അധികം പ്രതീക്ഷിക്കല്ലേ. കേരളപ്പിറവിക്കു പ്രസിദ്ധീകരിച്ച, സംസ്ഥാന സര്‍ക്കാരിന്റെ ജിഹ്വയായ ജനപഥത്തില്‍ മലയാളം ബ്ലോഗുകളെക്കുറിച്ചൊരു ലേഖനം. നേരത്തെ കൊടുത്തത് വായിക്കുവാന്‍ പറ്റാത്തതിനാല്‍ വീണ്ടും പോസ്റ്റുന്നു. ക്ഷമിക്കുക. വലിയമ്മായിക്കു നന്ദി:

asd
Thursday, 1 November 2007
മലയാളം ബ്ലോഗിങ്ങിനു സര്‍ക്കാര്‍ അംഗീകാരം
Monday, 8 October 2007
കാമ്പസ് പ്രണയം
അത്രയ്ക്കങ്ങട് പ്രൊഫഷനല്‍ അല്ലെങ്കിലും പ്രവേശനപ്പരീക്ഷ ഉണ്ടായിരുന്നതിനാല്‍ പല പ്രായക്കാര്‍ അടങ്ങിയതായിരുന്നു ക്ലാസ്. അതിലൊരു മിടുക്കന് ഒരു സുന്ദരിയോട് പ്രണയം തോന്നിയത് സ്വാഭാവികം. കലാ സാഹിത്യ വിദുഷി. പക്വമതി. എല്ലാത്തിലുമുപരി, സുന്ദരി. കുട്ടിത്തം വിട്ടുമാറിയിട്ടില്ലെങ്കിലും ബുദ്ധിസാമര്‍ഥ്യത്തിലും പഠനത്തിലും സൌന്ദര്യത്തിലും മുന്നിട്ടുനില്‍ക്കുന്നവനായിരുന്നു നായകന്‍.
എന്നാല്‍ പെണ്‍കുട്ടിയുടെ ഇതിന്മേലുള്ള നിലപാടില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഭൈമീകാമുകരുടെ അസൂയ എന്ന് നായകനും സഹരും പറഞ്ഞുതള്ളി. ‘പ്രണയം’ അഭംഗുരം തുടര്‍ന്നുവന്നു. ഇതിനിടെ നായിക നല്ല പെരുമാറ്റത്താല്‍ എല്ലാവരുടെയും ഹൃദയം കവരുകയും മികച്ച ഒരു സുഹൃദ്‌വലയം സൃഷ്ടിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ, നായകന്‍ ‘എന്റെ, എന്റെ മാത്രം‘ എന്ന മട്ടില്‍ മുന്നോട്ടുപോകുകയായിരുന്നു.
ഒരു ദിവസം ഉച്ചതിരിഞ്ഞ നേരം. നായികയും ചില സഹപാഠന്മാരും സൊറപറഞ്ഞിരിക്കുകയായിരുന്നു. സാധാരണ സംഭവിക്കുന്നതുതന്നെ. എന്നാല്‍ അപ്പോഴെല്ലാം നായകനും ഉണ്ടാകാറുണ്ട് എന്നുമാത്രം. അന്ന് നായകന്‍ അവധിയിലായിരുന്നു.
നായിക ചിരിച്ചുല്ലസിച്ചിരിക്കവേ, പൊടുന്നനെ നായകന്‍ കയറിവന്നു. വീടില്‍ നിന്നു വന്നതിനാലാകാം കൈയില്‍ ബാഗ്. നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍. പൊതുവെ ചുവന്ന കവിളുകള്‍ ഒന്നുകൂടി ചുവന്നുതുടുത്തിരിക്കുന്നു. നായകനെക്കണ്ടിട്ട് വെറുമൊരു ‘ഹായ്!’ മാത്രം പറഞ്ഞ് നായിക ചര്‍ച്ച തുടര്‍ന്നു.
എന്നാല്‍ നായകന്‍ മുന്നില്‍ വന്നുനിന്ന് വിറയ്ക്കുകയാണ്. വികാരങ്ങളുടെ വേലിയേറ്റം മുഖത്ത് ദര്‍ശിക്കാം. എല്ലാപേരും ഒരു പന്തികേട് മണത്തു; നായികയുള്‍പ്പെടെ. ഏതുനിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് എല്ലാപേരും നിശബ്ദരായി. നായികയുടെ മുഖത്ത് അമ്പരപ്പ്.
അവസാനം അതു സംഭവിച്ചു! വര്‍ദ്ധിച്ച കോപത്തോടെ നായകന്‍ നായികയുടെ മുഖത്തേയ്ക്കു നോക്കി അലറി:
‘ ഞാന്‍ ഇന്നാളുതന്ന രണ്ടുരൂപ എണ്‍പത്തഞ്ചു പൈസ ഇപ്പം എനിക്കു തിരികെത്താ!‘
Thursday, 4 October 2007
സംശയരോഗി
സുഹൃത്തിനെ അയാളുടെ കല്യാണത്തിനു ശേഷം ഇതാദ്യമായാണു കാണുന്നത്. ഒറ്റനോട്ടത്തില്‍ത്തന്നെ എന്തോ ഒരു പന്തികേട്. മുഖം വാടിയിരിക്കുന്നു. കണ്ണുകളില്‍ ഉറക്കച്ചടവ്.
കണ്ടതിലുള്ള സന്തോഷം പങ്കുവച്ചതിനു ശേഷം, കുശലാന്യേഷണങ്ങള്‍ക്കു തുടക്കമായി. മധ്യേ ഒന്നു നിശ്വസിച്ച്, അടക്കിപ്പിടിച്ച് അയാള്‍ വിതുമ്പി: ആകെ പ്രശ്നമാണ്. ഞാന്‍ തിരിഞ്ഞാലും പിരിഞ്ഞാലും പ്രശ്നം. ഒരു പെണ്ണിനോടും സംസാരിച്ചുകൂടാ. പരിചയക്കാരെപ്പോലും നോക്കി ചിരിച്ചുകൂടാ. ദാ... ഇതു കണ്ടോ! (നെറ്റിയിലെ തടിച്ച പാടു കാട്ടി) അവള്‍ പ്ലേറ്റെടുത്ത് എറിഞ്ഞതാണ്; ഏതോ ഒരു പെണ്ണിന്റെ ഫോണ്‍വന്നെന്നും പറഞ്ഞ്.
എന്തുപറഞ്ഞ് അയാളെ ആശ്വസിപ്പിക്കണമെന്നറിയാതെ, വളഞ്ഞുപുളഞ്ഞ് അനന്തതയിലേയ്ക് നീളുന്ന ബിറ്റുമെന്റെ ഇരുണ്ട മിനുമിനുപ്പിലേയ്ക്കു നോക്കി ഞാന്‍ നിന്നു. എത്ര കുടുംബങ്ങളാണ് സ്ത്രീകളുടെ സ്വാര്‍ത്ഥത മൂലം തകരുന്നത്. ഇതൊന്നും ചോദിക്കാനും കാണാനും ഒരു കമ്മിഷനുമില്ലാതായിപ്പോയല്ലോ... ആത്മരോഷവും മധ്യാഹ്ന താപവും നെറ്റിയിലെ വിയര്‍പ്പുകണങ്ങളായും കഴുത്തിലെ ചാലുകളായും അസ്വസ്ഥത പടര്‍ത്തി. വിങ്ങുന്ന സാഹചര്യം...
എന്തോ ഓര്‍ത്തിട്ടെന്നപോലെ സുഹൃത്ത് കിക്കറില്‍ ആഞ്ഞു ചവിട്ടി, ഗിയര്‍ മാറ്റിയിട്ട്, ‘ഓ, താമസിച്ചുപോയി... ഒരു പഴയ കക്ഷി ...... ബസ് സ്ടാന്‍ഡില്‍ നില്‍ക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഞാന്‍ പോകട്ടെ. വിശദമായി പിന്നെ സംസാരിക്കാം...’ എന്നുപറഞ്ഞ് പാഞ്ഞുപോയി.
വണ്ടി പുറന്തള്ളിയ പുകയോടൊപ്പം ഒരു ഗൂഢസ്മിതം വളരെനേരം അവിടെ തങ്ങിനിന്നു.
Friday, 13 July 2007
മധു വേട്ടക്കാര്‍
ഭൂമിശാത്രം അടിസ്ഥാനമാക്കിപ്പറഞ്ഞാല്‍ കഥ നടക്കുന്നത് സമീപ ജില്ലയിലെ പ്രമുഖ പട്ടണത്തിനു ചുറ്റുവട്ടത്തിലാണ്. എന്നാല്‍, ഒരു യൂണിവേഴ്സല്‍ തീം ആയതിനാല്‍ സ്ഥലകാലങ്ങള്‍ക്കു പ്രസക്തിയില്ല.
ആ ചെറുപ്പക്കാര്‍ക്കിടയില്‍ വാര്‍ത്തയെത്താന്‍ വലിയ താമസമൊന്നുമുണ്ടായില്ല - തങ്കപ്പന്‍ (സാങ്കല്പികം) ഗള്‍ഫില്‍നിന്ന് മടങ്ങിവന്നിരിക്കുന്നു!
പിന്‍ബഞ്ചില്‍, പുസ്തകങ്ങളെ ആകാവുന്നത്ര വെറുപ്പോടെ നോക്കി, എങ്ങനെയൊക്കെയോ പത്താംതരമെത്തിയ തങ്കപ്പന്‍. തങ്ങള്‍ പഠിച്ചു മുന്നേറിയപ്പോള്‍, ആട്ടോ ഓടിക്കുവാന്‍ പോയ തങ്കപ്പന്‍. നാട്ടിലെ സുന്ദരിയെ, തങ്ങളില്‍ പലരുടെയും സ്വപ്നസഖിയെ, ഓട്ടോസ്റ്റാന്റില്‍വെച്ച് തറ കമന്റടിച്ചതിന് തടികേടായ തങ്കപ്പന്‍. അടികൊടുത്തവരില്‍ തങ്ങളുടെ പിതാമഹന്മാരും ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ സൌഹൃദം വിച്ഛേദിച്ച് പിണങ്ങിമാറിയ തങ്കപ്പന്‍.
അവനങ്ങനെ ഗള്‍ഫില്‍ പോയി. വിദ്യാസമ്പന്നരായ ആ ചെറുപ്പക്കാര്‍ കടവരാന്തകളില്‍ അഭയം തേടി.
കാലം കഴിയവെ, ഏതൊരു അറബിക്കഥയിലും എന്നപോലെ, തങ്കപ്പന്‍ പൊന്നപ്പനായി മാറുകയും അടിവാങ്ങിക്കൊടുത്ത ആ സുന്ദരിയെത്തന്നെ വേള്‍ക്കുകയും ചെയ്തു. മധുവിധു തീരും മുന്നേ തങ്കപ്പനു തിരിച്ചുപോരേണ്ടിവന്നു. പിന്നീട്, നീണ്ട ഒരു ഇടവേളയ്ക്കു ശേഷം അയാള്‍ വരികയാണ്. അപ്പോഴും ചെറുപ്പക്കാര്‍ തൊഴില്‍രഹിതര്‍, അതുകൊണ്ടുതന്നെ അവിവാഹിതരും.
തങ്കപ്പന്റെ കിടപ്പുമുറിയുടെ പിറകുവശം കനത്ത മതിലാണ്; അതിനുപിറകില്‍ ചെറിയൊരു ചതുപ്പ്. അതിനും പിറകില്‍ മുഖംതിരിഞ്ഞ് ഒരു ഷാപ്പും. ഷാപ്പിന്റെ പിറകിലുള്ള കനത്ത ഏകാന്തതയില്‍ നിന്നാല്‍ പിന്നിലെ ജനാലകള്‍വഴി കിടപ്പറയുടെ ഭാഗിക ദര്‍ശനം കിട്ടും. സാധാരണ ആ ജനാലകള്‍ അടച്ചിടാറില്ല. വല്ല കല്ലോ കട്ടയോ പിടിച്ചിട്ടാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട കാഴ്ച ലഭ്യമാകും.
അവരുടെ ഹൃദയങ്ങള്‍ ഒരേസമയം പാപബോധവും വികാരവും കൊണ്ടു നിറഞ്ഞു. ജനയിതാക്കള്‍ വരുന്ന ഷാപ്പണ്. ആരെങ്കിലും കണ്ടാല്‍ തീര്‍ന്നു; പിന്നെ ജീവിച്ചിരിക്കേണ്ട!
ഭയവും ആകാംക്ഷയും മൂലം വിയര്‍ത്തു തണുത്ത് അവര്‍ ഷാപ്പിന്റെ പിന്നിലേയ്ക്ക് പമ്മി നടന്നു. സന്ധ്യ മയങ്ങുന്നതേയുള്ളൂ. ഈ വിദ്യ തങ്ങളോട് പറഞ്ഞുതന്ന നഗരവാസിയായ സുഹൃത്തിനെ അവര്‍ ഒരേസമയം ശപിക്കുകയും പിന്നെ അതോര്‍ത്ത് സങ്കടപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. കുടുംബത്തിനുണ്ടായേക്കാവുന്ന നാണക്കേടോര്‍ത്ത് ഇടയ്ക്ക് പിന്മാറുന്നതിനുപോലും അവര്‍ തയ്യാറായി. എന്നാല്‍ ആ ആദിമ ചോദന അവരെ മുന്നോട്ടേയ്ക്ക് വലിച്ചുപിടിക്കുകതന്നെ ചെയ്തു.
പൊന്ത വകഞ്ഞുമാറ്റി, മുന്നോട്ടേയ്ക്കഞ്ഞ അവര്‍ ഇടിവെട്ടേറ്റവരെപ്പോലെ നിന്നു; പിന്നെ പ്രാണനെടുത്തുപിടിച്ച് തിരിഞ്ഞോടി...
കുറെനാള്‍ അവര്‍ ആരോടും അധികം സംസാരിക്കാതെ, അന്തര്‍മുഖരായി നടന്നു. പിന്നീടെന്നോ ഒരു മദ്യപാന പാര്‍ട്ടിയിലാണ് അത് വെളിപ്പെട്ടത്:
ഷാപ്പിനുപിന്നിലെ ചതുപ്പില്‍ത്തട്ടി പ്രതിഫലിക്കുന്ന പടിഞ്ഞാറന്‍ മാനത്തിന്റെ സാന്ധ്യശോഭയില്‍, ഷാപ്പില്‍നിന്ന് പിടിച്ചിട്ട ബഞ്ചിന്റെ മുകളില്‍ ഏഴെട്ടുപേര്‍! നിര്‍ന്നിമേഷരായി, ഈസ്റ്റര്‍ ദ്വീപിലെ പ്രതിമകളെപ്പോലെ, തങ്കപ്പന്റെ കിടപ്പറയിലേയ്ക്ക് കണ്ണുംനട്ട്!!! അതില്‍ തങ്ങള്‍ക്ക് ജന്മം നല്‍കിയവരും തങ്കപ്പനെ തല്ലാന്‍ മുന്നിട്ട് നിന്നവരും ഉണ്ടായിരുന്നു...
Friday, 29 June 2007
ഒരു കോഴിക്കോടന്‍ തമാശ
‘തലയ്ക്കുമീതെ ശൂന്യാകാശ’വും പാടി, ഇടയ്ക്കിടെ, പടിപ്പുരയില്‍ കാത്തിരിക്കുന്ന ഭാര്യയെ നാട്ടുനടപ്പിന്റെ ഭാഗമായി പിതൃശൂന്യ വാക്കുകളാല്‍ ഉച്ചത്തില്‍ അഭിസംബോധന ചെയ്തുകൊണ്ട് ആടിയാടി വരികയാണ് അയാള്‍. പെട്ടെന്ന് നിന്ന്, വഴിയരികിലെ ഇരുമ്പ് കൂടിനുള്ളിലെ ബോര്‍ഡ് വായിച്ച് പൊട്ടിക്കരയുന്നു:
“അയ്യയ്യോ! കെവി സെബാസ്റ്റിയന്‍ വെള്ളമടിക്കുന്നു; മരിക്കുന്നു!”
[110 KV Sub Station
Vellimadukunnu
Marikkunnu (PO)]
Thursday, 28 June 2007
നോണ്‍വെജ്ജ്
സോഷ്യലിസം അതിന്റെ സമസ്ത പ്രതാപത്തോടെയും വിളയാടിയിരുന്ന സ്ഥലമായിരുന്നു - അല്ല, ആണ് - ആ റെസ്ട്രൊന്റ്. അതിഥി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് - അത് ഐ.എ.എസ്. കാരനായാലും ശരി, അടിസ്ഥാന ശംബളക്കാരനായാലും ശരി - ഒരേ രീതിയിലുള്ള ‘സ്വീകരണമാണ്’ അവിടെ ലഭിച്ചിരുന്നത്.
സന്ധ്യ കഴിഞ്ഞാല്‍ അത്താഴ സമയം. എട്ടുമണി വരെയാണ് ‘നടത്തിപ്പുകാര്‍’ അനുവദിച്ചിട്ടുള്ള സമയം. എങ്കിലും നിയമം അനുവദിക്കാത്തതിനാല്‍ ‘താമസിച്ചു വരുന്ന...’, പ്രാസം ഒത്ത അഭിസംബോധനയ്ക്ക് പാത്രമാവുന്നവരെയും ‘സല്‍ക്കരിച്ചിരുന്നു.’
കഞ്ഞിയാണ് പ്രധാന വിഭവം. പയറും അച്ചാറുമൊക്കെ കൂട്ടിനുണ്ടാകും. പിഞ്ഞാണപാത്രങ്ങളില്‍ വിളമ്പുന്ന അവ അന്തേവാസികള്‍ ആവേശത്തോടെ കഴിച്ചുപോന്നു.
ദോഷം പറയരുതല്ലോ, സ്വാദിഷ്ടമായിരുന്നു വിഭവങ്ങള്‍. എല്ലാപേരും എന്തോ ദുരന്തത്തെ വരവേല്‍ക്കാനെന്ന മട്ടില്‍ നിശബ്ദരായി ഇരുന്ന് കഴിക്കും. കളിയില്ല; ചിരിയില്ല; പരസ്പരം മുഖത്തുപോലും നോക്കില്ല. ഹാളില്‍, പിഞ്ഞാണങ്ങളില്‍ സ്പൂണ്‍ തട്ടിയുണ്ടാകുന്ന, ജലതരംഗത്തെ അനുസ്മരിപ്പിക്കുന്ന, താളാത്മക ശബ്ദം മാത്രം.
അങ്ങനെയുള്ളൊരു സായാഹ്നത്തിലാണ് ആ ഉദ്യോഗസ്ഥന്‍ ഭക്ഷണം കഴിക്കുവാനായി അവിടെ വന്നിരുന്നത്. നാട്ടില്‍ പ്രതാപത്തോടെ വകുപ്പിനെ വിറപ്പിച്ച് വിരാജിക്കുന്നയാള്‍. എന്തിനും ഏതിനും ഓര്‍ഡര്‍ലികള്‍. മന്ത്രിമാര്‍പോലും ബഹുമാനത്തോടെ മാത്രം ഇടപെടുന്നായാള്‍...
ഇവിടെ വന്നപ്പോഴേ അത് ഫീല്‍ ചെയ്തു - ഒരു അവഗണന. പ്രത്യേകിച്ച് യാതൊരുവിധ ബഹുമാനപ്രകടനങ്ങളും - തല ചൊറിയല്‍, വിഡ്ഡിച്ചിരി, നട്ടെല്ലു വളച്ചുള്ള തൊഴല്‍ ആദിയായവ - ആരും പ്രകടിപ്പിച്ചുകണ്ടില്ല.
കാര്യങ്ങളങ്ങനെയായതിനാല്‍, ചെറിയൊരു കരുതലോടെയാണ് പെരുമാറിയത്. ഒഴിഞ്ഞ കസേര തന്നെ വിമാനത്താവളത്തില്‍നിന്നും കൂട്ടിക്കൊണ്ടുവന്ന ആ ഡ്രൈവറുടെ അടുത്തു മാത്രം. ആരും എഴുന്നേറ്റുതരുമെന്ന് പ്രതീക്ഷിക്ക വയ്യ. കഴിഞ്ഞ രണ്ടുദിനങ്ങളിലെ അനുഭവം അതാണ്. തത്കാലം അയാളുടെ അടുത്ത് തന്നെ ഇരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അയാളുടെ മുഖത്ത് ഒരു പരിഹാസച്ചിരിയുണ്ടോ? ഏയ്, തോന്നലാകും.
ഇരുന്നു. ഭാഗ്യം! താമസിയാതെ കഞ്ഞി വന്നു. സ്പൂണ്‍ മുക്കിയെടുത്തു. ഒരു പാറ്റ കയറിവന്നു. എന്തുചെയ്യും? ചുറ്റും നോക്കി. എല്ലാരും ഏകാഗ്രതയോടെ കഞ്ഞി കഴിക്കുന്നു. പതുക്കെ പാത്രത്തിലേയ്ക്കുതന്നെ തട്ടി. വിഷമം, സങ്കടം, ദേഷ്യം... എല്ലാംകൂടി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ സ്ഥംഭിച്ചിരിക്കുമ്പോള്‍ ഡ്രൈവറുടെ അടക്കിപ്പിടിച്ച ചോദ്യം:
“പാറ്റ കിട്ടി; അല്ലേ?”
അദ്യേം: “ഉം...”
ഡ്രൈവര്‍: “അവന്മാരറിയണ്ട; നോണ്‍വെജ്ജിന് ചാര്‍ജ് ചെയ്യും!”
കണ്ണില്‍ ഇരുട്ട് കയറിയ അദ്യേം മെല്ലെ പുറത്തേയ്ക്ക് നടന്നു; വിശപ്പ് ലേശവുമില്ലാതെ.
Tuesday, 26 June 2007
വെടിയിറച്ചി
മധ്യകേരളത്തിലെ പ്രസിദ്ധമായ ആ ചായക്കടയില്‍ സുഹൃത്തും അങ്കിളുമായി കയറി. സുഹൃത്തിന്റെ ജീവിതാഭിലാഷമായ വെടിയിറച്ചി കഴിക്കലായിരുന്നു ഉദ്ദേശ്യം.
കപ്പയും പുറകേ വെടിയിറച്ചിയും വന്നു. പ്ലേറ്റില്‍ തേങ്ങാപ്പീര മാത്രം! ഒളിഞ്ഞും തെളിഞ്ഞും അവിടവിടെ ഓരോ ഇറച്ചിക്കഷണം.
അത് തപ്പിയെടുത്ത് കപ്പ കഴിച്ച ശേഷം അങ്കിള്‍ ബെയററെ അടുത്ത് വിളിച്ചു. ടിപ്പ് പ്രതീക്ഷിച്ച് നിന്ന ബെയററോട് അങ്കിള്‍: “എന്നതാ, ഇവിടെ തേങ്ങയാണോ വെടിവച്ചിടുന്നത്?”