Thursday, 29 March 2007

പാചകം

ഭാര്യയുടെ വകയിലൊരു വലിയച്ഛനും വലിയമ്മയും ഉണ്ടായിരുന്നു. വകയില്‍‌ എന്നെഴുതാന്‍‌ കാരണം അവര്‍‌ രണ്ടുപേരും സുന്ദരരായതിനാലാണ്.

എക്സ്പയറി ഡേറ്റ് കഴിഞ്ഞെങ്കിലും യുവമിഥുനങ്ങള്‍‌ കണക്കെ, ഒരിലയിലുണ്ട്, ഒരു കിടക്കയില്‍‌ ഉറങ്ങി, കാലംകഴിച്ചുപോകുകയായിരുന്ന ഇവര്‍‌ എന്റെ ദാമ്പത്ത്യജീവിത നഭസ്സിലെ ധൂമകേതുക്കളാവാന്‍‌ അധികം സമയം വേണ്ടിവന്നില്ല. എന്തിനും ഏതിനും ഭാര്യ, "വലിയച്ഛനെ നോക്ക്; വലിയച്ഛനെ നോക്ക്..." എന്നുരുവിടുക പതിവായി. ചുരുക്കത്തില്‍‌‌, ജീവിതത്തിന്റെ നന്മകളായ ജലപാനം, ജോലിസമയം കഴിഞ്ഞ് വായനോക്കി നടക്കല്‍‌, അമ്മായിഅപ്പനെ പുച്ഛിക്കല്‍‌ എന്നിത്യാദി പരിപാടികളൊന്നും നടത്താന്‍പാടില്ലെന്നായി.

ജീവിതമിങ്ങനെ സര്‍ക്കാര്‍ ഗസറ്റുപോലെ നീങ്ങവെ, കാര്യങ്ങളൊക്കെ ഉറപ്പിച്ചെടുക്കുവാനായി ഭാര്യ വലിയച്ഛന് ഒരു ട്രീറ്റ് നടത്തുവാന്‍‌ തീരുമാനിച്ചു. പതിവുപോലെ, ദിവസങ്ങള്‍ക്കുമുന്നേ കൂട്ടുകാരുമായി തീരുമാനമായ രഹസ്യ പാര്‍ട്ടിയുടെ അന്നുതന്നെ! അമ്മായിയുടെ സഹായത്തോടെ ഭാര്യ തകര്‍പ്പന്‍ പാചകം.

സുസ്മേരവദനനായി വലിയച്ഛന്‍‌. എന്തായാലും മുന്‍‌ജന്മ സുക്രുതം കൊണ്ട് വലിയമ്മ വന്നില്ല; അത്രയും ആ‍യി.

വിദഗ്ധരുടെ മേല്‍നോട്ടത്തില്‍‌ മെനക്കെട്ടുണ്ടാക്കിയ ഓരോ വിഭവവും വലിയ സ്നേഹത്തോടെ, വലിയ പ്രതീക്ഷയോടെ ഭാര്യ വിളമ്പാന്തുടങ്ങി. അസൂയ താങ്ങാനാവാതെ ഞാന്‍‌ ചുമരും ചാരി...

അപ്പോഴാണ് അതു സംഭവിച്ചത്. ഓരോ കറിയും വിളമ്പിയിട്ട്, "കൊള്ളാമോ വലിയച്ഛാ?" എന്നു ഭാര്യയുടെ പ്രതീക്ഷാനിര്‍ഭരമായ ചോദ്യം. നിഷ്ക്കളങ്കമായ മറുപടി: "ഉം... എന്നാലും ഭാനുമതി ഉണ്ടാക്കുന്നത്ര വരില്ല..."

ഭാര്യയുടെ കാറ്റ് പോയിക്കൊണ്ടിരുന്നു; ഞാന്‍‌ വലിയച്ഛന്റെ ഫാനായി മാറിക്കൊണ്ടും....

Friday, 23 March 2007

ഒരു സ്ത്രീ വിദ്വേഷി ജനിക്കുന്നു

കുട്ടപ്പന്‍സാര്‍‌ - യഥാര്‍ത്ഥ പേരുതന്നെ - ജീവിതത്തിന്റെ ചരിത്രവഴികളിലൊരു കട്ടക്കാര മുള്ളുപോലെ. എന്റെ സാമൂഹ്യപാഠം വാധ്യാര്‍‌.

ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങള്‍‌ സര്‍ക്കാര്‍ വിലാസം എല്പി സ്കൂളില്‍‌ ചെലവഴിക്കുകയായിരുന്നു ഞാന്‍‌. അയലുപക്കത്തൊന്നും പെമ്പിള്ളാരില്ലാത്ത ദുഃഖം, സുകൂളിലെത്തി രാജേശ്വരിയെയും ശ്രീദേവിയെയും ഷൈലജയെയും ഉമൈബാനെയും കാണുമ്പോള്‍‌ മറക്കുമായിരുന്നു. (സഹപാഠന്മാരെ ആരോര്‍ക്കാന്‍‌!)

ഇക്കാലയളവില്‍‌ മൂത്രപ്പുര സന്ദര്‍ശനത്തിന് (അങ്ങനെയൊന്നില്ലായിരുന്നു; സ്കൂള്‍‌ അതിര്‍ത്തിയായ കല്‍ത്തിട്ടയില്‍നിന്ന് അന്യന്റെ പുരയിടത്തിലേയ്ക്ക് - കൂടുതല്‍‌ ഉയരത്തില്‍‌; കൂടുതല്‍‌ ദൂരത്തില്‍‌...) ഓരോ ഇടവേളകളിലും അവസരം ലഭിക്കുമായിരുന്നു.

ഈ സമയം ദുരുപയോഗപ്പെടുത്തി, റോഡില്‍പ്പോയി തത്തമ്മയുടെ കടയില്‍നിന്നും കളര്‍പ്പെന്‍സില്‍‌, പല്ലിമുട്ടായി എന്നിവ വാങ്ങുവാനായി ഷോപ്പിങ് നടത്തിപ്പോന്നു.
ചിലപ്പോള്‍‌ ഇതിന്റെ രസത്തില്‍‌ ബെല്ല് കേള്‍ക്കാതിരിക്കുക; തല്ല് കൊള്ളുക എന്നിത്യാദി സംഭവബഹുലതയും നടന്നിട്ടുണ്ട്.

ഒരു ദിവസം പര്‍ചേസ് കഴിഞ്ഞു വരുമ്പോള്‍‌ മുന്നില്‍‌ കുട്ടപ്പന്‍സാര്‍‌ വടിയുമായി. (എല്പിയിലെ അദ്ധ്യാപകരെല്ലാം സ്നേഹസമ്പന്നരും നല്ല അദ്ധ്യാപനശേഷിയുള്ളവരുമായിരുന്നെങ്കിലും കുട്ടപ്പന്‍സാറിനെ എന്തുകൊണ്ടോ എനിക്കത്ര പിടിച്ചിരുന്നില്ല.) ഞാന്‍‌ ആത്മവിശ്വാസത്തോടെ മുന്നേറി; പിന്നില്‍‌ എന്റെ സഹപാഠിനികളുണ്ടല്ലോ. പക്ഷേ, എനിക്കു തെറ്റി. "ബെല്ലടിച്ചത് കേട്ടില്ലേടാ..." എന്നലറിക്കൊണ്ട് തുടയില്‍‌ രണ്ടടി. വേദനകൊണ്ട് പുളയുമ്പോഴും, അവളുമാര്‍ക്കും കിട്ടുമല്ലോ എന്ന ആശ്വാസചിന്ത എനിക്കുണ്ടായി.

എന്നാല്‍‌ എന്റെ കണക്കുകൂട്ടലുകള്‍‌ തെറ്റിച്ചുകൊണ്ട്, വളരെ അലസമായി സംസാരിച്ചുവരുന്ന എന്റെ സഹപാഠിനികളെ വിടര്‍ന്നചിരിയോടെ സ്വീകരിച്ച് കുശലം പറഞ്ഞുവിടുകയാണ് കുട്ടപ്പന്‍സാര്‍‌ ചൈതത്.

എന്റെ ഞരമ്പുകള്‍‌ തിളച്ചു. എന്തൊരനീതി... വളരുമ്പോള്‍‌ പെമ്പിള്ളാരെ തല്ലുന്ന ഒരദ്ധ്യാപകനാകുമെന്ന് പ്രതിജ്ഞയെടുത്തു. യുദ്ധപ്രഖ്യാപനമെന്ന നിലയില്‍‌ ശ്രീദേവിക്ക് ഞാന്‍‌ നല്‍കിയ മഷിത്തണ്ടുചെടി തിരികെ വാങ്ങുകയും ചൈതു.
അവളുമാരോട് പോകാന്‍പറ; എവിടെ എന്റെ കൂട്ടുകാര്‍‌.....

Saturday, 17 March 2007

പ്രണയ സല്ലാപം

അസൂയയായിരുന്നു, എനിക്കവരോട്. ഈ സുന്ദരിമാരെ ഇവരെങ്ങനെയാണ് തമാശ പറഞ്ഞ് ചിരിപ്പിക്കുന്നത്? എത്രനേരമാണ് അവര്‍‌ പൊട്ടിച്ചിരിച്ച് രസിക്കുന്നത്. കണ്ടില്ലേ, പാര്‍ക്കിന്റെ മൂലയില്‍‌ ഈച്ചയെ വകവെക്കാതെ അവള്‍‌ അവന്റെ തമാശ കേട്ട് വാ വലിച്ചുതുറന്നിരിക്കുന്നത്... ഇത്രയും സരസനാകന്‍‌ കഴിഞ്ഞില്ലെങ്കില്‍‌ ഒരു കാമുകിയെ തരപ്പെടുത്തുക അസാധ്യം.

ആകെ ദുഃഖിതനും നിരാശിതനുമായി കാലം കഴിക്കവേയാണ് ഒരുനാള്‍‌ എനിക്കതിനുള്ള അവസരമുണ്ടായത്; ചിരിപ്പിക്കുന്ന രഹസ്യത്തിന്റെ താക്കോല്‍‌ കണ്ടെടുക്കുവാന്‍‌!!

താങ്കളെ ഈ കമിതാക്കളുടെ - ഞാന്‍‌ ഒളിഞ്ഞുനിന്നു കേട്ട - സംഭാഷണത്തിലേയ്ക്ക് ക്ഷണിക്കുകയാണ്. രംഗം എവിടെയുമാകാം.

സുന്ദരി, കാമുകന്റെ വാക്കുകള്‍‌ കേട്ട് ഇക്കിളിവന്നപോലെ പൊട്ടിപ്പൊട്ടിച്ചിരിക്കുകയും അതിന്റെ ഇടവേളകളില്‍‌ മറുപടി പറയുകയുമാണ് :

കാ‍മുകന്‍‌: എന്താ‍ താമസിച്ചേ?
കാ‍മുകി : കി...കി...കി... ബസ് കിട്ടാന്‍‌ വൈകി....കി...കി...കി...
കാ‍മുകന്‍‌: ഞാനിവിടെ നിന്ന് ബോറടിച്ചു.
കാ‍മുകി : കി...കി...കി... കി...കി...കി...
കാ‍മുകന്‍‌: ഇന്ന് ക്ലാസില്‍‌ കേറുന്നില്ലേ?
കാ‍മുകി : കി...കി...കി... ഇന്ന് കട്ട് ചെയ്യാന്ന് വിചാരിച്ചു. കി...കി...കി...
കാ‍മുകന്‍‌: ഇന്നലെ ഗോപന്‍‌ ബസില്‍‌ വച്ച് നിന്നോടെന്താ പരഞ്ഞത്?
കാ‍മുകി : കി...കി...കി... കി...കി...കി...
കാ‍മുകന്‍‌: നീ അവനോട് സംസാരിക്കരുത്.
കാ‍മുകി : കി...കി...കി... അയാള്‍‌ ഇങ്ങോട്ട് കേറി മിണ്ടുന്നതാ.. കി...കി...കി...

കാമുകി ചിരി തുടരുകയാണ്. ഇതില്‍‌ തമാശയെവിടെ എന്നൊന്നും ചോദിക്കരുത്.
ഗുണപാഠമുണ്ട് താനും:

ഏറ്റവും ഗൌരവത്തോടെ, എന്തോ കള്ളം പറയുന്നെന്ന മട്ടില്‍‌ നാലുപാടും നോക്കിക്കൊണ്ട്, കാമുകിയോട് വായില്‍‌ത്തോന്നുന്നത് പറയാം... അവള്‍‌ ചിരിച്ചോളും; നാട്ടുകാര്‍‌ വിരണ്ടോളും.

Friday, 16 March 2007

വിവാഹ വാര്‍ഷികം

My heart still hovering round about you
I thought I could not live without you;
Now we have lived three months asunder,
How I lived with you is the wonder...

- ഞങ്ങളുടെ അഞ്ചാം വിവാഹവാര്‍ഷിക ദിനം (15.03.2007) മുന്നില്‍ക്കണ്ട് ശ്രീമാന്‍ Robert Nugent പണ്ടെന്നോ എഴുതിയത്.

ആദ്യരാത്രി

ക്ലിക്കി വലുതാക്കി വായിക്കുവാനപേക്ഷ

Wednesday, 14 March 2007

വിശുദ്ധ പ്രേമം

നടപ്പുദീനം, മുന്‍‌ബിരുദം - ബിരുദം - ബിരുദാനന്തര ബിരുദം ആയിരുന്നു. ക്ണ്ടും തുണ്ടും ഒക്കെ ബിരുദലോകത്തിലെത്തിപ്പെടുകയും കാലം കഴിക്കുകയും ചെയ്യുന്ന സമയം.
യ്യൌവനവും പ്രണയവും പതഞ്ഞുപൊന്തേണ്ട സമയത്ത് വെറുതെ ലോകകാര്യങ്ങള്‍‌ ചര്‍ച്ച ചെയ്ത് അമേരിക്കയെ പാഠം പഠിപ്പിക്കുവാനുറപ്പിച്ച് നീങ്ങുകയായിരുന്നു ഞങ്ങള്‍‌; പദം പദം ഉറച്ചങ്ങനെ.
എങ്കിലും, ഗ്രാമീണവിശുദ്ധിയും പേറി ‘ലോക്കല്‍‌’ ബസില്‍‌ വരുന്ന സുന്ദരി ഏകപക്ഷീയമായി ഹ്രുദയത്തില്‍‌ ഇടം നേടിയിരുന്നു. എരിതീയില്‍‌ (ഇറക്കുമതി ചെയ്ത) എണ്ണ പകര്‍ന്നുകൊണ്ട് സാറന്മാര്‍‌ കീറ്റ്സിനെയും ഷെല്ലിയെയും ഉദ്ധരിച്ചു.

അവളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി പിന്നത്തെ ശ്രമം. വലിയ പുരോഗതിയൊന്നും അക്കാര്യത്തിലുണ്ടായില്ലെങ്കിലും അനന്തപുരിയിലെ വിശുദ്ധ നദിയായ ആമയിഴഞ്ചാ‍ന്‍‌ തോടിനു സമീപം മൂക്കുപൊത്താതെ ഞാനവളെ യാത്രയാക്കാന്‍ നില്‍ക്കാറുണ്ടായിരുന്നു.

കാലംകഴിയവേ, എന്റെ ചിന്തകളും പ്രവ്രുത്തികളും അവളെ കേന്ദ്രീകരിച്ചായി. പറയാതെ വയ്യ. എന്നാല്‍‌ ധൈര്യം അതിനുമ്മാത്രം പോരാ...

കാമുകഹ്രുദയത്തിന്റെ വിങ്ങലുകളും പ്രതിസന്ധികളും മനസ്സിലാക്കാതെ അരസികേഷുക്കള്‍‌ ഞങ്ങളെ പറഞ്ഞുവിടാനുള്ള പരീക്ഷണം നടത്തി.

എന്റെ പ്രണയഭാജനത്തെ നിഷ്ഠൂരമായി അവര്‍‌ തോല്പിച്ചുകളഞ്ഞെന്ന സത്യം ലിസ്റ്റ് നോക്കി മനസ്സിലാക്കി തരിച്ചിരുന്നുപോയി.

ആയിടയ്ക്കാണ് ഐശ്വര്യദേവത കണക്കെ അവള്‍‌, പുണ്യവാഹിനിയായ ആമയിഴഞ്ചാ‍ന്‍‌ തോടിനു സമീപം ബസ് കാത്തുനില്‍ക്കുന്നത് കണ്ടത്. ഒന്നാശ്വസിപ്പിക്കണം; ഹ്ര്ദയം തുറന്ന് കാണിക്കണം എന്നിത്യാദി ആഗ്രഹങ്ങള്‍‌ അദമ്യമായിരുന്നതിനാല്‍‌ ഞാനവളുടെ അടുത്തേയ്ക്കു ചെന്നു. ഹ്രിദയം ഡ്രമ്മടിക്കുന്നു (ഒരു വ്യത്യസ്തതയ്ക്ക്).

ഒരു ഓപ്പണിങ്ങിനായി ആത്മാവില്‍‌ പരതി. അവസാനം... ഓ! ആ ചോദ്യം ചോദിക്കാ‍ന്‍‌ തോന്നിയ നിമിഷത്തെ ഞാന്‍‌ ശപിക്കട്ടെ. എന്താ‍യാലും സകല ധൈര്യവും സംഭരിച്ച് ഞാനവളോട് ചോദിച്ചു: "ജയിച്ചുവോ?" (ആര്യപുത്രീ എന്നു ധ്വനിപ്പിച്ചുകൊണ്ടായിരുന്നു ആ ചോദ്യം.) മറുപടി ഉടന്‍‌വന്നു:
"വ്വ്വാ! ഞാഞ് ജയ്‌ച്ച്; നീ ജയ്‌ച്ചാ?"

പ്രിയരെ, പ്രണയപരാജിതരുടെ ലിസ്റ്റില്‍‌ എന്റെ പേര്‍‌ കൂടി ചേര്‍ത്തോളൂ...

Monday, 12 March 2007

‘ഇപ്പോള്‍‌ തോന്നിയ’ തമാ‍ശ

തരവന്‍‌ എന്ന് അന്യഭാഷയിലും ബ്രോക്കര്‍ എന്ന് മലയാളത്തിലും വിളിക്കപ്പെട്ടുവരുന്ന ജീവി, ഉപജീവനാര്‍ഥം പയ്യന്‍‌വീട്ടുകാരോട് ഇദി ഉവാച: "ഒരുഗ്രന്‍‌ കേസുണ്ട്. ഡോക്ടര്‍‌ കണ്ണുവച്ചതാണ്. പിടിച്ചാല്‍‌ നടക്കും."

പയ്യന്‍‌വീട്ടുകാര്‍ക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. ഡോക്ടര്‍ക്കു പോലും നടക്കാത്ത ഓഫറല്ലേ. കാര്യങ്ങള്‍‌ പെട്ടെന്നു നീങ്ങി.

വിവാഹപ്പിറ്റേന്ന് ബ്രോക്കര്‍ക്ക് പയ്യന്‍‌വക പൊതിരെ തല്ല് - ഒരന്ധയെ കെട്ടിച്ചുകൊടുത്തതിന്.

Friday, 9 March 2007

സദാചാരം

കേരളത്തില്‍‌ ഐറ്റി കണ്ടുപിടിക്കാതിരുന്നതിനാല്‍‌ ചെറുപ്പക്കാര്‍‌ റിസോര്‍ട്ടില്‍‌ ചായയടിക്കാന്‍‌ നില്‍ക്കുന്ന കാലം.

മധ്യാഹ്നങ്ങളില്‍‌ മണിയന്‍‌ ഈച്ചയാണ്. സായിപ്പും മദാമ്മയുമെല്ലാം വെയിലുകായല്‍‌ മഹാമഹം നടത്തുന്നു.

വെറുതേ സായിപ്പിനെക്കാത്ത് ഇരിക്കുന്ന സമയത്താണ്‌ ആ കാഴ്ച. ഒരു ദേശി റ്റീനേജര്‍‌, അല്ലാത്ത പക്ഷം നടക്കാന്‍‌പോലും പ്രയാസമായ, മണല്‍ത്തിട്ടയെ ട്രാക്ക് & ഫീല്‍ഡ് മത്സരവേദി കണക്കെ പിന്നിട്ടു പായുന്നു. തൊട്ടുപിന്നാലെ സ്വാഭാവികമായും ഞാനൊരു ശ്വാനനെ പ്രതീക്ഷിച്ചു. എന്നാല്‍‌, ദേഹമാസകലം രോമാവ്രുതമായ, പഴുത്ത ചെമ്പിന്റെ നിറമുള്ള ഒരു വിദേശി അമറിക്കൊണ്ടുപായുന്നു! ആ വേഗം, ആ കുതിപ്പ്, വെട്ടിയൊഴിഞ്ഞും അലറിവിളിച്ചുമുള്ള കുതിച്ചു പായല്‍‌... മനുഷ്യന്റെ പരമാവധി വേഗം എത്ര? എന്നൊരു ചോയിസ്സില്ലാത്ത പി‌എസ്‌സി ചോദ്യംപോലെ മനസ്സില്‍‌ വിങ്ങി.

ഹൊ! സാമ്രാജ്യത്ത്വത്തിനു മുന്നില്‍‌ മൂന്നാം ലോകത്തിന് അടിപതറി.
വിചാരണ.
സായിപ്പിന്റെ ഭാര്യയുടെ പ്രദര്‍ശിപ്പിച്ചിരുന്ന ഭാഗങ്ങളില്‍‌ അവന്‍‌ തുറിച്ചുനോക്കുകയും ചില അംഗുലീമുദ്രകള്‍‌ കാട്ടുകയും ചെയ്തുവത്രെ. തപാലില്‍‌ കഥകളി പഠിച്ചിട്ടുള്ളതുകൊണ്ടാകാം, സായിപ്പിനു പിരിച്ചെടുക്കാന്‍‌ കഴിഞ്ഞു. ഫലമോ? നമ്മുടെ സോദ്ദേശകലാകാരന്‍‌ നിന്നു വിയര്‍ക്കുന്നു. അപ്പോഴേക്കും നായികയുമെത്തി.

പയ്യനതു ചെയ്തില്ലെങ്കില്‍‌ അവന് അടികൊടുക്കണമെന്ന് പൊതുജനാഭിപ്രായം സ്വരൂപിച്ചുകൊണ്ട്, ‘ഏതന്മാംസ വസാദി’യെന്ന് ആശ്വസിക്കാന്‍‌ അവസരം തരാതെ വെട്ടിത്തിളങ്ങി. ജനം - ഞാനും - ആവേശത്തോടെ മുന്നോട്ടാഞ്ഞു.

ഒത്തുതീര്‍പ്പു പ്രകാരം മദാമ്മ പയ്യന്റെ ചെകിടത്തടിക്കാന്‍‌ തീരുമാനമായി. കാഠിന്യം കുറച്ച്, എണ്ണം കൂട്ടി മദാ‍മ്മ അതു നടപ്പില്‍‌ വരുത്തുകയും ചെയ്തു. പയ്യന്‍‌ വലിഞ്ഞു മുറുകി നിലത്ത്.

സൂര്യന്‍‌ ഉച്ചസ്ഥായിയില്‍‌ നിന്നു പടിഞ്ഞാറേയ്ക്കു നിലമ്പതിച്ചു.

ഞങ്ങള്‍‌, ധര്‍മ്മംചരകള്‍, അസൂയയോടെ നെടുവീര്‍പ്പിട്ടു പിരിഞ്ഞു...

Thursday, 8 March 2007

പെണ്ണുകാണല്‍

ക്ലിക്കി വലുതാക്കി വായിക്കാനപേക്ഷ.


പറയാതെപോയ പ്രണയങ്ങള്‍‌

ഒരു നിരീക്ഷണമാണേ. സത്യമിതായിരിക്കണമെന്ന് നിര്‍ബന്ധമില്ല. നന്നായി ദാമ്പത്യജീവിതം നയിക്കുന്നവരുടെ ഫ്ലാഷ് ബാക് ചികഞ്ഞുനോക്കിയിട്ടുണ്ടോ? മിക്കപേര്‍ക്കും സമാനമായ ഒരനുഭവം ഉണ്ടാകും - പറയാതെപോയ ഒരു പ്രണയബന്ധം.

പരസ്പരം അറിയാം സ്നേഹമാണെന്ന്. ഇടവഴിയില്‍ കണ്ടുമുട്ടുമ്പോള്‍, ബസില്‍ യാത്ര ചെയ്യുമ്പോള്‍, ഉത്സവപ്പറമ്പില്‍ മഞ്ഞുകൊള്ളുമ്പോള്‍.... അപ്പോഴൊക്കെ കണ്ണുകള്‍ കഥകള്‍ കൈമാറിയിട്ടുണ്ട്. എന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. എന്നിട്ട്, ഒരിക്കല്‍പോലും വാമൊഴിയില്‍ വെളിപ്പെടുത്താതെ, നോണ്‍‌വെര്‍ബലിനു പുല്ലുവില നല്‍‌കുന്ന സൊസൈറ്റിയില്‍‌ - പുസ്തകത്തളിഷ് മയില്‍പ്പീലിത്തുണ്ടുകള്‍‌ ഔട്ട് ഓഫ് ഫാഷനായെങ്കിലും അലന്‍‌പീസും ഡെസ്മ്ണ്ട് മോറിസും ഉദ്‌ധരിക്കപ്പെടാതിരുന്ന കാലത്ത് - വാക്കാല്‍‌ പറയുന്നതിനു മാത്രമേ വിലയുണ്ടായിരുന്നുള്ളൂ.

അല്ലെങ്കില്‍‌ പോസ്റ്റുമാനെ ആശ്രയിക്കണം. അതു വന്‍‌ റിസ്കുള്ള പണിയാണ്. ‘പ്രണയം സമരമാണ്’ എന്നൊന്നും കരുതുവതിഹ ചെയ്കവയ്യ. പെട്ടെന്നു ലീക്കാകാം, ഭാവിയില്‍‌വരെ തിരിച്ചടിക്കുള്ള ആയുധമാകാം എന്നിവ കൂടാതെ പോസ്റ്റുമാ‍ന്‍‌ ചെയ്യുന്ന ഒരു പാരയും അതിലുണ്ട്. ഇത്തരം പ്രണയങളില്‍‌ മിക്കവാറും സമീപവാസികളായിരിക്കും നായികാനായകന്മാര്‍‌. പോസ്റ്റുമാന്‍‌, എഴുതിയ ആളുടെ കൈവശം തന്നെ കത്തു കൊടുത്തിട്ട് "അവിടെ കൊടുത്തേക്കൂ" എന്നു പറയാനുള്ള സാധ്യത വളരെയേറെ. അരസികേഷുക്കളായിരുന്ന അമേരിക്കക്കാര്‍‌ അക്കാലത്ത് ഇന്റര്‍നെറ്റും ചാറ്റിങ്ങും ഇമെയിലും മൊബൈലും ഒന്നും തന്നു സഹായിച്ചതുമില്ല. (സാമ്രാജ്യത്വ ചാരന്മാ‍ര്‍‌! പോട്ടെ; അവന്മാര്‍ക്കു വേറെ വച്ചിട്ടുണ്ട്.)
അങ്ങനെ ഒരു സുപ്രഭാതത്തില്‍‌ ആ കല്യാണക്കുറി വീട്ടിലെത്തുന്നു. നെടുവീര്‍പ്പോടെ ആരാണാ ഭാഗ്യവാന്‍‌/ഭാഗ്യവതി എന്നു നോക്കിയിട്ട് വിവാഹദിനം നോട്ട് ചെയ്യുന്നു. സന്തോഷത്തോടെ സദ്യയില്‍‌ പങ്കെടുക്കുന്നു. ചിലപ്പോള്‍ ഗിഫ്റ്റ് കൊടുക്കുന്നു. മിക്കവാറും അതുണ്ടാകാറില്ല. അഞ്ചു പൈസ കൈയിലുണ്ടാവില്ല എന്നതുതന്നെ പ്രധാന കാര്യം. കുടുംബത്തോടെയാവും ക്ഷണമെന്നതിനാല്‍‌ നമുക്കു വലിയ റോളൊന്നും ഉണ്ടാകില്ലെന്നത് മറ്റൊരു സത്യം.

ആരോടും പരിഭവമില്ലാതെ, വില്ലന്റെ സാന്നിധ്യമില്ലതെ കരിഞ്ഞുപോകുന്ന പ്രണയങ്ങള്‍‌. പ്രണയം വെളിപ്പെടുത്താത്ത ആ ധൈര്യമില്ലായ്മ, അത് അവരുടെ പിന്നീടുള്ള ദാമ്പത്യത്തിനു തണലേകുന്നതായാണ് കാണുന്നത്. ഗാര്‍ഹികപീഡനത്തിന്റെ നിമിഷങ്ങളില്‍‌ ‘അയാളായിരുന്നെങ്കില്‍‌..... അവളായിരുന്നെങ്കില്‍‌.....‘ എന്നു നിനച്ച് ആശ്വസിക്കാന്‍‌ അവര്‍ക്കു കഴിയുന്നു.

പറയാന്‍‌ മറന്ന പ്രണയിനികള്‍ക്ക് മിക്കപ്പോഴും മ്മറ്റൊരു പ്രശ്നത്തെ നേരിടേണ്ടി വരാറുണ്ട്. അവര്‍‌ തമ്മില്‍ പറഞ്ഞില്ലെങ്കിലും നാട്ടുകാര്‍ക്കു മൊത്തം അതറിയാമായിരിക്കും എന്നതാണത്. ഇതു കറങ്ങിത്തിരിഞ്ഞ് ഭാര്യയുടെ/ഭര്‍ത്താവിന്റെ അടുത്തെത്താതിരിക്കില്ല. കൂടുതല്‍ പറയേണ്ടതില്ലല്ലോ. എങ്കിലും സഹനവും ക്ഷമയും കൂടുതല്‍‌ പ്രകടിപ്പിക്കുന്ന ഇവര്‍‌ മികച്ച രക്ഷിതാക്കളും ദമ്പതികളുമായാണ് കാണപ്പെടുന്നത്.
അടുത്ത ജന്മത്തിലും അവരുടെ പ്രണയം ലക്ഷ്യം കാണാതിരിക്കട്ടെയെന്ന് നമുക്ക് ആശംസിക്കാം.
(പി.എസ്. ജയനോടും പ്രസ് ക്ലബ്ബിലെ ഇരുണ്ട പകലിനോടും കടപ്പാട്.)

Monday, 5 March 2007

ഗള്‍ഫുകാരന്റെ ആത്മഗതം

അതിസുന്ദരനും അറബി നാട്ടില്‍ ജോലിഉള്ളവനുമായ എന്റെ സുഹ്ര്ത്തിന്റ്റെ ആത്മഗതം: “റോഡില്‍ക്കൂടി പോകുന്നതിനെ കാണുമ്പം വീട്ടിലിരിക്കണതിനെ എടുത്ത് തോട്ടില്‍ എറിയാന്‍ തോന്നും.”

Thursday, 1 March 2007

Welcome readers

Dears

I appologise for selecting this url which seems one who puts a family in trouble. Actually, what I mean is Well done, family (അടിച്ചുമിന്നുന്ന കുടുംബം). You are requested to stick on the second one.