വി.പി. സിങ് ഭരിക്കുന്ന കാലം. ചായക്കടയില്‍നിന്നും ബാര്‍ബര്‍ഷാപ്പില്‍നിന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ കൂടുപൊട്ടിച്ച് പുറത്തുചാടി പടര്‍ന്നു പന്തലിച്ചു രണ്ടാള് മുഖത്തുനോക്കിയാല്‍ രാഷ്ട്രീയം പറയുന്ന അവസ്ഥ. സംവരണം തന്നെ വിഷയം.
അതുപോലുള്ള ഒരു ചെറിയ വാക്കുതര്‍ക്കമായിരുന്നു തുടക്കത്തില്‍ അത്. ഒരാള്‍ കറകളഞ്ഞ മാര്ക്സിസ്റ്റുകാരന്. മറ്റൊരാള്‍ ശക്തനായ ജനതാദള്‍.
വിഷയം: സാമ്പത്തിക/ജാതി സംവരണവും.
ആളുകൂടി; ആവേശം കൂടി. സ്ടഡിക്ലാസിലെ വൈദഗ്ധ്യം വച്ച് മാര്‍ക്സിയന്‍വെട്ടുമായി വിപ്ലവകാരി മുന്നേറിയപ്പോള്‍ തടുക്കാന്‍ തത്ത്വശാസ്ത്രങ്ങളില്ലാതെ ദളം പതറി. ജനം പുച്ഛത്തോടെ നോക്കുന്നു; തോല്‍ക്കുന്നവന്റെ മേല്‍ ചവിട്ടിക്കേറാനുള്ള ആ കാലാതീതമായ ത്വരയോടെ.
നിസ്സഹായതയുടെ കയത്തില്‍ നീന്തിനടന്ന ജനതാക്കാരന്‍ പെട്ടെന്ന് ഒരുള്‍വിളിയാലെന്നപോലെ തിരിഞ്ഞു സഖാവിനെ തറപ്പിച്ചു നോക്കിയിട്ടൊരു ചോദ്യം:
"നീ ദാസ് കാപിറ്റല്‍ വായിച്ചിട്ടുണ്ടോടാ?"
സഖാവൊന്നമ്പരന്നു. സംവരണവുമായി ഈ പുസ്തകത്തിനെന്തു ബന്ധം? ഇനി അഥവാ ജര്‍മ്മനിയിലും ജാതി ഹിന്ദുക്കളുണ്ടോ? സ്റ്റഡിക്ലാസുകള്‍ മനസ്സിലിട്ടു മഥിച്ചിട്ട് യാതൊരു പരിഹാരവും കിട്ടാതെ, വെറുതെ വിഡ്ഡിയാകണ്ട എന്നുകരുതി "ഇല്ല" എന്നു പറഞ്ഞു.
"പിന്നെ നിന്നോട് സംസാരിച്ചിട്ടു കാര്യമില്ല." പ്രതീക്ഷിച്ച ഉത്തരം തന്നെ കിട്ടിയ ദള്‍കാരന്‍ തറപ്പിച്ചു പ്രസ്താവിച്ചു.
കേട്ടുനിന്നവര്‍ക്കൊരു കണ്ഫ്യൂഷന്. ‘ദാസ് കാപിറ്റല്‍‘ വായിക്കാത്ത സഖാവുമായി ചര്‍ച്ച വേണമോ വേണ്ടയോ? അതില്‍ സംവരണത്തെപ്പറ്റി വിശദീകരിച്ചുട്ടുണ്ടോ? വായിക്കാത്തത് അബദ്ധമായോ? എന്നിത്യാദി ചിന്തകളാല്‍ അവര്‍ ദള്‍കാരനെ ത്തന്നെ പിന്താങ്ങാന് തീരുമാനിച്ചു.
ദാസ് കാപിറ്റല്‍ പഠിപ്പിച്ചിരുന്ന സ്ടഡിക്ലാസില്‍ കയറാതിരുന്നതിന് സ്വയം ശപിച്ച് സഖാവ് തലകുമ്പിട്ട് യാത്രയായി.
‘സംവരണ ചര്‍ച്ചയില്‍ മൂലധന വായനയുടെ പ്രാധാന്യം‘ എന്ന വിഷയം തുടര്‍ചര്‍ച്ചയായി ജനം ഏറ്റെടുക്കേ സോഷ്യലിസത്തിന് കമ്യൂണിസത്തിന്മേലുണ്ടായ വിജയം കാണാന്‍ ജെ.പി.യില്ലാത്തതോര്‍ത്ത് ജനതാദള്‍കാരന്‍ ദു:ഖിച്ചു.
Friday, 8 June 2007
Subscribe to:
Post Comments (Atom)
4 comments:
കലക്കി,എല്ലാത്തിനും ഒരു ചുവപ്പുമയമാണല്ലോ..കൊള്ളം
ഇഷ്ടായി
എന്റെ കുടുംബം കലക്കി,
താങ്കളുടെ ബ്ലോഗ് കലക്കി.
വഴിപോക്കാ, പെട്ടുപോയി!...:)
കിനാവേ, വക്കംജി, നന്ദി.
Post a Comment