Wednesday, 16 May 2007

വെള്ളപ്പൊക്കത്തില്‍‌

പിച്ചക്കാരി പട്ടുസാരി ഉടുത്തതുപോലെ, സിമന്റിട്ട മനോഹരമായ വരാന്തയായിരുന്നു ബാബുവിന്റെ വീടിനുണ്ടായിരുന്നത്. അമ്മയും 6 മക്കളില്‍‌ ഏറ്റവും ഇളയവനായ ബാബുവുമായിരുന്നു ആ വീട്ടിലെ താമസക്കാര്‍‌. തലമുറകളായി നിര്‍മ്മാണത്തൊഴിലാളികള്‍‌. പണിസ്ഥലത്തു നിന്നും ചോറ്റുപാത്രത്തില്‍‌ സിമന്റ് കടത്തിയാണ് കൈവരികെട്ടിയതെന്ന ആരോപണം അസൂയാലുക്കള്‍‌ നാട്ടില്‍‌ നിലനിര്‍ത്തിയിരുന്നു.

ദശനവിഹീനയെങ്കിലും നാടുമുഴുവന്‍‌ കേള്‍ക്കെ ഒച്ചയോടെ സംസാരിക്കുമായിരുന്ന ബാബുവിന്റെ അമ്മയും ഊര്‍ജ്ജസ്വലയായ കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായിരുന്നു.

അങ്ങനെ സന്തോഷത്തോടെ അവര്‍‌ ജീവിച്ചുവരവെ, അക്കൊല്ലം അസാധാരണമാംവിധം വെള്ളപ്പൊക്കമുണ്ടായി. പാറക്കെട്ടുകളെ വിഴുങ്ങി ആര്‍ത്തലച്ച് പായുകയാണ് പുഴ. വന്‍‌വൃക്ഷങ്ങളും കോഴിക്കൂടുകളും ആട്, പട്ടി തുടങ്ങിയ സചേതന വസ്ത്തുക്കളും ആറിലൂടെ താഴേയ്ക്കൊഴുകി. കാഴ്ച കാണാന്‍‌ ധാരാളം ആളുകള്‍‌.

ഒരു തേങ്ങ ഒഴുകിവന്നു. കുത്തൊഴുക്കിലേയ്ക്ക് ബാബു സധൈര്യം എടുത്തുചാടി. കരയില്‍‌ അമ്മയുടെ നിലവിളി: "എടാ ബാവൂ! കേറെടാ... പയലേ, നിന്നോടാണ് പറഞ്ഞത്... കേറെടാ! അയ്യോ... ആരെങ്കിലും ഓടിവരണേ. എന്റെ മോന്‍‌ പോയേ..."

വിലാപം ഉച്ചസ്ഥായിയിലായി. എന്തായാലും ഭാഗ്യത്തിന് അതൊഴുകിപ്പോയി. നാളികേരം നഷ്ടപ്പെട്ട ബാബു സങ്കടത്തോടെ തിരിഞ്ഞു നീന്താന്‍‌ തുടങ്ങി. ഞങ്ങള്‍‌ ദീര്‍ഘം നിശ്വസിച്ചു.

പെട്ടെന്ന് അമ്മയുടെ, ഹൃദയം നുറുങ്ങുന്ന അലര്‍ച്ച:
"ടാ‌.......... ബാ‍വൂ‍........ അതാ ഒരു തേങ്ങ; പിടിയെടാ!!!"

9 comments:

സുനീഷ് തോമസ് / SUNISH THOMAS said...

ശരിക്കും കലക്കി. കുടുംബം കലക്കി തന്നെ.


qw_er_ty

വക്കാരിമഷ്‌ടാ said...

കുടുംബം കലക്കി വെള്ളത്തില്‍ തേങ്ങ പിടിക്കുന്നവനാണല്ലേ :)

കുടുംബംകലക്കി said...

സുനീഷേ, നന്ദി.

വക്കാരിജി, താങ്കളാണ് എന്നെ ബ്ലോഗില്‍ കൈപിടിച്ചു നടത്തിയതെന്ന സത്യം വിശ്വസിക്കുമോ? മലയാളം ശരിയാക്കിയതങ്ങനെയാണ്; ആ അനോണിമിറ്റി നിത്യവിസ്മയവും.

..::വഴിപോക്കന്‍[Vazhipokkan] said...

kudumbam kalakki, kalakku iniyum !

കൊച്ചുമത്തായി said...

kalakku kalakku. Kalakki kalakki, swantham kudumbom kalakkumo??

Sona said...

കൊള്ളാം,നന്നായിട്ടുണ്ട്.

കുടുംബംകലക്കി said...

വഴിപോക്കാ, പോകുന്ന വഴിക്ക് കയറുകയും കമന്റിടുകയും ചെയ്തതിനു നന്ദി.

കൊച്ചുമത്തായി,അപ്പത്തിന്‍ കോല്‍ എലി ഭക്ഷിച്ചാല്‍...

സോന, നന്ദി.

S.Harilal said...

കേളൂര്‍ കൃഷ്ണന്‍‌കുട്ടിക്കു ശേഷം ആദ്യമായി ഇങ്ങനെ ഒരു നര്‍മ്മസാഹിത്ത്യരചന വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
“പയലേ“ എന്നുള്ള പ്രയോഗം താങ്കള്‍ തനി അനന്തപുരിക്കരനാന്ണെന്നുതെളിയിക്കുന്നു ഒരുപക്ഷേ എന്റെ വളരെ അടുത്ത പരിചയക്കാരനോ സഹപാഠിയോ ആകാനും സാധ്യതയുണ്ട്.

കുടുംബംകലക്കി said...

പ്രിയ ഹരിലാല്‍, ഇത്രയും വൈകി ഒരു മറുപടിയുടെ അനൌചിത്യം ക്ഷമിക്കുക. എന്നാലും തിരോന്തരം കാരെന്നുള്ള ഒരിത് വച്ചു പറയട്ടെ: വേളൂര്‍ കൃഷ്ണന്‍‌കുട്ടിയെയാണ് ഉദ്ദേശിച്ചതെങ്കില്‍, ആ സ്വജനപക്ഷപാതപരമായ (!) കോമ്പ്ലിമെന്റിനു നന്ദി.