Thursday, 28 June 2007

നോണ്‍‌വെജ്ജ്

സോഷ്യലിസം അതിന്റെ സമസ്ത പ്രതാപത്തോടെയും വിളയാടിയിരുന്ന സ്ഥലമായിരുന്നു - അല്ല, ആണ് - ആ റെസ്ട്രൊന്റ്. അതിഥി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് - അത് ഐ.എ.എസ്. കാരനായാലും ശരി, അടിസ്ഥാന ശംബളക്കാരനായാലും ശരി - ഒരേ രീതിയിലുള്ള ‘സ്വീകരണമാണ്’ അവിടെ ലഭിച്ചിരുന്നത്.

സന്ധ്യ കഴിഞ്ഞാല്‍‌ അത്താഴ സമയം. എട്ടുമണി വരെയാണ് ‘നടത്തിപ്പുകാര്‍‌’ അനുവദിച്ചിട്ടുള്ള സമയം. എങ്കിലും നിയമം അനുവദിക്കാത്തതിനാല്‍‌ ‘താമസിച്ചു വരുന്ന...’, പ്രാസം ഒത്ത അഭിസംബോധനയ്ക്ക് പാത്രമാവുന്നവരെയും ‘സല്‍ക്കരിച്ചിരുന്നു.’

കഞ്ഞിയാണ് പ്രധാന വിഭവം. പയറും അച്ചാറുമൊക്കെ കൂട്ടിനുണ്ടാകും. പിഞ്ഞാണപാത്രങ്ങളില്‍‌ വിളമ്പുന്ന അവ അന്തേവാസികള്‍‌ ആവേശത്തോടെ കഴിച്ചുപോന്നു.

ദോഷം പറയരുതല്ലോ, സ്വാദിഷ്ടമായിരുന്നു വിഭവങ്ങള്‍‌. എല്ലാപേരും എന്തോ ദുരന്തത്തെ വരവേല്‍ക്കാനെന്ന മട്ടില്‍‌ നിശബ്ദരായി ഇരുന്ന് കഴിക്കും. കളിയില്ല; ചിരിയില്ല; പരസ്പരം മുഖത്തുപോലും നോക്കില്ല. ഹാളില്‍‌, പിഞ്ഞാണങ്ങളില്‍‌ സ്പൂണ്‍‌ തട്ടിയുണ്ടാകുന്ന, ജലതരംഗത്തെ അനുസ്മരിപ്പിക്കുന്ന, താളാത്മക ശബ്ദം മാത്രം.

അങ്ങനെയുള്ളൊരു സായാഹ്നത്തിലാണ് ആ ഉദ്യോഗസ്ഥന്‍‌ ഭക്ഷണം കഴിക്കുവാനായി അവിടെ വന്നിരുന്നത്. നാട്ടില്‍‌ പ്രതാപത്തോടെ വകുപ്പിനെ വിറപ്പിച്ച് വിരാജിക്കുന്നയാള്‍‌. എന്തിനും ഏതിനും ഓര്‍ഡര്‍ലികള്‍‌. മന്ത്രിമാര്‍‌പോലും ബഹുമാനത്തോടെ മാത്രം ഇടപെടുന്നായാള്‍‌...

ഇവിടെ വന്നപ്പോഴേ അത് ഫീല്‍‌ ചെയ്തു - ഒരു അവഗണന. പ്രത്യേകിച്ച് യാതൊരുവിധ ബഹുമാനപ്രകടനങ്ങളും - തല ചൊറിയല്‍‌, വിഡ്ഡിച്ചിരി, നട്ടെല്ലു വളച്ചുള്ള തൊഴല്‍‌ ആദിയായവ - ആരും പ്രകടിപ്പിച്ചുകണ്ടില്ല.

കാര്യങ്ങളങ്ങനെയായതിനാല്‍‌, ചെറിയൊരു കരുതലോടെയാണ് പെരുമാറിയത്. ഒഴിഞ്ഞ കസേര തന്നെ വിമാനത്താ‍വളത്തില്‍നിന്നും കൂട്ടിക്കൊണ്ടുവന്ന ആ ഡ്രൈവറുടെ അടുത്തു മാത്രം. ആരും എഴുന്നേറ്റുതരുമെന്ന് പ്രതീക്ഷിക്ക വയ്യ. കഴിഞ്ഞ രണ്ടുദിനങ്ങളിലെ അനുഭവം അതാണ്. തത്കാലം അയാളുടെ അടുത്ത് തന്നെ ഇരിക്കാന്‍‌ അദ്ദേഹം തീരുമാനിച്ചു. അയാളുടെ മുഖത്ത് ഒരു പരിഹാസച്ചിരിയുണ്ടോ? ഏയ്, തോന്നലാകും.

ഇരുന്നു. ഭാഗ്യം! താമസിയാതെ കഞ്ഞി വന്നു. സ്പൂണ്‍‌ മുക്കിയെടുത്തു. ഒരു പാറ്റ കയറിവന്നു. എന്തുചെയ്യും? ചുറ്റും നോക്കി. എല്ലാരും ഏകാഗ്രതയോടെ കഞ്ഞി കഴിക്കുന്നു. പതുക്കെ പാത്രത്തിലേയ്ക്കുതന്നെ തട്ടി. വിഷമം, സങ്കടം, ദേഷ്യം... എല്ലാംകൂടി ഒന്നും ചെയ്യാന്‍‌ പറ്റാത്ത അവസ്ഥയില്‍ സ്ഥംഭിച്ചിരിക്കുമ്പോള്‍‌ ഡ്രൈവറുടെ അടക്കിപ്പിടിച്ച ചോദ്യം:
“പാറ്റ കിട്ടി; അല്ലേ?”

അദ്യേം: “ഉം...”

ഡ്രൈവര്‍‌: “അവന്മാരറിയണ്ട; നോണ്‍‌വെജ്ജിന് ചാര്‍ജ് ചെയ്യും!”

കണ്ണില്‍‌ ഇരുട്ട് കയറിയ അദ്യേം മെല്ലെ പുറത്തേയ്ക്ക് നടന്നു; വിശപ്പ് ലേശവുമില്ലാതെ.

5 comments:

ചില നേരത്ത്.. said...

കഥ(?) വായിച്ചപ്പോള്‍ ആദ്യം കരുതിയത്, അബ്‌സേര്‍ഡിസം ചാലിച്ച് എഴുതിയതെന്നാണ്. അവസാനം പക്ഷേ മംഗളത്തിലെ തമാശയിലേക്കാണ് സന്നിവേശിപ്പിച്ചത് എന്നറിഞ്ഞപ്പോളും നന്നായി ആസ്വദിക്കാനൊത്തു. കേട്ട് മടുത്ത തമാശയെ ഒന്ന് പൊരിച്ചെടുത്തിരിക്കുന്നു (ഞാന്‍ നോണ്‍ വെജ് ആണ്, അതാണ് ഒരു അവര്‍ണ ഭാഷ ;)

ഉറുമ്പ്‌ /ANT said...

അറുബോറന്‍..........!! ക്ഷമിക്കണം കൂട്ടുകാരാ പറയാതിരിക്കനായില്ല.......

കുടുംബംകലക്കി said...

ചില നേരത്തേ, ഇത്രയൊക്കെപ്പറയാന്‍ അതിലുണ്ടോ? ആ പരാന്തിനുള്ളിലുള്ളത് ഇഷ്ടപ്പെട്ടു.
നന്ദി.
മനുജി, പുഞ്ചിരിക്കു പുഞ്ചിരി പൂച്ചെണ്ട്...
ഉറുമ്പേ, രാജാവ് ... അതാണ്! നന്ദി.

nothing said...

ikkatha munpu paranjathu orkunnu
attingal

കുടുംബംകലക്കി said...

നതിങ്, നതിങ് വില്‍ കം ഓഫ് നതിങ്...
സ്പീക് എഗയ്ന്‍!