അക്കാലത്ത് സ്കൂളുകളില്‍ ഈസിയെ എന്നൊരേര്‍പ്പാടുണ്ടായിരുന്നു. ഒരുപക്ഷേ നിങ്ങളും കേട്ടിരിക്കും.
വെള്ളിയാഴ്ച്ക ഉച്ച തിരിഞ്ഞാല്‍ അയല്‍ക്കാരുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച പൂക്കള്‍കൊണ്ട് മുക്കാലി ബോര്‍ഡ് അലങ്കരിക്കുക; തത്തമ്മയുടെ കടയില്‍നിന്നും വാങ്ങുന്ന പ്യാരി മുട്ടായി വിതരണം ചെയ്യുക; ചെറിയ നാടകമോ നൃത്തമോ അവതരിപ്പിക്കുക എന്നിവ ഇതിന്റെ ഭാഗമായിരുന്നു. എന്നിരിക്കിലും മുഖ്യ ആകര്‍ഷണം, പരിപാടി തുടങ്ങിയതില്പിന്നീട് ക്ലാസ് ഉണ്ടായിരിക്കില്ല എന്നതായിരുന്നു.
ജീവിതത്തില്‍ അവസാനമായി (ആദ്യമായും) നാടകത്തില്‍ അഭിനയിക്കുവാന്‍ കഴിഞ്ഞതും ഇത്തരമൊരു വേദിയിലായിരുന്നു.
ഈസിയെ - ഇതിന്റെ അര്‍ത്ഥം വളരെക്കാലത്തിനു ശേഷമാണ് പിടികിട്ടിയത്. (കളരിക്കു പുറത്തെ അഭ്യാസങ്ങള്‍) ഞങ്ങള്‍ക്ക് ചില സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചുതന്നിരുന്നു. കുറച്ച് അകലത്തേയ്ക്കു പോകുവാനും പൂക്കള്‍ ശേഖരിക്കുവാനും അങ്ങനെ പല വീടുകളും കാണുവാനും പലരുടെയും ചീത്തവിളി കേള്‍ക്കുവാനും ഭാഗ്യം കൈവന്നിട്ടുണ്ട്. ചിലര്‍ ചീറ്റപ്പുലികളാണെങ്കില്‍ ചിലര്‍ നിസ്സഹായതയോടെ നോക്കിനില്ക്കും. അപൂര്‍വം ചിലര്‍ പൂ പറിക്കാന്‍ സഹായിക്കുകയും ചെയ്യുമായിരുന്നു. മനുഷ്യന് അക്കാലത്തും വലിയ മാറ്റമില്ലായിരുന്നുവെന്ന് സാരം.
അന്നത്തെ ഈസിയെക്ക് ക്ലാസിലെ സ്റ്റാറായിരുന്ന, പാട്ടുപാടുന്ന - നൃത്തം ചെയ്യുന്ന - വട്ടമുഖത്ത് വലിയ കണ്ണുകളുള്ള, ഷൈലജ അമ്പരപ്പോടെ എന്നെ നോക്കി. ചുമതല അവള്‍ക്കാണ് സാര്‍ നല്‍കിയിരിക്കുന്നത്. ഗന്ധമാദനമെങ്കില്‍ അത് എന്ന മട്ടില്‍ ഞാന്‍ നിന്നു. എന്താണെന്നറിയില്ല; അവള് കൂടി എന്നോടൊപ്പം വരാന്‍ തീരുമാനിച്ചു. അങ്ങനെ ജോണ്‍സണ്ണന്റെ വീട് ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി.
ഒരു ലോറിക്ക് ഒന്നുത്സാഹിച്ചാല്‍ കയറിപ്പോകുവാന്‍ കഴിയുന്ന റോഡരികിലായിരുന്നു ജോണ്‍സണ്ണന്റെ വീട്. അണ്ണന്റെ മകളായിരുന്നു, ഞങ്ങള്‍ ആദ്യം കാണുന്ന പരിഷ്ക്കാരിപ്പെണ്ണ്. ബോബ് ചെയ്യുക; വെട്ടാത്ത നഖത്തില്‍ നെയില്‍പോളീഷ് ഇടുക; കുളിക്കാതെ പൌഡറിട്ട് കാറില്‍ സഞ്ചരിക്കുക എന്നിത്യാദി പരിഷ്ക്കാരക്കൂട്ടുകള്‍ കൃത്യമായി പാലിച്ചിരുന്നു.
നാട്ടിലെ ക്രിസ്ത്യാനികളുടെ ആസ്ഥാന ചെടിയായ ബൊഗയ്ന്‍വിലിയയ്ക്ക് പുറമെ ധാരാളം പൂച്ചെടികള്‍ മുറ്റത്തുണ്ടായിരുന്നു. റോസ് നിറമുള്ള വീട്ടില്‍, "അല്ലിയാമ്പല്‍ കടവില്‍..." എന്ന പാട്ടുകേട്ട് തികച്ചും ക്രിസ്തീയയായിത്തന്നെ കാലം കഴിച്ചുപോന്നു, ആ സുന്ദരി.
മറ്റുള്ളവരെന്തുവിചാരിക്കും എന്നു കരുതി മുറ്റത്തു നടുന്ന ഒരു ചെമ്പരത്തിയില്‍ - ഏറിയാല്‍ ഒരു തെറ്റിയും രണ്ട് ജമന്തിയും - ഒടുങ്ങിയിരുന്നു, നാട്ടിലെ വീടുകളിലെ ഗാര്‍ഡനിങ്. മിക്ക ചെടികളും അവയുടെ ആയുസ്സിന്റെ ബലംകൊണ്ട് പിടിച്ചുനില്‍ക്കുന്നവയായിരിക്കും. എന്നാല്‍ ജോണ്‍സണ്ണന്റെ വീട്ടില്‍ കാര്യമായ പരിചരണത്തോടെ ചെടികള്‍ തിളിര്ത്ത്, വളര്‍ന്ന്, പൂത്തിരുന്നു.
ഇസിയെയ്ക്കുള്ള എന്റെ തുറുപ്പ് ഈ വീടായിരുന്നു. മറ്റുള്ളവര്‍ പൂവിനുവേണ്ടി പരക്കമ്പായുമ്പോള്‍ ഞാനിവിടെ വന്നു ആവശ്യത്തിന് ശേഖരിക്കുമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍, സുന്ദരി അലസമായി ജനാലയിലൂടെ നോക്കാറുണ്ടെന്നല്ലാതെ യാതൊരുവിധ പ്രതിക്ഷേധവും രേഖപ്പെടുത്തിയതായി രേഖകളില്ല.
ആരും കാണാനില്ലായിരുന്നെങ്കിലും എന്നാല്‍ നയിക്കപ്പെട്ട് ഷൈലജ വരുന്നതില്‍ അഭിമാനത്തോടെ ഞാന്‍ ചുവടുകള്‍ വച്ചു. സ്വന്തം വീട് എന്നപോലെ ഞാന്‍ ഗേറ്റ് തുറക്കാനൊരു ശ്രമം നടത്തി; പരാജിതനായി. പിന്നെ, പതിവുപോലെ, കടലാസുചെടിയുടെ ആക്രമണമില്ലാത്ത ഭാഗത്തെ മതിലിന്മേല് ചാടിക്കയറി. അവിടെനിന്ന് ചെമ്പരത്തി, തൂക്കുചെമ്പരത്തി, മുളകുചെടിപ്പൂ എന്നിവ ആകുന്നത്ര ശേഖരിക്കാന്‍ തുടങ്ങി. ഓരോന്ന് പറിച്ചെടുത്ത് താഴെ നില്ക്കുന്ന ഷൈലജയ്ക്ക് കൊടുക്കും. പൂക്കളുടെ എണ്ണം കൂടുന്തോറും അവളുടെ കണ്ണുകള്‍ വികസിച്ചുവരാന്‍ തുടങ്ങി; ഓരോ തവണ പൂവ് കൈമാറുമ്പോഴും എന്റെ അനുരാഗവും.
ഉരുണ്ട മൂക്കിനു കീഴെ നനുത്ത മീശയില്‍ വിയര്‍പ്പു പൊടിഞ്ഞു നില്ക്കുന്നു. പാവം, നടന്നു ക്ഷീണിച്ചതാവാം. ആ സുന്ദരമുഖം വാടിയതിനു പകരമായി പരമാവധി പൂക്കള്‍ പറിച്ചുനല്‍കാന്‍ ഞാന്‍ മുന്നോട്ടാഞ്ഞു. എന്നാല്‍... ചെമ്പരത്തിയില്‍ കുടികിടപ്പവകാശം കിട്ടിയ, സ്വര്‍ഗത്തിലെ കട്ടുറുമ്പിന്റെ ഭൂമിയിലെ വേര്‍ഷന്‍ എന്റെ മേലാസകലം ഇക്കിളിയിട്ടു.
ഇതുവരെ ക്ഷമിച്ച വായനക്കാരേ, ഇങ്ങനെയൊരു പരിസമാപ്തി വന്നതിന് ഖേദിക്കുന്നു.
ജോണ്‍സണ്ണന്റെ വീടിലെ പച്ചവെളിച്ചെണ്ണ പുരട്ടി തണിര്‍ത്ത്, കരഞ്ഞു നിന്ന എന്നെ സ്കൂളില്‍നിന്ന് സാറുവന്ന് സ്കൂളിലെത്തിച്ചും, വീട്ടില്‍നിന്ന് ആളുവന്ന് വീട്ടിലെത്തിച്ചും രണ്ടുമൂന്ന് ദിവസം കിടക്കേണ്ട വകുപ്പുണ്ടാക്കി. ആ ദിനങ്ങളില്‍ ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ ഷൈലജയുടെ തുടുത്ത മുഖമുണ്ടായിരുന്നില്ല; വരിയായി നീങ്ങുന്ന കട്ടുറുമ്പുകളായിരുന്നു നിറയെ...
Thursday, 31 May 2007
Subscribe to:
Post Comments (Atom)
7 comments:
എന്നിട്ടെന്തായി ?
ദെന്തിനാ വെറുതെ ഷൈലജേടെ കുടുംബം കല്‍ക്കാന്‍ പോയതെന്റെ കുടുംബം കലക്കിയേ...
മരിജുവാന, കിനാവ്,
ഇതാണോ കാരണമെന്നറിയില്ല, ഷൈലജ ഓണാവധിക്കു ശേഷം റ്റിസി വാങ്ങി പോയി. ആറു മുതല്‍ എന്റെ ഇരുണ്ടകാലം ഒരു എയ്ഡഡ് സ്കൂളില്‍ തുടങ്ങി.
കമന്റുകള്‍ക്ക് നന്ദി.
''ആരും കാണാനില്ലായിരുന്നെങ്കിലും എന്നാല്‍ നയിക്കപ്പെട്ട് ഷൈലജ വരുന്നതില്‍ അഭിമാനത്തോടെ ഞാന്‍ ചുവടുകള്‍ വച്ചു. സ്വന്തം വീട് എന്നപോലെ ഞാന്‍ ഗേറ്റ് തുറക്കാനൊരു ശ്രമം നടത്തി''
പഴയ മലയാളം സിനിമകളിലെ ജഗതിയെ ഓര്മ വന്നൂട്ടോ! :)
സമാപ്തി കേട്ടപ്പോ, പാറക്കെട്ടിലെ പായലില്‍ തെന്നി വീണ പോലെ തോന്നി!!
;)
ധ്വനി, പ്രണയം തുടങ്ങുന്നതു തീരുന്നതും ഒരുപോലെയല്ലേ - "പാറക്കെട്ടിലെ പായലില്‍ തെന്നി വീണ പോലെ?"
(ഞാനൊരരസികേഷു! :))
അഭിപ്രായത്തിനു നന്ദി.
കലക്കിക്കലക്കി നീ കുടുംബം കലക്കി
അലക്കിയലക്കി തുണിയേതുമില്ലാ
കലക്കിക്കലക്കി നീ ബ്ലോഗും കലക്കി
കലയുടെ സൌന്ദര്യം നിന്നില്‍ ബാക്കി
ചിത്രഗുപ്താ, എന്തരിത്? ആദി-മധ്യ-അന്ത: പ്രാസ പ്രയോഗം... കൊള്ളാം.
അഭിനന്ദനത്തിനു നന്ദി.
Post a Comment