Friday, 9 March 2007

സദാചാരം

കേരളത്തില്‍‌ ഐറ്റി കണ്ടുപിടിക്കാതിരുന്നതിനാല്‍‌ ചെറുപ്പക്കാര്‍‌ റിസോര്‍ട്ടില്‍‌ ചായയടിക്കാന്‍‌ നില്‍ക്കുന്ന കാലം.

മധ്യാഹ്നങ്ങളില്‍‌ മണിയന്‍‌ ഈച്ചയാണ്. സായിപ്പും മദാമ്മയുമെല്ലാം വെയിലുകായല്‍‌ മഹാമഹം നടത്തുന്നു.

വെറുതേ സായിപ്പിനെക്കാത്ത് ഇരിക്കുന്ന സമയത്താണ്‌ ആ കാഴ്ച. ഒരു ദേശി റ്റീനേജര്‍‌, അല്ലാത്ത പക്ഷം നടക്കാന്‍‌പോലും പ്രയാസമായ, മണല്‍ത്തിട്ടയെ ട്രാക്ക് & ഫീല്‍ഡ് മത്സരവേദി കണക്കെ പിന്നിട്ടു പായുന്നു. തൊട്ടുപിന്നാലെ സ്വാഭാവികമായും ഞാനൊരു ശ്വാനനെ പ്രതീക്ഷിച്ചു. എന്നാല്‍‌, ദേഹമാസകലം രോമാവ്രുതമായ, പഴുത്ത ചെമ്പിന്റെ നിറമുള്ള ഒരു വിദേശി അമറിക്കൊണ്ടുപായുന്നു! ആ വേഗം, ആ കുതിപ്പ്, വെട്ടിയൊഴിഞ്ഞും അലറിവിളിച്ചുമുള്ള കുതിച്ചു പായല്‍‌... മനുഷ്യന്റെ പരമാവധി വേഗം എത്ര? എന്നൊരു ചോയിസ്സില്ലാത്ത പി‌എസ്‌സി ചോദ്യംപോലെ മനസ്സില്‍‌ വിങ്ങി.

ഹൊ! സാമ്രാജ്യത്ത്വത്തിനു മുന്നില്‍‌ മൂന്നാം ലോകത്തിന് അടിപതറി.
വിചാരണ.
സായിപ്പിന്റെ ഭാര്യയുടെ പ്രദര്‍ശിപ്പിച്ചിരുന്ന ഭാഗങ്ങളില്‍‌ അവന്‍‌ തുറിച്ചുനോക്കുകയും ചില അംഗുലീമുദ്രകള്‍‌ കാട്ടുകയും ചെയ്തുവത്രെ. തപാലില്‍‌ കഥകളി പഠിച്ചിട്ടുള്ളതുകൊണ്ടാകാം, സായിപ്പിനു പിരിച്ചെടുക്കാന്‍‌ കഴിഞ്ഞു. ഫലമോ? നമ്മുടെ സോദ്ദേശകലാകാരന്‍‌ നിന്നു വിയര്‍ക്കുന്നു. അപ്പോഴേക്കും നായികയുമെത്തി.

പയ്യനതു ചെയ്തില്ലെങ്കില്‍‌ അവന് അടികൊടുക്കണമെന്ന് പൊതുജനാഭിപ്രായം സ്വരൂപിച്ചുകൊണ്ട്, ‘ഏതന്മാംസ വസാദി’യെന്ന് ആശ്വസിക്കാന്‍‌ അവസരം തരാതെ വെട്ടിത്തിളങ്ങി. ജനം - ഞാനും - ആവേശത്തോടെ മുന്നോട്ടാഞ്ഞു.

ഒത്തുതീര്‍പ്പു പ്രകാരം മദാമ്മ പയ്യന്റെ ചെകിടത്തടിക്കാന്‍‌ തീരുമാനമായി. കാഠിന്യം കുറച്ച്, എണ്ണം കൂട്ടി മദാ‍മ്മ അതു നടപ്പില്‍‌ വരുത്തുകയും ചെയ്തു. പയ്യന്‍‌ വലിഞ്ഞു മുറുകി നിലത്ത്.

സൂര്യന്‍‌ ഉച്ചസ്ഥായിയില്‍‌ നിന്നു പടിഞ്ഞാറേയ്ക്കു നിലമ്പതിച്ചു.

ഞങ്ങള്‍‌, ധര്‍മ്മംചരകള്‍, അസൂയയോടെ നെടുവീര്‍പ്പിട്ടു പിരിഞ്ഞു...

3 comments:

Sands | കരിങ്കല്ല് said...

Disclaimer കൊള്ളാം..

Kullan said...

Not Bad !

കുടുംബംകലക്കി said...

സന്ദീപ്, കുള്ളന്‍,

നന്ദി, നമസ്കാരം.