായിയുടെ സഹായത്തോടെ ഭാര്യ തകര്‍പ്പന്‍ പാചകം.

സുസ്മേരവദനനായി വലിയച്ഛന്‍‌. എന്തായാലും മുന്‍‌ജന്മ സുക്രുതം കൊണ്ട് വലിയമ്മ വന്നില്ല; അത്രയും ആ‍യി.

വിദഗ്ധരുടെ മേല്‍നോട്ടത്തില്‍‌ മെനക്കെട്ടുണ്ടാക്കിയ ഓരോ വിഭവവും വലിയ സ്നേഹത്തോടെ, വലിയ പ്രതീക്ഷയോടെ ഭാര്യ വിളമ്പാന്തുടങ്ങി. അസൂയ താങ്ങാനാവാതെ ഞാന്‍‌ ചുമരും ചാരി...

അപ്പോഴാണ് അതു സംഭവിച്ചത്. ഓരോ കറിയും വിളമ്പിയിട്ട്, "കൊള്ളാമോ വലിയച്ഛാ?" എന്നു ഭാര്യയുടെ പ്രതീക്ഷാനിര്‍ഭരമായ ചോദ്യം. നിഷ്ക്കളങ്കമായ മറുപടി: "ഉം... എന്നാലും ഭാനുമതി ഉണ്ടാക്കുന്നത്ര വരില്ല..."

ഭാര്യയുടെ കാറ്റ് പോയിക്കൊണ്ടിരുന്നു; ഞാന്‍‌ വലിയച്ഛന്റെ ഫാനായി മാറിക്കൊണ്ടും....

Friday 23 March 2007

ഒരു സ്ത്രീ വിദ്വേഷി ജനിക്കുന്നു

കുട്ടപ്പന്‍സാര്‍‌ - യഥാര്‍ത്ഥ പേരുതന്നെ - ജീവിതത്തിന്റെ ചരിത്രവഴികളിലൊരു കട്ടക്കാര മുള്ളുപോലെ. എന്റെ സാമൂഹ്യപാഠം വാധ്യാര്‍‌.

ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങള്‍‌ സര്‍ക്കാര്‍ വിലാസം എല്പി സ്കൂളില്‍‌ ചെലവഴിക്കുകയായിരുന്നു ഞാന്‍‌. അയലുപക്കത്തൊന്നും പെമ്പിള്ളാരില്ലാത്ത ദുഃഖം, സുകൂളിലെത്തി രാജേശ്വരിയെയും ശ്രീദേവിയെയും ഷൈലജയെയും ഉമൈബാനെയും കാണുമ്പോള്‍‌ മറക്കുമായിരുന്നു. (സഹപാഠന്മാരെ ആരോര്‍ക്കാന്‍‌!)

ഇക്കാലയളവില്‍‌ മൂത്രപ്പുര സന്ദര്‍ശനത്തിന് (അങ്ങനെയൊന്നില്ലായിരുന്നു; സ്കൂള്‍‌ അതിര്‍ത്തിയായ കല്‍ത്തിട്ടയില്‍നിന്ന് അന്യന്റെ പുരയിടത്തിലേയ്ക്ക് - കൂടുതല്‍‌ ഉയരത്തില്‍‌; കൂടുതല്‍‌ ദൂരത്തില്‍‌...) ഓരോ ഇടവേളകളിലും അവസരം ലഭിക്കുമായിരുന്നു.

ഈ സമയം ദുരുപയോഗപ്പെടുത്തി, റോഡില്‍പ്പോയി തത്തമ്മയുടെ കടയില്‍നിന്നും കളര്‍പ്പെന്‍സില്‍‌, പല്ലിമുട്ടായി എന്നിവ വാങ്ങുവാനായി ഷോപ്പിങ് നടത്തിപ്പോന്നു.
ചിലപ്പോള്‍‌ ഇതിന്റെ രസത്തില്‍‌ ബെല്ല് കേള്‍ക്കാതിരിക്കുക; തല്ല് കൊള്ളുക എന്നിത്യാദി സംഭവബഹുലതയും നടന്നിട്ടുണ്ട്.

ഒരു ദിവസം പര്‍ചേസ് കഴിഞ്ഞു വരുമ്പോള്‍‌ മുന്നില്‍‌ കുട്ടപ്പന്‍സാര്‍‌ വടിയുമായി. (എല്പിയിലെ അദ്ധ്യാപകരെല്ലാം സ്നേഹസമ്പന്നരും നല്ല അദ്ധ്യാപനശേഷിയുള്ളവരുമായിരുന്നെങ്കിലും കുട്ടപ്പന്‍സാറിനെ എന്തുകൊണ്ടോ എനിക്കത്ര പിടിച്ചിരുന്നില്ല.) ഞാന്‍‌ ആത്മവിശ്വാസത്തോടെ മുന്നേറി; പിന്നില്‍‌ എന്റെ സഹപാഠിനികളുണ്ടല്ലോ. പക്ഷേ, എനിക്കു തെറ്റി. "ബെല്ലടിച്ചത് കേട്ടില്ലേടാ..." എന്നലറിക്കൊണ്ട് തുടയില്‍‌ രണ്ടടി. വേദനകൊണ്ട് പുളയുമ്പോഴും, അവളുമാര്‍ക്കും കിട്ടുമല്ലോ എന്ന ആശ്വാസചിന്ത എനിക്കുണ്ടായി.

എന്നാല്‍‌ എന്റെ കണക്കുകൂട്ടലുകള്‍‌ തെറ്റിച്ചുകൊണ്ട്, വളരെ അലസമായി സംസാരിച്ചുവരുന്ന എന്റെ സഹപാഠിനികളെ വിടര്‍ന്നചിരിയോടെ സ്വീകരിച്ച് കുശലം പറഞ്ഞുവിടുകയാണ് കുട്ടപ്പന്‍സാര്‍‌ ചൈതത്.

എന്റെ ഞരമ്പുകള്‍‌ തിളച്ചു. എന്തൊരനീതി... വളരുമ്പോള്‍‌ പെമ്പിള്ളാരെ തല്ലുന്ന ഒരദ്ധ്യാപകനാകുമെന്ന് പ്രതിജ്ഞയെടുത്തു. യുദ്ധപ്രഖ്യാപനമെന്ന നിലയില്‍‌ ശ്രീദേവിക്ക് ഞാന്‍‌ നല്‍കിയ മഷിത്തണ്ടുചെടി തിരികെ വാങ്ങുകയും ചൈതു.
അവളുമാരോട് പോകാന്‍പറ; എവിടെ എന്റെ കൂട്ടുകാര്‍‌.....

Saturday 17 March 2007

പ്രണയ സല്ലാപം

അസൂയയായിരുന്നു, എനിക്കവരോട്. ഈ സുന്ദരിമാരെ ഇവരെങ്ങനെയാണ് തമാശ പറഞ്ഞ് ചിരിപ്പിക്കുന്നത്? എത്രനേരമാണ് അവര്‍‌ പൊട്ടിച്ചിരിച്ച് രസിക്കുന്നത്. കണ്ടില്ലേ, പാര്‍ക്കിന്റെ മൂലയില്‍‌ ഈച്ചയെ വകവെക്കാതെ അവള്‍‌ അവന്റെ തമാശ കേട്ട് വാ വലിച്ചുതുറന്നിരിക്കുന്നത്... ഇത്രയും സരസനാകന്‍‌ കഴിഞ്ഞില്ലെങ്കില്‍‌ ഒരു കാമുകിയെ തരപ്പെടുത്തുക അസാധ്യം.

ആകെ ദുഃഖിതനും നിരാശിതനുമായി കാലം കഴിക്കവേയാണ് ഒരുനാള്‍‌ എനിക്കതിനുള്ള അവസരമുണ്ടായത്; ചിരിപ്പിക്കുന്ന രഹസ്യത്തിന്റെ താക്കോല്‍‌ കണ്ടെടുക്കുവാന്‍‌!!

താങ്കളെ ഈ കമിതാക്കളുടെ - ഞാന്‍‌ ഒളിഞ്ഞുനിന്നു കേട്ട - സംഭാഷണത്തിലേയ്ക്ക് ക്ഷണിക്കുകയാണ്. രംഗം എവിടെയുമാകാം.

സുന്ദരി, കാമുകന്റെ വാക്കുകള്‍‌ കേട്ട് ഇക്കിളിവന്നപോലെ പൊട്ടിപ്പൊട്ടിച്ചിരിക്കുകയും അതിന്റെ ഇടവേളകളില്‍‌ മറുപടി പറയുകയുമാണ് :

കാ‍മുകന്‍‌: എന്താ‍ താമസിച്ചേ?
കാ‍മുകി : കി...കി...കി... ബസ് കിട്ടാന്‍‌ വൈകി....കി...കി...കി...
കാ‍മുകന്‍‌: ഞാനിവിടെ നിന്ന് ബോറടിച്ചു.
കാ‍മുകി : കി...കി...കി... കി...കി...കി...
കാ‍മുകന്‍‌: ഇന്ന് ക്ലാസില്‍‌ കേറുന്നില്ലേ?
കാ‍മുകി : കി...കി...കി... ഇന്ന് കട്ട് ചെയ്യാന്ന് വിചാരിച്ചു. കി...കി...കി...
കാ‍മുകന്‍‌: ഇന്നലെ ഗോപന്‍‌ ബസില്‍‌ വച്ച് നിന്നോടെന്താ പരഞ്ഞത്?
കാ‍മുകി : കി...കി...കി... കി...കി...കി...
കാ‍മുകന്‍‌: നീ അവനോട് സംസാരിക്കരുത്.
കാ‍മുകി : കി...കി...കി... അയാള്‍‌ ഇങ്ങോട്ട് കേറി മിണ്ടുന്നതാ.. കി...കി...കി...

കാമുകി ചിരി തുടരുകയാണ്. ഇതില്‍‌ തമാശയെവിടെ എന്നൊന്നും ചോദിക്കരുത്.
ഗുണപാഠമുണ്ട് താനും:

ഏറ്റവും ഗൌരവത്തോടെ, എന്തോ കള്ളം പറയുന്നെന്ന മട്ടില്‍‌ നാലുപാടും നോക്കിക്കൊണ്ട്, കാമുകിയോട് വായില്‍‌ത്തോന്നുന്നത് പറയാം... അവള്‍‌ ചിരിച്ചോളും; നാട്ടുകാര്‍‌ വിരണ്ടോളും.

Friday 16 March 2007

വിവാഹ വാര്‍ഷികം

My heart still hovering round about you
I thought I could not live without you;
Now we have lived three months asunder,
How I lived with you is the wonder...

- ഞങ്ങളുടെ അഞ്ചാം വിവാഹവാര്‍ഷിക ദിനം (15.03.2007) മുന്നില്‍ക്കണ്ട് ശ്രീമാന്‍ Robert Nugent പണ്ടെന്നോ എഴുതിയത്.

ആദ്യരാത്രി

ക്ലിക്കി വലുതാക്കി വായിക്കുവാനപേക്ഷ





Wednesday 14 March 2007

വിശുദ്ധ പ്രേമം

നടപ്പുദീനം, മുന്‍‌ബിരുദം - ബിരുദം - ബിരുദാനന്തര ബിരുദം ആയിരുന്നു. ക്ണ്ടും തുണ്ടും ഒക്കെ ബിരുദലോകത്തിലെത്തിപ്പെടുകയും കാലം കഴിക്കുകയും ചെയ്യുന്ന സമയം.
യ്യൌവനവും പ്രണയവും പതഞ്ഞുപൊന്തേണ്ട സമയത്ത് വെറുതെ ലോകകാര്യങ്ങള്‍‌ ചര്‍ച്ച ചെയ്ത് അമേരിക്കയെ പാഠം പഠിപ്പിക്കുവാനുറപ്പിച്ച് നീങ്ങുകയായിരുന്നു ഞങ്ങള്‍‌; പദം പദം ഉറച്ചങ്ങനെ.
എങ്കിലും, ഗ്രാമീണവിശുദ്ധിയും പേറി ‘ലോക്കല്‍‌’ ബസില്‍‌ വരുന്ന സുന്ദരി ഏകപക്ഷീയമായി ഹ്രുദയത്തില്‍‌ ഇടം നേടിയിരുന്നു. എരിതീയില്‍‌ (ഇറക്കുമതി ചെയ്ത) എണ്ണ പകര്‍ന്നുകൊണ്ട് സാറന്മാര്‍‌ കീറ്റ്സിനെയും ഷെല്ലിയെയും ഉദ്ധരിച്ചു.

അവളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി പിന്നത്തെ ശ്രമം. വലിയ പുരോഗതിയൊന്നും അക്കാര്യത്തിലുണ്ടായില്ലെങ്കിലും അനന്തപുരിയിലെ വിശുദ്ധ നദിയായ ആമയിഴഞ്ചാ‍ന്‍‌ തോടിനു സമീപം മൂക്കുപൊത്താതെ ഞാനവളെ യാത്രയാക്കാന്‍ നില്‍ക്കാറുണ്ടായിരുന്നു.

കാലംകഴിയവേ, എന്റെ ചിന്തകളും പ്രവ്രുത്തികളും അവളെ കേന്ദ്രീകരിച്ചായി. പറയാതെ വയ്യ. എന്നാല്‍‌ ധൈര്യം അതിനുമ്മാത്രം പോരാ...

കാമുകഹ്രുദയത്തിന്റെ വിങ്ങലുകളും പ്രതിസന്ധികളും മനസ്സിലാക്കാതെ അരസികേഷുക്കള്‍‌ ഞങ്ങളെ പറഞ്ഞുവിടാനുള്ള പരീക്ഷണം നടത്തി.

എന്റെ പ്രണയഭാജനത്തെ നിഷ്ഠൂരമായി അവര്‍‌ തോല്പിച്ചുകളഞ്ഞെന്ന സത്യം ലിസ്റ്റ് നോക്കി മനസ്സിലാക്കി തരിച്ചിരുന്നുപോയി.

ആയിടയ്ക്കാണ് ഐശ്വര്യദേവത കണക്കെ അവള്‍‌, പുണ്യവാഹിനിയായ ആമയിഴഞ്ചാ‍ന്‍‌ തോടിനു സമീപം ബസ് കാത്തുനില്‍ക്കുന്നത് കണ്ടത്. ഒന്നാശ്വസിപ്പിക്കണം; ഹ്ര്ദയം തുറന്ന് കാണിക്കണം എന്നിത്യാദി ആഗ്രഹങ്ങള്‍‌ അദമ്യമായിരുന്നതിനാല്‍‌ ഞാനവളുടെ അടുത്തേയ്ക്കു ചെന്നു. ഹ്രിദയം ഡ്രമ്മടിക്കുന്നു (ഒരു വ്യത്യസ്തതയ്ക്ക്).

ഒരു ഓപ്പണിങ്ങിനായി ആത്മാവില്‍‌ പരതി. അവസാനം... ഓ! ആ ചോദ്യം ചോദിക്കാ‍ന്‍‌ തോന്നിയ നിമിഷത്തെ ഞാന്‍‌ ശപിക്കട്ടെ. എന്താ‍യാലും സകല ധൈര്യവും സംഭരിച്ച് ഞാനവളോട് ചോദിച്ചു: "ജയിച്ചുവോ?" (ആര്യപുത്രീ എന്നു ധ്വനിപ്പിച്ചുകൊണ്ടായിരുന്നു ആ ചോദ്യം.) മറുപടി ഉടന്‍‌വന്നു:
"വ്വ്വാ! ഞാഞ് ജയ്‌ച്ച്; നീ ജയ്‌ച്ചാ?"

പ്രിയരെ, പ്രണയപരാജിതരുടെ ലിസ്റ്റില്‍‌ എന്റെ പേര്‍‌ കൂടി ചേര്‍ത്തോളൂ...

Monday 12 March 2007

‘ഇപ്പോള്‍‌ തോന്നിയ’ തമാ‍ശ

തരവന്‍‌ എന്ന് അന്യഭാഷയിലും ബ്രോക്കര്‍ എന്ന് മലയാളത്തിലും വിളിക്കപ്പെട്ടുവരുന്ന ജീവി, ഉപജീവനാര്‍ഥം പയ്യന്‍‌വീട്ടുകാരോട് ഇദി ഉവാച: "ഒരുഗ്രന്‍‌ കേസുണ്ട്. ഡോക്ടര്‍‌ കണ്ണുവച്ചതാണ്. പിടിച്ചാല്‍‌ നടക്കും."

പയ്യന്‍‌വീട്ടുകാര്‍ക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. ഡോക്ടര്‍ക്കു പോലും നടക്കാത്ത ഓഫറല്ലേ. കാര്യങ്ങള്‍‌ പെട്ടെന്നു നീങ്ങി.

വിവാഹപ്പിറ്റേന്ന് ബ്രോക്കര്‍ക്ക് പയ്യന്‍‌വക പൊതിരെ തല്ല് - ഒരന്ധയെ കെട്ടിച്ചുകൊടുത്തതിന്.

Friday 9 March 2007

സദാചാരം

കേരളത്തില്‍‌ ഐറ്റി കണ്ടുപിടിക്കാതിരുന്നതിനാല്‍‌ ചെറുപ്പക്കാര്‍‌ റിസോര്‍ട്ടില്‍‌ ചായയടിക്കാന്‍‌ നില്‍ക്കുന്ന കാലം.

മധ്യാഹ്നങ്ങളില്‍‌ മണിയന്‍‌ ഈച്ചയാണ്. സായിപ്പും മദാമ്മയുമെല്ലാം വെയിലുകായല്‍‌ മഹാമഹം നടത്തുന്നു.

വെറുതേ സായിപ്പിനെക്കാത്ത് ഇരിക്കുന്ന സമയത്താണ്‌ ആ കാഴ്ച. ഒരു ദേശി റ്റീനേജര്‍‌, അല്ലാത്ത പക്ഷം നടക്കാന്‍‌പോലും പ്രയാസമായ, മണല്‍ത്തിട്ടയെ ട്രാക്ക് & ഫീല്‍ഡ് മത്സരവേദി കണക്കെ പിന്നിട്ടു പായുന്നു. തൊട്ടുപിന്നാലെ സ്വാഭാവികമായും ഞാനൊരു ശ്വാനനെ പ്രതീക്ഷിച്ചു. എന്നാല്‍‌, ദേഹമാസകലം രോമാവ്രുതമായ, പഴുത്ത ചെമ്പിന്റെ നിറമുള്ള ഒരു വിദേശി അമറിക്കൊണ്ടുപായുന്നു! ആ വേഗം, ആ കുതിപ്പ്, വെട്ടിയൊഴിഞ്ഞും അലറിവിളിച്ചുമുള്ള കുതിച്ചു പായല്‍‌... മനുഷ്യന്റെ പരമാവധി വേഗം എത്ര? എന്നൊരു ചോയിസ്സില്ലാത്ത പി‌എസ്‌സി ചോദ്യംപോലെ മനസ്സില്‍‌ വിങ്ങി.

ഹൊ! സാമ്രാജ്യത്ത്വത്തിനു മുന്നില്‍‌ മൂന്നാം ലോകത്തിന് അടിപതറി.
വിചാരണ.
സായിപ്പിന്റെ ഭാര്യയുടെ പ്രദര്‍ശിപ്പിച്ചിരുന്ന ഭാഗങ്ങളില്‍‌ അവന്‍‌ തുറിച്ചുനോക്കുകയും ചില അംഗുലീമുദ്രകള്‍‌ കാട്ടുകയും ചെയ്തുവത്രെ. തപാലില്‍‌ കഥകളി പഠിച്ചിട്ടുള്ളതുകൊണ്ടാകാം, സായിപ്പിനു പിരിച്ചെടുക്കാന്‍‌ കഴിഞ്ഞു. ഫലമോ? നമ്മുടെ സോദ്ദേശകലാകാരന്‍‌ നിന്നു വിയര്‍ക്കുന്നു. അപ്പോഴേക്കും നായികയുമെത്തി.

പയ്യനതു ചെയ്തില്ലെങ്കില്‍‌ അവന് അടികൊടുക്കണമെന്ന് പൊതുജനാഭിപ്രായം സ്വരൂപിച്ചുകൊണ്ട്, ‘ഏതന്മാംസ വസാദി’യെന്ന് ആശ്വസിക്കാന്‍‌ അവസരം തരാതെ വെട്ടിത്തിളങ്ങി. ജനം - ഞാനും - ആവേശത്തോടെ മുന്നോട്ടാഞ്ഞു.

ഒത്തുതീര്‍പ്പു പ്രകാരം മദാമ്മ പയ്യന്റെ ചെകിടത്തടിക്കാന്‍‌ തീരുമാനമായി. കാഠിന്യം കുറച്ച്, എണ്ണം കൂട്ടി മദാ‍മ്മ അതു നടപ്പില്‍‌ വരുത്തുകയും ചെയ്തു. പയ്യന്‍‌ വലിഞ്ഞു മുറുകി നിലത്ത്.

സൂര്യന്‍‌ ഉച്ചസ്ഥായിയില്‍‌ നിന്നു പടിഞ്ഞാറേയ്ക്കു നിലമ്പതിച്ചു.

ഞങ്ങള്‍‌, ധര്‍മ്മംചരകള്‍, അസൂയയോടെ നെടുവീര്‍പ്പിട്ടു പിരിഞ്ഞു...

Thursday 8 March 2007

പെണ്ണുകാണല്‍

ക്ലിക്കി വലുതാക്കി വായിക്കാനപേക്ഷ.


പറയാതെപോയ പ്രണയങ്ങള്‍‌

ഒരു നിരീക്ഷണമാണേ. സത്യമിതായിരിക്കണമെന്ന് നിര്‍ബന്ധമില്ല. നന്നായി ദാമ്പത്യജീവിതം നയിക്കുന്നവരുടെ ഫ്ലാഷ് ബാക് ചികഞ്ഞുനോക്കിയിട്ടുണ്ടോ? മിക്കപേര്‍ക്കും സമാനമായ ഒരനുഭവം ഉണ്ടാകും - പറയാതെപോയ ഒരു പ്രണയബന്ധം.

പരസ്പരം അറിയാം സ്നേഹമാണെന്ന്. ഇടവഴിയില്‍ കണ്ടുമുട്ടുമ്പോള്‍, ബസില്‍ യാത്ര ചെയ്യുമ്പോള്‍, ഉത്സവപ്പറമ്പില്‍ മഞ്ഞുകൊള്ളുമ്പോള്‍.... അപ്പോഴൊക്കെ കണ്ണുകള്‍ കഥകള്‍ കൈമാറിയിട്ടുണ്ട്. എന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. എന്നിട്ട്, ഒരിക്കല്‍പോലും വാമൊഴിയില്‍ വെളിപ്പെടുത്താതെ, നോണ്‍‌വെര്‍ബലിനു പുല്ലുവില നല്‍‌കുന്ന സൊസൈറ്റിയില്‍‌ - പുസ്തകത്തളിഷ് മയില്‍പ്പീലിത്തുണ്ടുകള്‍‌ ഔട്ട് ഓഫ് ഫാഷനായെങ്കിലും അലന്‍‌പീസും ഡെസ്മ്ണ്ട് മോറിസും ഉദ്‌ധരിക്കപ്പെടാതിരുന്ന കാലത്ത് - വാക്കാല്‍‌ പറയുന്നതിനു മാത്രമേ വിലയുണ്ടായിരുന്നുള്ളൂ.

അല്ലെങ്കില്‍‌ പോസ്റ്റുമാനെ ആശ്രയിക്കണം. അതു വന്‍‌ റിസ്കുള്ള പണിയാണ്. ‘പ്രണയം സമരമാണ്’ എന്നൊന്നും കരുതുവതിഹ ചെയ്കവയ്യ. പെട്ടെന്നു ലീക്കാകാം, ഭാവിയില്‍‌വരെ തിരിച്ചടിക്കുള്ള ആയുധമാകാം എന്നിവ കൂടാതെ പോസ്റ്റുമാ‍ന്‍‌ ചെയ്യുന്ന ഒരു പാരയും അതിലുണ്ട്. ഇത്തരം പ്രണയങളില്‍‌ മിക്കവാറും സമീപവാസികളായിരിക്കും നായികാനായകന്മാര്‍‌. പോസ്റ്റുമാന്‍‌, എഴുതിയ ആളുടെ കൈവശം തന്നെ കത്തു കൊടുത്തിട്ട് "അവിടെ കൊടുത്തേക്കൂ" എന്നു പറയാനുള്ള സാധ്യത വളരെയേറെ. അരസികേഷുക്കളായിരുന്ന അമേരിക്കക്കാര്‍‌ അക്കാലത്ത് ഇന്റര്‍നെറ്റും ചാറ്റിങ്ങും ഇമെയിലും മൊബൈലും ഒന്നും തന്നു സഹായിച്ചതുമില്ല. (സാമ്രാജ്യത്വ ചാരന്മാ‍ര്‍‌! പോട്ടെ; അവന്മാര്‍ക്കു വേറെ വച്ചിട്ടുണ്ട്.)
അങ്ങനെ ഒരു സുപ്രഭാതത്തില്‍‌ ആ കല്യാണക്കുറി വീട്ടിലെത്തുന്നു. നെടുവീര്‍പ്പോടെ ആരാണാ ഭാഗ്യവാന്‍‌/ഭാഗ്യവതി എന്നു നോക്കിയിട്ട് വിവാഹദിനം നോട്ട് ചെയ്യുന്നു. സന്തോഷത്തോടെ സദ്യയില്‍‌ പങ്കെടുക്കുന്നു. ചിലപ്പോള്‍ ഗിഫ്റ്റ് കൊടുക്കുന്നു. മിക്കവാറും അതുണ്ടാകാറില്ല. അഞ്ചു പൈസ കൈയിലുണ്ടാവില്ല എന്നതുതന്നെ പ്രധാന കാര്യം. കുടുംബത്തോടെയാവും ക്ഷണമെന്നതിനാല്‍‌ നമുക്കു വലിയ റോളൊന്നും ഉണ്ടാകില്ലെന്നത് മറ്റൊരു സത്യം.

ആരോടും പരിഭവമില്ലാതെ, വില്ലന്റെ സാന്നിധ്യമില്ലതെ കരിഞ്ഞുപോകുന്ന പ്രണയങ്ങള്‍‌. പ്രണയം വെളിപ്പെടുത്താത്ത ആ ധൈര്യമില്ലായ്മ, അത് അവരുടെ പിന്നീടുള്ള ദാമ്പത്യത്തിനു തണലേകുന്നതായാണ് കാണുന്നത്. ഗാര്‍ഹികപീഡനത്തിന്റെ നിമിഷങ്ങളില്‍‌ ‘അയാളായിരുന്നെങ്കില്‍‌..... അവളായിരുന്നെങ്കില്‍‌.....‘ എന്നു നിനച്ച് ആശ്വസിക്കാന്‍‌ അവര്‍ക്കു കഴിയുന്നു.

പറയാന്‍‌ മറന്ന പ്രണയിനികള്‍ക്ക് മിക്കപ്പോഴും മ്മറ്റൊരു പ്രശ്നത്തെ നേരിടേണ്ടി വരാറുണ്ട്. അവര്‍‌ തമ്മില്‍ പറഞ്ഞില്ലെങ്കിലും നാട്ടുകാര്‍ക്കു മൊത്തം അതറിയാമായിരിക്കും എന്നതാണത്. ഇതു കറങ്ങിത്തിരിഞ്ഞ് ഭാര്യയുടെ/ഭര്‍ത്താവിന്റെ അടുത്തെത്താതിരിക്കില്ല. കൂടുതല്‍ പറയേണ്ടതില്ലല്ലോ. എങ്കിലും സഹനവും ക്ഷമയും കൂടുതല്‍‌ പ്രകടിപ്പിക്കുന്ന ഇവര്‍‌ മികച്ച രക്ഷിതാക്കളും ദമ്പതികളുമായാണ് കാണപ്പെടുന്നത്.
അടുത്ത ജന്മത്തിലും അവരുടെ പ്രണയം ലക്ഷ്യം കാണാതിരിക്കട്ടെയെന്ന് നമുക്ക് ആശംസിക്കാം.
(പി.എസ്. ജയനോടും പ്രസ് ക്ലബ്ബിലെ ഇരുണ്ട പകലിനോടും കടപ്പാട്.)

Monday 5 March 2007

ഗള്‍ഫുകാരന്റെ ആത്മഗതം

അതിസുന്ദരനും അറബി നാട്ടില്‍ ജോലിഉള്ളവനുമായ എന്റെ സുഹ്ര്ത്തിന്റ്റെ ആത്മഗതം: “റോഡില്‍ക്കൂടി പോകുന്നതിനെ കാണുമ്പം വീട്ടിലിരിക്കണതിനെ എടുത്ത് തോട്ടില്‍ എറിയാന്‍ തോന്നും.”

Thursday 1 March 2007

Welcome readers

Dears

I appologise for selecting this url which seems one who puts a family in trouble. Actually, what I mean is Well done, family (അടിച്ചുമിന്നുന്ന കുടുംബം). You are requested to stick on the second one.