Saturday, 28 April 2007

റിക്രൂട്ട്മെന്റ്

വേനലവധിക്ക് വേറെ പണിയൊന്നുമില്ലാതിരുന്നതിനാലും ബന്ധുക്കള്‍‌ സഹിക്കുവാന്‍‌ തയ്യാറല്ലാതിരുന്നതിനാലും പകല്‍‌ മുഴുവന്‍‌ ആറില്‍‌ ചെലവഴിക്കലായിരുന്നു പതിവ്. ഓരോ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിലും സഹവിദ്യാര്‍ത്ഥികള്‍‌ അദ്ഭുതത്തോടെ നോക്കും - വേനലവധിക്ക് ഉടുപ്പില്‍‌ മഷികുടഞ്ഞിട്ട് പോയവന്‍‌ തന്നെയോ ഇത്? എന്ന മട്ടില്‍‌.

ആഫ്രോ-ഏഷ്യനില്‍‌ നിന്ന് സമ്പൂര്‍ണ്ണ കാപ്പിരിയിലേയ്ക്കുള്ള മെറ്റമോര്‍ഫസിസ്. പുഴയിലെ നീരാട്ടിന്റെ സംഭാവന.

അങ്ങനെ പത്തും കഴിഞ്ഞപ്പോള്‍‌ ഒരാശ. നേവിയില്‍‌ പേരെഴുതാന്‍‌ പോയാലോ? അതാകുമ്പോള്‍‌ അധികം ഉയരം വേണ്ട. മാത്രമല്ല, നീന്തല്‍‌ അവരായിട്ടിനി പഠിപ്പിച്ചുതരേണ്ടെന്ന ബോണസ് പോയിന്റുമുണ്ട്. (എസ് എസ് എല്‍‌ സി ബുക്ക് അവര്‍‌ നോക്കാതിരിക്കട്ടെ!) മൊത്തത്തില്‍‌ നോക്കിയാല്‍‌ കിട്ടാനുള്ള സാധ്യത ഏറെ. ബന്ധത്തിലെ നേവിക്കാരന്‍‌ പുട്ടിന് പീര കണക്കെ ഇങ്ഗ്ലീഷും ഹിന്ദിയും കലര്‍ത്തി മലയാളം പറയുന്നത് ആരാധനയോടെ നോക്കിനിന്നിട്ടുമുണ്ട്.

ഒരുത്തന്റെ ശല്യം കുറഞ്ഞാല്‍‌ അത്രയുമായി എന്ന മട്ടില്‍‌ വീട്ടുകാരും, ലീവിന് വരുമ്പോള്‍‌ ‘സ്വയമ്പന്‍‌ സാധനം’ കിട്ടുമെന്ന പ്രതീക്ഷയില്‍‌ കൂട്ടുകാരും ആശീര്‍വദിച്ച് അയച്ചു.

പ്രധാന വീഥിക്കരികിലായിരുന്നു റിക്രൂട്ടിങ്ങ് കേന്ദ്രം. പാതയോരത്ത് കൂറ്റന്‍‌ പീലിവാക തണല്‍‌വിരിച്ചിരിക്കുന്നു. ഗേറ്റിനു മുന്നില്‍‌ നിന്ന ജവാന്‍‌ എല്ലാപേരെയും പരിശോധിച്ച്, മാരകായുധങ്ങളില്ലെന്ന് ഉറപ്പുവരുത്തി, അകത്തേയ്ക്ക് കടത്തിവിട്ടു.

അകത്ത് ആജാനബാഹുവും സൌമ്യനുമായ ഒരു ഓഫീസറുടെ നേത്ര്ത്ത്വത്തില്‍‌ ഞങ്ങളെ വരിയായി നിറുത്തി. ഞാനായിരുന്നു ഏറ്റവും മുന്നില്‍‌. ഒരു പട്ടാളക്കാരന്‍‌ രണ്ടു തൂണുകള്‍ക്കു കുറുകെ കെട്ടിയ കയറിനു സമീപം നിന്ന് അതിനുള്ളിലേയ്ക്ക് കയറുവാന്‍‌ ആംഗ്യം കാട്ടി. കപ്പലിന്റെ കാബിന്റെ ഉയരമായിരിക്കും. അതിലെങ്ങാനും തല തട്ടിയാല്‍‌ നാവികനാകാന്‍‌ പറ്റില്ല! (കപ്പലില്‍‌ കുനിഞ്ഞു നില്‍ക്കേണ്ടിവരില്ലേ?) ഞാന്‍‌ ആത്മവിശ്വാസത്തോടെ മുന്നേറി. ഭാഗ്യം. എന്റെ തല ആ കയറിനടിയിലൂടെ സുഖമായി കടന്നുപോയി. പിന്നാലെ വന്നവരുടെ തല തട്ടിയതിനാല്‍‌ അവിടെ നിന്ന പട്ടാളക്കാരന്‍‌ അവരെ പിടിച്ചുമാറ്റുന്നത് എനിക്കു ഒളികണ്ണാലെ കാണാന്‍‌ കഴിഞ്ഞു.

പെട്ടെന്നതാ, മുന്നിലൂടെ ഒരു കെ എസ് ആര്‍‌ ടി സി ബസ് ചീറിപ്പാഞ്ഞു പോകുന്നു. ഞാന്‍‌ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍‌ അവിടെനിന്ന പട്ടാളക്കാരന്‍‌, പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ, പൊയ്ക്കൊള്ളാന്‍‌ കൈ കാണിക്കുന്നു.

അതെ, മറ്റൊരു ഗേറ്റിലൂടെ മെയ്ന്‍‌റോഡിലെത്തിയിരിക്കുകയാണ് ഞാന്‍‌! തലയ്ക്കുമേലെ, പീലിവാകയുടെ ശാഖകള്‍ തീര്‍ത്ത ആകാശവിതാനം കാറ്റില്‍‌ ഇളകിച്ചിരിക്കുന്നു. പൊള്ളുന്ന ടാറിലൂടെ ബസ് സ്റ്റോപ്പിലേയ്ക്ക് ഞാന്‍‌ ഒഴുകിനീങ്ങി; ചുഴിയിലകപ്പെട്ട, തകര്‍ന്ന യുദ്ധക്കപ്പല്‍‌ പോലെ.

4 comments:

G.manu said...

:)

Joymon | ജോയ് മോന്‍ | ஜோய் மோன் said...

എന്തായാലും ആദ്യറൌണ്ടില്‍ തന്നെ തിരിച്ചുവിട്ടത് നന്നായി.അത്രയും ഫീലിങ്സ് കുറയും.എന്നെപോലെ മൂന്നും നാലും റൌണ്ടിനുശേഷം പോരേണ്ടി വന്നില്ലല്ലോ... :-)

ആഷ | Asha said...

കെ എസ് ആര്‍ ടി സി ബസ്സിനു ഈ കഥയില്‍ എന്തു സംബന്ധം എന്നു വിചാരിച്ചു ആദ്യം.

സാരമില്ലന്നേ :)

കുടുംബംകലക്കി said...

മനുജി, നന്ദി.

ജോയ്മോന്‍, കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കും മുന്നേ പുറത്താകുന്നതിന്റെ ഒരു ഇതേ...

കിളിയെയും പ്രൈവറ്റ് ബസിനെയും ഞങ്ങള്‍ക്ക് അക്കാലത്ത് അലര്‍ജിയായിരുന്നു, ആഷ - ദേശസാല്‍ക്കരണം.

മൂന്നുപേര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.