Friday 15 June 2007

കടല പ്രഥമന്‍‌

എങ്ങനെ സംഭവിച്ചതെന്നറിയില്ല. ആ ഓണാവധിയില്‍‌ ഏറ്റവും അരസികേഷുവായ ഒരു മാമന്റെ (അമ്മയുടെ സഹോദരന്‍‌) വീട്ടില്‍‌ ഞാന്‍‌ ഒറ്റപ്പെട്ടുപോയി. എല്ലാപേരും ഓണാഘോഷം കാണുവാന്‍‌ പോയിരിക്കുന്നു. വീട്ടിലാണെങ്കില്‍‌ കറണ്ടുമില്ല. അതിശക്തമായ വിശപ്പ്. വലിയ മാനസിക അടുപ്പമില്ലാത്തതിനാല്‍‌ അമ്മാവനോട് ചോദിക്കുവാന്‍‌ മടി. ഒരു ചിമ്മിനിവിളക്കിന്റെ വെട്ടത്തില്‍‌, ‘പരീക്ഷ എളുപ്പമായിരുന്നോ?’ തുടങ്ങിയ മരുഭൂമി പോലുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍‌ ഒരു ഒന്‍പതാംക്ലാസുകാരന്‍‌ ‘ഇതില്‍ഭേദം സ്കൂളില്പോകുന്നതാണ്’ എന്നു ചിന്തിക്കുന്ന സമയം.

ഇതേസമയം മറ്റെല്ലാവരും നഗരത്തില്‍‌ ഓണാഘോഷം കണ്ടു രസിക്കുകയായിരിക്കുമെന്ന ചിന്തയുംകൂടിയായപ്പോള്‍‌ ദഹനരസങ്ങള്‍‌‌ അധികമായി ഉത്പാദിപ്പിക്കപ്പെട്ടു. അവസാനം ലജ്ജയുടെ മുളമറയെ വിശപ്പ് തള്ളിനീക്കിയ നിമിഷത്തില്‍‌, ‘എനിക്ക് വെശക്ക്ണ്’ എന്നങ്ങ് പറയുകയും, അത് പ്രതീക്ഷിച്ചിരുന്നെന്ന മട്ടില്‍‌ യാക്കിനെപ്പോലെ മാത്രം ചലിച്ചിരുന്ന അങ്കിള്‍ജി വാലില്‍‌ ചവിട്ടുകൊണ്ട നായകണക്കെ ചാടിയെണിറ്റ് അടുക്കളയിലേയ്ക്ക് പായുകയും ചെയ്തു.

ഇരുണ്ട വെളിച്ചത്തില്‍‌ തണുത്ത ഭക്ഷണം. നിരാശ തോന്നുന്ന കറികള്‍‌. എന്നാല്‍‌, സമീപത്തായി വലിയൊരു ഗ്ലാസില്‍‌ വച്ചിട്ടുള്ള കടല പ്രഥമന്‍‌ രസനാനാളികളെ ഉത്തേജിപ്പിച്ചു. ലാലാരസം വായില്‍‌ നിറഞ്ഞു. വീണ്ടും യാക്കിന്റെ ഭാവത്തിലേയ്ക്ക് കുടിയേറിയ അങ്കിളിനെ മറന്ന് ഞാന്‍‌ തണുത്ത ചോറ് വാരി വിഴുങ്ങി. ഇതൊക്കെ ഒന്നു തീര്‍ത്തിട്ടുവേണം കടലപ്പായസം കഴിക്കുവാന്‍‌. കൈ കഴുകാന്‍‌ നില്‍ക്കാതെ ഗ്ലാസെടുത്ത് ഒരു കമഴ്ത്ത്!

എന്തിനധികം! തണുത്ത, കങ്ങിയ ആ പരിപ്പുകറി തൊണ്ടയില്‍‌ കരിങ്കല്ലുപോലെ തടഞ്ഞു. മാമന്‍‌ എന്തു വിചാരിക്കും! ആദ്യ സിപ്പ് വിഴുങ്ങി. ഗ്ലാസ് താഴെ വച്ചപ്പോള്‍‌ അങ്കിളിന്റെ നിര്‍വികാരമായ ചോദ്യം: ‘പായസമെന്ന് വിചാരിച്ചു, അല്ലെ?’

‘അന്നം കൊടുത്ത അമ്മാവനെ സ്കൂള്‍‌ വിദ്യാര്‍ത്ഥി അമ്മികൊണ്ടിടിച്ചു കൊന്നു’ എന്ന തലവാചകം അടുത്ത ദിനത്തിലെ പത്രത്തില്‍‌ ഞാന്‍‌ കണ്ടു; പിന്നെ, അങ്ങനെയല്ല എന്ന മട്ടില്‍‌ തലയാട്ടി.
അപ്പോള്‍‌ അടുത്ത ചോദ്യം: ‘പരിപ്പ് ഇങ്ങനെ കഴിക്കാനാ നെനക്കിഷ്ടം?’

വിധവയാക്കപ്പെട്ട മാമിയുടെ നിലവിളി കര്‍ണപുടങ്ങളെ വിങ്ങിക്കവെ, ‘തന്നെ.... തന്നെ’ എന്ന് യാന്ത്രികമായി തലയാട്ടി, ഗ്ലാസ് വീണ്ടും ഞാന്‍ വായിലേയ്ക്കു കമഴ്ത്തി...

5 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)
ammavanmar ellam villanmar thane?

thanne..thanne..

കുടുംബംകലക്കി said...

സു, നന്ദി, വീണ്ടും വരിക!
വഴിപോക്കാ, തലമുറകളുടെ അന്തരം. അമ്മാവന്റെ പ്രതീക്ഷയ്ക്കൊത്തുയരാത്ത മരുമകന്‍; തിരിച്ചും.
നന്ദി, കമന്റിന്.

sandpaper said...

Ithu kollamallo!
Its My Blog

ചില നേരത്ത്.. said...

ha ha !!
ഇത് സൂപ്പര്‍ !!
(ഇന്നാണ് ഇത് വഴി വരുന്നത്)

കുടുംബംകലക്കി said...

sandpaper, ചില നേരത്ത്..
സന്ദര്‍ശനത്തിനും കമന്റിനും നന്ദി.