Monday, 28 May 2007

ഒരു പാട്ടുകാരന്റെ കഥ

ഗ്രീഷ്മം കത്തിനിന്ന ഒരു വൈകുന്നേരത്താണ് അയാള്‍‌ കുന്നിറങ്ങി വന്നത്. തേനോലുന്നതായിരുന്നു ആ സ്വരം. പുഴയുടെ ത്ധില്ലിശ്ചങ്കാരനാദത്തിന്റെ അകമ്പടിയോടെ അതവിടെ നിറഞ്ഞുനില്‍ക്കും.

രണ്ടു വലിയ കയങ്ങളും പാറക്കെട്ടുകളും‌ നിറഞ്ഞ, ഇങ്ലീഷിലെ ‘എല്‍‌’ രൂപത്തില്‍‌ ആറു തിരിയുന്നിടം അക്കാലത്ത് വൈകുന്നേരങ്ങളില്‍‌ നീരാടാനെത്തുന്നവരെക്കൊണ്ട് നിറയുമായിരുന്നു. ലോകബാങ്കിന്റെ കുടിവെള്ളപദ്ധതി നിലവില്‍‌ വന്നിരുന്നിരുന്നില്ല. കേബിള്‍‌ ചാനലുകളുമില്ലായിരുന്നു. റ്റി.വി. തന്നെ അപൂര്‍വ്വം.

പല പ്രണയങ്ങളും മൊട്ടിട്ടതും വിരിഞ്ഞതും പരിമളം പടര്‍ത്തിയതും ഇവിടെവച്ചായിരുന്നു. ഒരു നാടിന്റെ ആഘോഷകേന്ദ്രമായി വേനല്‍ക്കാലത്ത് ആ കടവുകള്‍‌ മാറി.

ആറിന്റെ മറുവശം മൊട്ടക്കുന്നാലും കരിമ്പനകളാലും ഒരു ഭയാനകത സൃഷ്ടിച്ചിരുന്നു. അതുവഴിയാണ് കഥാനായകന്‍‌ പ്രത്യക്ഷപ്പെട്ടിരുന്നത്.

കൃഷ്ണവര്‍ണ്ണം. ഉരുണ്ടുകളിക്കുന്ന മസിലുകള്‍‌. ചുരുണ്ട് തലയോട്ടിയോട് ചേര്‍ന്നു നില്‍ക്കുന്ന മുടി; വിടര്‍ന്ന കണ്ണുകള്‍; ചുവന്ന ചുണ്ട്‌. ആകെക്കൂടി ഒരു ഓടക്കുഴല്‍‌ മിസ്സിങ്ങാണെന്നു തോന്നും. അവധി ദിനങ്ങളില്‍‌ കൃത്യം 3.30ന് അയാള്‍‌ എത്തും. എന്നിട്ട് മറുവശത്തുള്ള കയത്തില്‍‌ കഴുത്തറ്റം മുങ്ങിനിന്ന് ആ സ്വരധാര ഗംഗാപ്രവാഹം നടത്തും.

സ്വാഭാവികമായും ഇപ്പുറത്തെ കടവിലെ പെണ്ണുങ്ങളുടെ ശ്രദ്ധ മുഴുവന്‍‌ അയാളിലായി. പലരും അയാളുടെ പുഴ സന്ദര്‍ശനത്തിനനുസരിച്ച് തങ്ങളുടെ നീരാട്ടിന്റെ സമയവും ക്രമീകരിച്ചു. പുരുഷപ്രജകള്‍ക്ക് കനത്ത അടി സമ്മാനിച്ചുകൊണ്ട്, വളയുന്ന പരുവത്തിലും ഒടിയുന്ന പരുവത്തിലും ഒക്കെ എത്താറായ പല നാരികളും പൈഡ് പൈപ്പറിന്റെ പുറകെ എലികള്‍‌ എന്നകണക്കെ തങ്ങളുടെ ഹൃദയങ്ങള്‍‌ അയാള്‍ക്കുപിന്നില്‍‌ അണിനിരത്തി.

അമ്മമാര്‍‌ സ്വന്തം മകനായും യുവതികള്‍‌ ഭാവിവരനായും കുട്ടിക‌ള്‍‌ ചേട്ടനായും അയാളെ സങ്കല്‍പ്പിക്കാന്‍‌ തുടങ്ങി. പല വീടുകളിലും അയാളെച്ചൊല്ലി സംഘര്‍ഷവും കുളിമുടക്കലും ഉണ്ടായി. പെണ്ണുങ്ങള്‍‌ അടക്കം പറയുന്നിടത്ത് കൂടെയില്ലാത്തവളുടെ പേര് അയാളോടൊപ്പം ചേര്‍ത്തുവച്ചു; എന്നിട്ട് മനസ്സില്‍‌ തങ്ങളെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഇതൊന്നുമറിയാതെ ആ ഗായകന്‍‌ പതിവുതെറ്റാതെ പാടി. ആരെയും ശ്രദ്ധിക്കാതെ, കല്‍ക്കെട്ടില്‍‌ വസ്ത്രമഴിച്ചുവച്ച്, തോര്‍ത്തുടുത്ത്, അയാള്‍‌ ജലാശയത്തിലേയ്ക്കിറങ്ങും. പിന്നെ അനന്തതയിലേയ്ക്കു നോ‍ക്കി, അകലെയെവിടെയോ മറഞ്ഞുനില്‍ക്കുന്ന പ്രണയിനിക്കു കേള്‍ക്കുവാനെന്ന മട്ടില്‍‌...

പെട്ടെന്നൊരുനാള്‍‌ അയാള്‍‌ അപ്രത്യക്ഷനായി. പുളിച്ച തെറിയും കൈപിരിക്കലും വൃഷണത്തില്‍‌ ഞെക്കും വേണ്ടിവന്നത്രെ!

മഴമേഘങ്ങള്‍‌ ഉരുണ്ടുകൂടിയ ആകാശത്തിനുകീഴെ, നാട്ടിലെ പെണ്ണുങ്ങള്‍‌ വിരസതയോടെ, പ്രതീക്ഷയോടെ, പുഴക്കടവില്‍‌ വീണ്ടും വസ്ത്രങ്ങള്‍‌ ഉണക്കി.