ഭാര്യയുടെ വകയിലൊരു വലിയച്ഛനും വലിയമ്മയും ഉണ്ടായിരുന്നു. വകയില്‍ എന്നെഴുതാന്‍ കാരണം അവര്‍ രണ്ടുപേരും സുന്ദരരായതിനാലാണ്.
എക്സ്പയറി ഡേറ്റ് കഴിഞ്ഞെങ്കിലും യുവമിഥുനങ്ങള്‍ കണക്കെ, ഒരിലയിലുണ്ട്, ഒരു കിടക്കയില്‍ ഉറങ്ങി, കാലംകഴിച്ചുപോകുകയായിരുന്ന ഇവര്‍ എന്റെ ദാമ്പത്ത്യജീവിത നഭസ്സിലെ ധൂമകേതുക്കളാവാന്‍ അധികം സമയം വേണ്ടിവന്നില്ല. എന്തിനും ഏതിനും ഭാര്യ, "വലിയച്ഛനെ നോക്ക്; വലിയച്ഛനെ നോക്ക്..." എന്നുരുവിടുക പതിവായി. ചുരുക്കത്തില്‍, ജീവിതത്തിന്റെ നന്മകളായ ജലപാനം, ജോലിസമയം കഴിഞ്ഞ് വായനോക്കി നടക്കല്‍, അമ്മായിഅപ്പനെ പുച്ഛിക്കല്‍ എന്നിത്യാദി പരിപാടികളൊന്നും നടത്താന്‍പാടില്ലെന്നായി.
ജീവിതമിങ്ങനെ സര്‍ക്കാര്‍ ഗസറ്റുപോലെ നീങ്ങവെ, കാര്യങ്ങളൊക്കെ ഉറപ്പിച്ചെടുക്കുവാനായി ഭാര്യ വലിയച്ഛന് ഒരു ട്രീറ്റ് നടത്തുവാന്‍ തീരുമാനിച്ചു. പതിവുപോലെ, ദിവസങ്ങള്‍ക്കുമുന്നേ കൂട്ടുകാരുമായി തീരുമാനമായ രഹസ്യ പാര്‍ട്ടിയുടെ അന്നുതന്നെ! അമ്മായിയുടെ സഹായത്തോടെ ഭാര്യ തകര്‍പ്പന്‍ പാചകം.
സുസ്മേരവദനനായി വലിയച്ഛന്. എന്തായാലും മുന്ജന്മ സുക്രുതം കൊണ്ട് വലിയമ്മ വന്നില്ല; അത്രയും ആയി.
വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മെനക്കെട്ടുണ്ടാക്കിയ ഓരോ വിഭവവും വലിയ സ്നേഹത്തോടെ, വലിയ പ്രതീക്ഷയോടെ ഭാര്യ വിളമ്പാന്തുടങ്ങി. അസൂയ താങ്ങാനാവാതെ ഞാന്‍ ചുമരും ചാരി...
അപ്പോഴാണ് അതു സംഭവിച്ചത്. ഓരോ കറിയും വിളമ്പിയിട്ട്, "കൊള്ളാമോ വലിയച്ഛാ?" എന്നു ഭാര്യയുടെ പ്രതീക്ഷാനിര്‍ഭരമായ ചോദ്യം. നിഷ്ക്കളങ്കമായ മറുപടി: "ഉം... എന്നാലും ഭാനുമതി ഉണ്ടാക്കുന്നത്ര വരില്ല..."
ഭാര്യയുടെ കാറ്റ് പോയിക്കൊണ്ടിരുന്നു; ഞാന്‍ വലിയച്ഛന്റെ ഫാനായി മാറിക്കൊണ്ടും....
Thursday, 29 March 2007
Subscribe to:
Post Comments (Atom)
4 comments:
നന്നായിട്ടുണ്ട്...കൊള്ളാം...എന്നാലും ഭാനുമതിയുടെ അതേം വരില്ല..
കുടുംബംകലക്കീ...
ശരിക്കും ചിരിച്ഛു
കലക്കി...കുടുമ്പം കലക്കീ...കലക്കി..
കലക്കി...ശരിക്കും ചിരിച്ഛു
വളരെ നന്നായിരിക്കുന്നു
Thanks
സന്തോഷ്, സാന്‍ഡോസ്, സഫ്വാന്,
ഈ വൈകിയ വേളയില്‍ നന്ദി, സന്ദര്‍ശിച്ചതിനും കമന്റിട്ടതിനും.
Post a Comment