Tuesday, 10 April 2007

ജലജന്തു

സ്കൂളിനു സമീപമായിരുന്നു കുഞ്ഞുമോന്‍‌ ഹോട്ടല്‍‌. ജലജന്തു കിട്ടുന്ന ലോകത്തെ ഏകസ്ഥലം.

പഠിക്കുന്ന കാലത്ത്, അപൂര്‍വമായി ഈ ഹോട്ടലില്‍‌നിന്ന് ഭക്ഷണം കഴിക്കാന്‍‌ യോഗമുണ്ടാ‍യിട്ടുണ്ട്. ഒരു ദോശയ്ക്ക് - ദോശപ്പൊട്ടിന് - 15 പൈസയായിരുന്ന കാലം. കിട്ടുന്ന അലവന്‍സുകൊണ്ട് മൂന്നു ദോശ വാങ്ങി വിശപ്പടക്കുകയും മിച്ചം 5 പൈസ സീക്രട്ട് ഫണ്ടില്‍‌ ഉള്‍പ്പെടുത്തി പൊരിയുണ്ട, റബ്ബര്‍‌മുട്ടായി, പല്ലിമുട്ടായി ആദിയാ‍യവ വാങ്ങിക്കഴിക്കുകയുമായിരുന്നു പതിവ്.

പുരാതനമായ ഹോട്ടലിന്റെ അടുക്കളയെ ഒരു പനംതട്ടി മാത്രം വേര്‍തിരിച്ചിരുന്നതിനാല്‍‌, ഹോട്ടലിനകത്തെ ആകാശവും ഭൂമിയും ഒരുപോലെ ഇരുണ്ടിരുന്നു; വാഷ്ബേസിന്റെ താഴെക്കൂടെ ഒരു ഓട ഒഴുകുന്നുണ്ടായിരുന്നു. കൈകഴുകാന്‍‌ ചരുവത്തില്‍ നിറച്ചുവച്ച വെള്ളത്തില്‍‌ ഭക്ഷ്യാവശിഷ്ടങ്ങള്‍‌ പരല്‍മീനുകളെ കണക്കെ നീന്തിക്കളിച്ചു. കറുത്തിരുണ്ട ബഞ്ചുകള്‍ക്കു മുന്നിലെ കറുത്തിരുണ്ട ഡെസ്ക്കുകള്‍ക്കു മുകളില്‍‌ കറുത്തിരുണ്ട, വരണ്ടുണങ്ങിയ കൈകള്‍‌ ഞങ്ങള്‍ക്ക് ദോശ വിളമ്പിയിരുന്നു. തമോഗര്‍ത്തത്തില്‍‌ കൊള്ളിയാന്‍പോലെ മൊതലാളിയുടെ അനേകം സുന്ദരികളായ മക്കള്‍‌ വെള്ളിപ്പാദസരം കിലുക്കി ഒഴുകിനടന്നു.

കാലം കടന്നുപോയി. അതങ്ങനെതന്നെ വേണമല്ലോ. നാടിനൊപ്പം നാട്ടാരുടെ ദഹനേന്ദ്രിയങ്ങളും വളര്‍ന്നു. ഫാസ്റ്റ്ഫുഡ് മുതല്‍‌ ആഞ്ഞുപിടിച്ചാല്‍ കോണ്ടിനെന്റലും ചൈനീസും‌ വരെ ലഭിക്കുന്ന കടകള്‍‌. കുഞ്ഞുമോന്‍‌ഹോട്ടലും കാലത്തിനൊപ്പം രണ്ടു ചുവടുവച്ചു: കട റോഡിനപ്പുറത്തു നിന്നും ഇപ്പുറത്താക്കി; പേര് മണിയന്‍പിള്ളാസ് റ്റീഷോപ്പ് എന്നു മാറ്റി.

ബാക്കിയെല്ലം പഴയപടി. അധികകാലം ചെല്ലും മുന്‍പേ ഹോട്ടലിനകമെല്ലാം കറുപ്പിച്ചെടുത്തു. കറുത്ത മനുഷ്യര്‍‌ കറുത്ത ദോശയും പൊടി വിതറാത്ത ആമ്പ്ലേറ്റും വിളമ്പി. ആര് എന്ത് കഴിച്ചാലും 7 രൂപ മാത്രം കണക്കുകൂട്ടി വാങ്ങി മൊതലാളി തന്റെ കണക്ക് സാറിനെ സ്മരിച്ചു.

അറുപതിനു മുകളിലുള്ളവര്‍ക്കും ദാരിദ്ര്യവാസികള്‍ക്കും മാത്രമായി ഹോട്ടല്‍‌ ചുരുങ്ങി. പ്രധാന കാരണം മദ്യനിരോധനമായിരുന്നു. മദ്യം കഴിച്ചവര്‍ക്ക് ഭക്ഷണമില്ലെന്ന പോളിസി ഉണ്ടായിരുന്നെങ്കിലും ജലജന്തുവിനു പേരുകേട്ട ഈ ഹോട്ടല്‍‌ രണ്ടാംഗണത്തില്‍പ്പെട്ട ഞങ്ങള്‍ക്ക് ഗ്ര്ഹാതുരത്വമേകി.

എല്ലാരും തിരസ്ക്കരിച്ചതിനാല്‍‌ രസത്തില്‍ ചാടി മ്ര്ത്യു വരിച്ച പരിപ്പുവട, ഉഴുന്നുവട എന്നിത്യാദികളുടെ ട്രേഡ് മാര്‍ക്കായിരുന്നു ജലജന്തു. രസവടയുടെ അടര്‍ത്തിയെടുക്കുന്ന ഓരോ കഷണവും മാത്രുദേഹത്തോടൊട്ടിപ്പിടിക്കാനായി നേര്‍ത്ത വലക്കൈകള്‍‌ നീട്ടി നിലവിളിക്കും. അതു കണ്ടില്ലെന്നു നടിച്ച് രസത്തില്‍ കുഴച്ച് കഴിക്കലാണ് കസ്റ്റമറുടെ ധര്‍മ്മം.

കോഴ്സിലെ മറ്റു വിഭവങ്ങള്‍‌:

ആമ്പ്ലേറ്റ് (കുരുമുളക് പൊടി ഇല്ലാത്തത്) (സിങ്കിള്‍‌/ഡബിള്‍‌) - ഒന്ന്
കരിഞ്ഞ ദോശ - ആവശ്യാനുസരണം
ചമ്മന്തിക്കറി / രസം - "
പപ്പടം - രണ്ട്
ചായ - ഒന്ന്
പഴം (പാളയംതോടന്‍‌ / റോബസ്റ്റ) - ഒന്ന്
വില (കഴിച്ചതെന്തായാലും) - 7 രൂപ

മണിയന്‍പിള്ളാസ് റ്റീഷോപ്പ് ജൈത്രയാത്ര തുടരുകയാണ്.


പിന്‍‌കുറിപ്പ്: ചായക്കട കഥകള്‍ക്കു വിരുദ്ധമായി, മൊതലാളിയുടെ സുന്ദരിമാരായ മക്കള്‍‌ അച്ചടക്കത്തോടെ വളര്‍ന്ന്, മൊതലാളി കണ്ടെത്തിയവന്മാര്‍ക്കൊപ്പം സുഖജീവിതം നയിക്കുന്നു.

No comments: