Wednesday, 14 March 2007

വിശുദ്ധ പ്രേമം

നടപ്പുദീനം, മുന്‍‌ബിരുദം - ബിരുദം - ബിരുദാനന്തര ബിരുദം ആയിരുന്നു. ക്ണ്ടും തുണ്ടും ഒക്കെ ബിരുദലോകത്തിലെത്തിപ്പെടുകയും കാലം കഴിക്കുകയും ചെയ്യുന്ന സമയം.
യ്യൌവനവും പ്രണയവും പതഞ്ഞുപൊന്തേണ്ട സമയത്ത് വെറുതെ ലോകകാര്യങ്ങള്‍‌ ചര്‍ച്ച ചെയ്ത് അമേരിക്കയെ പാഠം പഠിപ്പിക്കുവാനുറപ്പിച്ച് നീങ്ങുകയായിരുന്നു ഞങ്ങള്‍‌; പദം പദം ഉറച്ചങ്ങനെ.
എങ്കിലും, ഗ്രാമീണവിശുദ്ധിയും പേറി ‘ലോക്കല്‍‌’ ബസില്‍‌ വരുന്ന സുന്ദരി ഏകപക്ഷീയമായി ഹ്രുദയത്തില്‍‌ ഇടം നേടിയിരുന്നു. എരിതീയില്‍‌ (ഇറക്കുമതി ചെയ്ത) എണ്ണ പകര്‍ന്നുകൊണ്ട് സാറന്മാര്‍‌ കീറ്റ്സിനെയും ഷെല്ലിയെയും ഉദ്ധരിച്ചു.

അവളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി പിന്നത്തെ ശ്രമം. വലിയ പുരോഗതിയൊന്നും അക്കാര്യത്തിലുണ്ടായില്ലെങ്കിലും അനന്തപുരിയിലെ വിശുദ്ധ നദിയായ ആമയിഴഞ്ചാ‍ന്‍‌ തോടിനു സമീപം മൂക്കുപൊത്താതെ ഞാനവളെ യാത്രയാക്കാന്‍ നില്‍ക്കാറുണ്ടായിരുന്നു.

കാലംകഴിയവേ, എന്റെ ചിന്തകളും പ്രവ്രുത്തികളും അവളെ കേന്ദ്രീകരിച്ചായി. പറയാതെ വയ്യ. എന്നാല്‍‌ ധൈര്യം അതിനുമ്മാത്രം പോരാ...

കാമുകഹ്രുദയത്തിന്റെ വിങ്ങലുകളും പ്രതിസന്ധികളും മനസ്സിലാക്കാതെ അരസികേഷുക്കള്‍‌ ഞങ്ങളെ പറഞ്ഞുവിടാനുള്ള പരീക്ഷണം നടത്തി.

എന്റെ പ്രണയഭാജനത്തെ നിഷ്ഠൂരമായി അവര്‍‌ തോല്പിച്ചുകളഞ്ഞെന്ന സത്യം ലിസ്റ്റ് നോക്കി മനസ്സിലാക്കി തരിച്ചിരുന്നുപോയി.

ആയിടയ്ക്കാണ് ഐശ്വര്യദേവത കണക്കെ അവള്‍‌, പുണ്യവാഹിനിയായ ആമയിഴഞ്ചാ‍ന്‍‌ തോടിനു സമീപം ബസ് കാത്തുനില്‍ക്കുന്നത് കണ്ടത്. ഒന്നാശ്വസിപ്പിക്കണം; ഹ്ര്ദയം തുറന്ന് കാണിക്കണം എന്നിത്യാദി ആഗ്രഹങ്ങള്‍‌ അദമ്യമായിരുന്നതിനാല്‍‌ ഞാനവളുടെ അടുത്തേയ്ക്കു ചെന്നു. ഹ്രിദയം ഡ്രമ്മടിക്കുന്നു (ഒരു വ്യത്യസ്തതയ്ക്ക്).

ഒരു ഓപ്പണിങ്ങിനായി ആത്മാവില്‍‌ പരതി. അവസാനം... ഓ! ആ ചോദ്യം ചോദിക്കാ‍ന്‍‌ തോന്നിയ നിമിഷത്തെ ഞാന്‍‌ ശപിക്കട്ടെ. എന്താ‍യാലും സകല ധൈര്യവും സംഭരിച്ച് ഞാനവളോട് ചോദിച്ചു: "ജയിച്ചുവോ?" (ആര്യപുത്രീ എന്നു ധ്വനിപ്പിച്ചുകൊണ്ടായിരുന്നു ആ ചോദ്യം.) മറുപടി ഉടന്‍‌വന്നു:
"വ്വ്വാ! ഞാഞ് ജയ്‌ച്ച്; നീ ജയ്‌ച്ചാ?"

പ്രിയരെ, പ്രണയപരാജിതരുടെ ലിസ്റ്റില്‍‌ എന്റെ പേര്‍‌ കൂടി ചേര്‍ത്തോളൂ...

2 comments:

ധ്വനി | Dhwani said...

സകല ധൈര്യവും സംഭരിച്ച് ഞാനവളോട് ചോദിച്ചു: "ജയിച്ചുവോ?" (ആര്യപുത്രീ എന്നു ധ്വനിപ്പിച്ചുകൊണ്ടായിരുന്നു ആ ചോദ്യം.) മറുപടി ഉടന്‍‌വന്നു:
"വ്വ്വാ! ഞാഞ് ജയ്‌ച്ച്; നീ ജയ്‌ച്ചാ?"

കലക്കന്‍ ക്ലൈമാക്സ്!!! എല്ലാറ്റിനും വിശുദ്ധ നദിയായ ആമയിഴഞ്ചാ‍ന്‍‌ തോടു സാക്ഷി!!!

ലിസ്റ്റില്‍ എന്റെ പേരിനു തൊട്ടുതാഴെ ചേര്‍ത്തിരിക്കുന്നു!!

കുടുംബംകലക്കി said...

ഞാന്‍ ക്രിതാര്‍ത്ഥനായി...