Thursday 31 May 2007

പ്രണയം വരുന്ന വഴികള്‍ - ആദ്യാനുരാഗം

അക്കാലത്ത് സ്കൂളുകളില്‍‌ ഈസിയെ എന്നൊരേര്‍പ്പാടുണ്ടായിരുന്നു. ഒരുപക്ഷേ നിങ്ങളും കേട്ടിരിക്കും.

വെള്ളിയാഴ്ച്ക ഉച്ച തിരിഞ്ഞാല്‍‌ അയല്‍ക്കാരുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച പൂക്കള്‍കൊണ്ട് മുക്കാലി ബോര്‍ഡ് അലങ്കരിക്കുക; തത്തമ്മയുടെ കടയില്‍നിന്നും വാങ്ങുന്ന പ്യാരി മുട്ടായി വിതരണം ചെയ്യുക; ചെറിയ നാടകമോ നൃത്തമോ അവതരിപ്പിക്കുക എന്നിവ ഇതിന്റെ ഭാഗമായിരുന്നു. എന്നിരിക്കിലും മുഖ്യ ആകര്‍ഷണം, പരിപാടി തുടങ്ങിയതില്പിന്നീട് ക്ലാസ് ഉണ്ടായിരിക്കില്ല എന്നതായിരുന്നു.

ജീവിതത്തില്‍‌ അവസാനമായി (ആദ്യമായും) നാടകത്തില്‍‌ അഭിനയിക്കുവാന്‍‌ കഴിഞ്ഞതും ഇത്തരമൊരു വേദിയിലായിരുന്നു.

ഈസിയെ - ഇതിന്റെ അര്‍ത്ഥം വളരെക്കാലത്തിനു ശേഷമാണ് പിടികിട്ടിയത്. (കളരിക്കു പുറത്തെ അഭ്യാസങ്ങള്‍‌) ഞങ്ങള്‍ക്ക് ചില സ്വാതന്ത്ര്യങ്ങള്‍‌ അനുവദിച്ചുതന്നിരുന്നു. കുറച്ച് അകലത്തേയ്ക്കു പോകുവാനും പൂക്കള്‍‌ ശേഖരിക്കുവാനും അങ്ങനെ പല വീടുകളും കാണുവാനും പലരുടെയും ചീത്തവിളി കേള്‍ക്കുവാനും ഭാഗ്യം കൈവന്നിട്ടുണ്ട്. ചിലര്‍‌ ചീറ്റപ്പുലികളാണെങ്കില്‍‌ ചിലര്‍‌ നിസ്സഹായതയോടെ നോക്കിനില്‍ക്കും. അപൂര്‍വം ചിലര്‍‌ പൂ പറിക്കാന്‍‌ സഹായിക്കുകയും ചെയ്യുമായിരുന്നു. മനുഷ്യന് അക്കാലത്തും വലിയ മാറ്റമില്ലായിരുന്നുവെന്ന് സാരം.

അന്നത്തെ ഈസിയെക്ക് ക്ലാസിലെ സ്റ്റാറായിരുന്ന, പാട്ടുപാ‍ടുന്ന - നൃത്തം ചെയ്യുന്ന - വട്ടമുഖത്ത് വലിയ കണ്ണുകളുള്ള, ഷൈലജ അമ്പരപ്പോടെ എന്നെ നോക്കി. ചുമതല അവള്‍ക്കാണ് സാര്‍‌ നല്‍കിയിരിക്കുന്നത്. ഗന്ധമാദനമെങ്കില്‍‌ അത് എന്ന മട്ടില്‍‌ ഞാന്‍‌ നിന്നു. എന്താണെന്നറിയില്ല; അവള്‍‌ കൂടി എന്നോടൊപ്പം വരാന്‍‌ തീരുമാനിച്ചു. അങ്ങനെ ജോണ്‍സണ്ണന്റെ വീട് ലക്ഷ്യമാക്കി ഞങ്ങള്‍‌ നീങ്ങി.

ഒരു ലോറിക്ക് ഒന്നുത്സാഹിച്ചാല്‍‌ കയറിപ്പോകുവാന്‍‌ കഴിയുന്ന റോഡരികിലായിരുന്നു ജോണ്‍സണ്ണന്റെ വീട്. അണ്ണന്റെ മകളായിരുന്നു, ഞങ്ങള്‍‌ ആദ്യം കാണുന്ന പരിഷ്ക്കാരിപ്പെണ്ണ്. ബോബ് ചെയ്യുക; വെട്ടാത്ത നഖത്തില്‍‌ നെയില്‍‌പോളീഷ് ഇടുക; കുളിക്കാതെ പൌഡറിട്ട് കാറില്‍‌ സഞ്ചരിക്കുക എന്നിത്യാദി പരിഷ്ക്കാരക്കൂട്ടുകള്‍‌ കൃത്യമായി പാലിച്ചിരുന്നു.

നാട്ടിലെ ക്രിസ്ത്യാനികളുടെ ആസ്ഥാന ചെടിയായ ബൊഗയ്ന്‍‌വിലിയയ്ക്ക് പുറമെ ധാരാളം പൂച്ചെടികള്‍‌ മുറ്റത്തുണ്ടായിരുന്നു. റോസ് നിറമുള്ള വീട്ടില്‍‌, "അല്ലിയാമ്പല്‍‌ കടവില്‍‌..." എന്ന പാട്ടുകേട്ട് തികച്ചും ക്രിസ്തീയയായിത്തന്നെ കാലം കഴിച്ചുപോന്നു, ആ സുന്ദരി.

മറ്റുള്ളവരെന്തുവിചാരിക്കും എന്നു കരുതി മുറ്റത്തു നടുന്ന ഒരു ചെമ്പരത്തിയില്‍‌ - ഏറിയാല്‍‌ ഒരു തെറ്റിയും രണ്ട് ജമന്തിയും - ഒടുങ്ങിയിരുന്നു, നാട്ടിലെ വീടുകളിലെ ഗാര്‍ഡനിങ്. മിക്ക ചെടികളും അവയുടെ ആയുസ്സിന്റെ ബലംകൊണ്ട് പിടിച്ചുനില്‍ക്കുന്നവയായിരിക്കും. എന്നാല്‍‌ ജോണ്‍സണ്ണന്റെ വീട്ടില്‍‌ കാര്യമായ പരിചരണത്തോടെ ചെടികള്‍‌ തിളിര്‍ത്ത്, വളര്‍ന്ന്‍‌, പൂത്തിരുന്നു.

ഇസിയെയ്ക്കുള്ള എന്റെ തുറുപ്പ് ഈ വീടായിരുന്നു. മറ്റുള്ളവര്‍‌ പൂവിനുവേണ്ടി പരക്കമ്പായുമ്പോള്‍‌ ഞാനിവിടെ വന്നു ആവശ്യത്തിന് ശേഖരിക്കുമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍‌, സുന്ദരി അലസമായി ജനാലയിലൂടെ നോക്കാറുണ്ടെന്നല്ലാതെ യാതൊരുവിധ പ്രതിക്ഷേധവും രേഖപ്പെടുത്തിയതായി രേഖകളില്ല.

ആരും കാണാനില്ലായിരുന്നെങ്കിലും എന്നാല്‍‌ നയിക്കപ്പെട്ട് ഷൈലജ വരുന്നതില്‍‌ അഭിമാനത്തോടെ ഞാന്‍‌ ചുവടുകള്‍‌ വച്ചു. സ്വന്തം വീട് എന്നപോലെ ഞാന്‍‌ ഗേറ്റ് തുറക്കാനൊരു ശ്രമം നടത്തി; പരാജിതനായി. പിന്നെ, പതിവുപോലെ, കടലാസുചെടിയുടെ ആക്രമണമില്ലാത്ത ഭാഗത്തെ മതിലിന്മേല്‍‌ ചാടിക്കയറി. അവിടെനിന്ന് ചെമ്പരത്തി, തൂക്കുചെമ്പരത്തി, മുളകുചെടിപ്പൂ എന്നിവ ആകുന്നത്ര ശേഖരിക്കാന്‍‌ തുടങ്ങി. ഓരോന്ന് പറിച്ചെടുത്ത് താഴെ നില്ക്കുന്ന ഷൈലജയ്ക്ക് കൊടുക്കും. പൂക്കളുടെ എണ്ണം കൂടുന്തോറും അവളുടെ കണ്ണുകള്‍‌ വികസിച്ചുവരാന്‍‌ തുടങ്ങി; ഓരോ തവണ പൂവ് കൈമാറുമ്പോഴും എന്റെ അനുരാഗവും.

ഉരുണ്ട മൂക്കിനു കീഴെ നനുത്ത മീശയില്‍‌ വിയര്‍പ്പു പൊടിഞ്ഞു നില്‍ക്കുന്നു. പാവം, നടന്നു ക്ഷീണിച്ചതാവാം. ആ സുന്ദരമുഖം വാടിയതിനു പകരമായി പരമാവധി പൂക്കള്‍‌ പറിച്ചുനല്‍കാന്‍‌ ഞാന്‍‌ മുന്നോട്ടാഞ്ഞു. എന്നാല്‍‌... ചെമ്പരത്തിയില്‍‌ കുടികിടപ്പവകാശം കിട്ടിയ, സ്വര്‍ഗത്തിലെ കട്ടുറുമ്പിന്റെ ഭൂമിയിലെ വേര്‍ഷന്‍‌ എന്റെ മേലാസകലം ഇക്കിളിയിട്ടു.

ഇതുവരെ ക്ഷമിച്ച വായനക്കാരേ, ഇങ്ങനെയൊരു പരിസമാപ്തി വന്നതിന് ഖേദിക്കുന്നു.

ജോണ്‍സണ്ണന്റെ വീടിലെ പച്ചവെളിച്ചെണ്ണ പുരട്ടി തണിര്‍ത്ത്, കരഞ്ഞു നിന്ന എന്നെ സ്കൂളില്‍നിന്ന് സാറുവന്ന് സ്കൂളിലെത്തിച്ചും, വീട്ടില്‍നിന്ന് ആളുവന്ന് വീട്ടിലെത്തിച്ചും രണ്ടുമൂന്ന് ദിവസം കിടക്കേണ്ട വകുപ്പുണ്ടാക്കി. ആ ദിനങ്ങളില്‍‌ ഞാന്‍‌ കണ്ട സ്വപ്നങ്ങളില്‍‌ ഷൈലജയുടെ തുടുത്ത മുഖമുണ്ടായിരുന്നില്ല; വരിയായി നീങ്ങുന്ന കട്ടുറുമ്പുകളായിരുന്നു നിറയെ...

Monday 28 May 2007

ഒരു പാട്ടുകാരന്റെ കഥ

ഗ്രീഷ്മം കത്തിനിന്ന ഒരു വൈകുന്നേരത്താണ് അയാള്‍‌ കുന്നിറങ്ങി വന്നത്. തേനോലുന്നതായിരുന്നു ആ സ്വരം. പുഴയുടെ ത്ധില്ലിശ്ചങ്കാരനാദത്തിന്റെ അകമ്പടിയോടെ അതവിടെ നിറഞ്ഞുനില്‍ക്കും.

രണ്ടു വലിയ കയങ്ങളും പാറക്കെട്ടുകളും‌ നിറഞ്ഞ, ഇങ്ലീഷിലെ ‘എല്‍‌’ രൂപത്തില്‍‌ ആറു തിരിയുന്നിടം അക്കാലത്ത് വൈകുന്നേരങ്ങളില്‍‌ നീരാടാനെത്തുന്നവരെക്കൊണ്ട് നിറയുമായിരുന്നു. ലോകബാങ്കിന്റെ കുടിവെള്ളപദ്ധതി നിലവില്‍‌ വന്നിരുന്നിരുന്നില്ല. കേബിള്‍‌ ചാനലുകളുമില്ലായിരുന്നു. റ്റി.വി. തന്നെ അപൂര്‍വ്വം.

പല പ്രണയങ്ങളും മൊട്ടിട്ടതും വിരിഞ്ഞതും പരിമളം പടര്‍ത്തിയതും ഇവിടെവച്ചായിരുന്നു. ഒരു നാടിന്റെ ആഘോഷകേന്ദ്രമായി വേനല്‍ക്കാലത്ത് ആ കടവുകള്‍‌ മാറി.

ആറിന്റെ മറുവശം മൊട്ടക്കുന്നാലും കരിമ്പനകളാലും ഒരു ഭയാനകത സൃഷ്ടിച്ചിരുന്നു. അതുവഴിയാണ് കഥാനായകന്‍‌ പ്രത്യക്ഷപ്പെട്ടിരുന്നത്.

കൃഷ്ണവര്‍ണ്ണം. ഉരുണ്ടുകളിക്കുന്ന മസിലുകള്‍‌. ചുരുണ്ട് തലയോട്ടിയോട് ചേര്‍ന്നു നില്‍ക്കുന്ന മുടി; വിടര്‍ന്ന കണ്ണുകള്‍; ചുവന്ന ചുണ്ട്‌. ആകെക്കൂടി ഒരു ഓടക്കുഴല്‍‌ മിസ്സിങ്ങാണെന്നു തോന്നും. അവധി ദിനങ്ങളില്‍‌ കൃത്യം 3.30ന് അയാള്‍‌ എത്തും. എന്നിട്ട് മറുവശത്തുള്ള കയത്തില്‍‌ കഴുത്തറ്റം മുങ്ങിനിന്ന് ആ സ്വരധാര ഗംഗാപ്രവാഹം നടത്തും.

സ്വാഭാവികമായും ഇപ്പുറത്തെ കടവിലെ പെണ്ണുങ്ങളുടെ ശ്രദ്ധ മുഴുവന്‍‌ അയാളിലായി. പലരും അയാളുടെ പുഴ സന്ദര്‍ശനത്തിനനുസരിച്ച് തങ്ങളുടെ നീരാട്ടിന്റെ സമയവും ക്രമീകരിച്ചു. പുരുഷപ്രജകള്‍ക്ക് കനത്ത അടി സമ്മാനിച്ചുകൊണ്ട്, വളയുന്ന പരുവത്തിലും ഒടിയുന്ന പരുവത്തിലും ഒക്കെ എത്താറായ പല നാരികളും പൈഡ് പൈപ്പറിന്റെ പുറകെ എലികള്‍‌ എന്നകണക്കെ തങ്ങളുടെ ഹൃദയങ്ങള്‍‌ അയാള്‍ക്കുപിന്നില്‍‌ അണിനിരത്തി.

അമ്മമാര്‍‌ സ്വന്തം മകനായും യുവതികള്‍‌ ഭാവിവരനായും കുട്ടിക‌ള്‍‌ ചേട്ടനായും അയാളെ സങ്കല്‍പ്പിക്കാന്‍‌ തുടങ്ങി. പല വീടുകളിലും അയാളെച്ചൊല്ലി സംഘര്‍ഷവും കുളിമുടക്കലും ഉണ്ടായി. പെണ്ണുങ്ങള്‍‌ അടക്കം പറയുന്നിടത്ത് കൂടെയില്ലാത്തവളുടെ പേര് അയാളോടൊപ്പം ചേര്‍ത്തുവച്ചു; എന്നിട്ട് മനസ്സില്‍‌ തങ്ങളെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഇതൊന്നുമറിയാതെ ആ ഗായകന്‍‌ പതിവുതെറ്റാതെ പാടി. ആരെയും ശ്രദ്ധിക്കാതെ, കല്‍ക്കെട്ടില്‍‌ വസ്ത്രമഴിച്ചുവച്ച്, തോര്‍ത്തുടുത്ത്, അയാള്‍‌ ജലാശയത്തിലേയ്ക്കിറങ്ങും. പിന്നെ അനന്തതയിലേയ്ക്കു നോ‍ക്കി, അകലെയെവിടെയോ മറഞ്ഞുനില്‍ക്കുന്ന പ്രണയിനിക്കു കേള്‍ക്കുവാനെന്ന മട്ടില്‍‌...

പെട്ടെന്നൊരുനാള്‍‌ അയാള്‍‌ അപ്രത്യക്ഷനായി. പുളിച്ച തെറിയും കൈപിരിക്കലും വൃഷണത്തില്‍‌ ഞെക്കും വേണ്ടിവന്നത്രെ!

മഴമേഘങ്ങള്‍‌ ഉരുണ്ടുകൂടിയ ആകാശത്തിനുകീഴെ, നാട്ടിലെ പെണ്ണുങ്ങള്‍‌ വിരസതയോടെ, പ്രതീക്ഷയോടെ, പുഴക്കടവില്‍‌ വീണ്ടും വസ്ത്രങ്ങള്‍‌ ഉണക്കി.

Wednesday 16 May 2007

വെള്ളപ്പൊക്കത്തില്‍‌

പിച്ചക്കാരി പട്ടുസാരി ഉടുത്തതുപോലെ, സിമന്റിട്ട മനോഹരമായ വരാന്തയായിരുന്നു ബാബുവിന്റെ വീടിനുണ്ടായിരുന്നത്. അമ്മയും 6 മക്കളില്‍‌ ഏറ്റവും ഇളയവനായ ബാബുവുമായിരുന്നു ആ വീട്ടിലെ താമസക്കാര്‍‌. തലമുറകളായി നിര്‍മ്മാണത്തൊഴിലാളികള്‍‌. പണിസ്ഥലത്തു നിന്നും ചോറ്റുപാത്രത്തില്‍‌ സിമന്റ് കടത്തിയാണ് കൈവരികെട്ടിയതെന്ന ആരോപണം അസൂയാലുക്കള്‍‌ നാട്ടില്‍‌ നിലനിര്‍ത്തിയിരുന്നു.

ദശനവിഹീനയെങ്കിലും നാടുമുഴുവന്‍‌ കേള്‍ക്കെ ഒച്ചയോടെ സംസാരിക്കുമായിരുന്ന ബാബുവിന്റെ അമ്മയും ഊര്‍ജ്ജസ്വലയായ കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായിരുന്നു.

അങ്ങനെ സന്തോഷത്തോടെ അവര്‍‌ ജീവിച്ചുവരവെ, അക്കൊല്ലം അസാധാരണമാംവിധം വെള്ളപ്പൊക്കമുണ്ടായി. പാറക്കെട്ടുകളെ വിഴുങ്ങി ആര്‍ത്തലച്ച് പായുകയാണ് പുഴ. വന്‍‌വൃക്ഷങ്ങളും കോഴിക്കൂടുകളും ആട്, പട്ടി തുടങ്ങിയ സചേതന വസ്ത്തുക്കളും ആറിലൂടെ താഴേയ്ക്കൊഴുകി. കാഴ്ച കാണാന്‍‌ ധാരാളം ആളുകള്‍‌.

ഒരു തേങ്ങ ഒഴുകിവന്നു. കുത്തൊഴുക്കിലേയ്ക്ക് ബാബു സധൈര്യം എടുത്തുചാടി. കരയില്‍‌ അമ്മയുടെ നിലവിളി: "എടാ ബാവൂ! കേറെടാ... പയലേ, നിന്നോടാണ് പറഞ്ഞത്... കേറെടാ! അയ്യോ... ആരെങ്കിലും ഓടിവരണേ. എന്റെ മോന്‍‌ പോയേ..."

വിലാപം ഉച്ചസ്ഥായിയിലായി. എന്തായാലും ഭാഗ്യത്തിന് അതൊഴുകിപ്പോയി. നാളികേരം നഷ്ടപ്പെട്ട ബാബു സങ്കടത്തോടെ തിരിഞ്ഞു നീന്താന്‍‌ തുടങ്ങി. ഞങ്ങള്‍‌ ദീര്‍ഘം നിശ്വസിച്ചു.

പെട്ടെന്ന് അമ്മയുടെ, ഹൃദയം നുറുങ്ങുന്ന അലര്‍ച്ച:
"ടാ‌.......... ബാ‍വൂ‍........ അതാ ഒരു തേങ്ങ; പിടിയെടാ!!!"

Tuesday 15 May 2007

പരിസ്ഥിതി പ്രവര്‍ത്തനം

മാമാങ്കങ്ങളുടെ മടിത്തട്ടില്‍‌ ജെസിബികള്‍‌ വാള്‍പ്പയറ്റുനടത്തുന്നതു കണ്ടു മടുത്ത പൊതുജനത്തിന് അതൊരു പുതുമ തന്നെയായിരുന്നു; ആസ്ഥാന പരിസ്ഥിതിപ്രേമികള്‍ക്ക് പ്രത്യേകിച്ചും. എന്തൊരു ചങ്കുറപ്പ്; എന്തൊരു വീക്ഷണം! ആ കുഗ്രാമത്തില്‍‌ അങ്ങനെയൊരു നീക്കം അവിശ്വസനീയമായിരുന്നു. കേരളത്തിലെ ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ഒത്തുചേര്‍ന്ന അപൂര്‍വ്വ സംഗമം. മണല്‍‌ മാഫിയയ്ക്കെതിരായ കരുത്തുറ്റ ചുവടുവയ്പ്പ്.

എല്ലാപേരുടെയും അഭിനന്ദനങ്ങള്‍‌ ഏറ്റുവാങ്ങി അഭിമാനത്തോടെ നില്‍ക്കുന്നു, സംഘാടകന്‍‌ നാരായണന്‍കുട്ടി. വന്‍‌തോക്കുകള്‍‌ കണ്ണടച്ചപ്പോള്‍‌, സ്വന്തം നാടിനെയും പുഴയെയും രക്ഷിക്കുവാനായി മുന്നിട്ടിറങ്ങിയ ആ ചെറുപ്പക്കാരനെ എല്ലാപേരും അഭിനന്ദനങ്ങളാല്‍‌ മൂടി. അധികം വിദ്യാഭ്യാസമില്ലാത്ത നാരായണന്‍കുട്ടി, എത്ര ആവേശത്തോടെയാണ് മണല്‍‌ മാഫിയയ്ക്കെതിരെ ആഞ്ഞടിക്കുന്നത്. പറഞ്ഞുവന്നപ്പോള്‍‌ ആവേശം മൂത്ത് അദ്ദേഹം ഇത്രയുംകൂടി പറഞ്ഞു:

"മണല്‍‌ വാര്ണത് പോട്ടേന്നെക്കാം... പക്ഷെ, അവര്ക്ക് അത് പോരല്ലോ... അവറ്റങ്ങള്‍ക്ക് ഓള് കുളിക്കിണേന്റെ ഫോട്ടോ എടുത്തേ പറ്റുള്ളുത്രെ! അങ്ങനെയിപ്പോ അവറ്റെ വെറുതെ വിടണ്ടാന്ന് ഞാനങ്ങ്ട് തീരുമാനിച്ചു."