അധ്യായം 3
മനസ്സിടിഞ്ഞു. ഇപ്പോള്‍തന്നെ തിരികെ പോയാലോ? ഛെ! എല്ലാപേരും കളിയാക്കും. എന്തായാലും ഉത്തര്‍കാശിയിലേയ്ക്കുള്ള ബസില്‍, പുറംകാഴ്ചകള്‍ക്കിടം നല്‍കാന്‍ വളരെ നേരം മനസ്സ് അനുവദിച്ചില്ല. നല്ല തണുപ്പ്. തെളിഞ്ഞ ആകാശം. ഇടയ്ക്കൊക്കെ വണ്ടി നിറുത്തുന്നുണ്ടായിരുന്നു. ഋഷികേശിലും വണ്ടി നിന്നു. എന്നാല്‍, പുറത്തേയ്ക്കിറങ്ങാന്‍ തോന്നിയതേയില്ല. മുന്‍പും വന്നിട്ടുള്ളതിനാലും മനസ് മടുത്തിരുന്നതിനാലും പിന്നെ സ്വതേയുള്ള, സൈഡ് സീറ്റ് കിട്ടിയാലുള്ള മാനസികാവസ്ഥയാലും സീറ്റില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു.
ലക്ഷ്മണ്‍ ജുല: ഋഷികേശില്‍ ഗംഗയ്ക്കു കുറുകെയുള്ള തൂക്കുപാലം. ഗംഗ ആദ്യമായി സമതലത്തിലെത്തുന്നത് ഇവിടെയാണ്. പാണ്ഡവരുടെ സ്വര്‍ഗാരോഹണ യാത്രയുടെ തുടക്കവും ഇവിടെയത്രെ. മറുകരയില്‍ക്കൂടിയാണ് വനത്തിനുള്ളിലുള്ള നീല്‍കണ്ഠ് ക്ഷേത്രത്തിലേയ്ക്കുള്ള കാനനപാത.ശിവരാത്രിക്ക് അവിടെ വലിയ ഉത്സവം നടക്കും. വീണ്ടും മുന്നോട്ട്. അവിടവിടെ കാലിക്കൂട്ടങ്ങളുമായി പെണ്‍കുട്ടികള്‍. സൂചിതാഗ്രമരങ്ങള്‍ തിങ്ങിയ മലഞ്ചെരിവുകള്‍.കാനനഭംഗിയില്‍ സഹ്യന്റെ ഏഴയലത്ത് ഇവയൊന്നും വരില്ലെന്ന് മനസ്സിലോര്‍ത്ത് ആശ്വസിച്ചു. ഉച്ചയോടെ വണ്ടി ടെഹ്‌രി പട്ടണത്തിലെത്തി. ഇനി ഊണ് കഴിഞ്ഞേയുള്ളൂ യാത്ര. എല്ലാപേരും പുറത്തേയ്ക്കിറങ്ങി.
ടെഹ്‌രി. ജലനര്‍ത്തകിയുടെ പാദങ്ങളിലെ ആദ്യ ബന്ധനം! ടെഹ്‌രി അണക്കെട്ട്! “ഞങ്ങളുടെ കണ്ണീരില്‍ തീര്‍ത്ത അണക്കെട്ട്” എന്ന് സുന്ദര്‍ലാല്‍ ബഹുഗുണ വിലപിച്ചിടം.ഡാം നിര്‍മ്മാണം പുരോഗമിക്കുന്നേയുള്ളൂ. നദിയെ മലതുരന്ന് മറ്റൊരു വശത്തുകൂടി തിരിച്ചുവിടുകയാണ്. അഭിനവ ഭഗീരഥന്‍ കാട്ടിയ വഴിയിലൂടെ ഗംഗ നമ്രശിരസ്കയായി, ശാന്തമായൊഴുകുന്നു; പട്ടണം നദിയുടെ അരികില്‍ പരിത്യക്തനായ കാമുകനെപ്പോലെ, ഏതുനിമിഷവും ജലനിമഞ്ജനത്തിന് തയ്യാറായി നിസ്സയായതയോടെ. ആസന്നമായ കുടിയൊഴിപ്പിക്കല്‍ അംഗീകരിച്ച മട്ടിലാണ് സ്ഥലവാസികള്‍. അല്ലാതെന്തുചെയ്യാന്‍ എന്നൊരു മനോഭാവം അവര്‍ക്കിടയില്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്.
ടെഹ്‌രി ഡാം സൈറ്റ്: ബന്ധനത്തിനു മുന്‍പുള്ള ദൃശ്യങ്ങള്‍ 1978-ല്‍ നിര്‍മാണംതുടങ്ങുമ്പോള്‍ മൊത്തം ചെലവ് കണക്കുകൂട്ടിയിരുന്നത് 4 ദശലക്ഷം അമേരിക്കന്‍ ഡോളറായിരുന്നത് ഇപ്പോള്‍ ഒന്നേകാല്‍ ബില്യന്‍ കഴിഞ്ഞിരിക്കുകയാണ്. അനേകം ഉന്നത ഉദ്യോഗസ്ഥര്‍ ഇതിനിടെ അഴിമതിക്കേസുകളിലായി. ഇവിടത്തെപ്പോലെതന്നെ കാര്യങ്ങള്‍ അവിടെയുമെന്ന് സാരം! പരിസ്ഥിതി വാദികളുടെയും തദ്ദേശവാസികളുടെയും എതിര്‍പ്പും 112 ഗ്രാമങ്ങളുള്‍പ്പെടെ ടെഹ്‌രി പട്ടണത്തിലെ ഒരു ലക്ഷത്തിലധികം ജനങ്ങളെ പുതിയൊരു ടെഹ്‌രി പട്ടണം നിര്‍മ്മിച്ച് മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നതും താമസത്തിനു കാരണമായി.
സ്ഥലമൊക്കെ കണ്ട്, വലിയ പാലം കടന്ന്, ചുറ്റിത്തിരിഞ്ഞു പട്ടണത്തിലേയ്ക്ക് ഞങ്ങള്‍ പതിയെ നീങ്ങി. മഴപെയ്തു മാറിയപോലെ റോഡെല്ലാം ചെളിയായിരുന്നു. പാലത്തിനു നടുവില്‍നിന്ന് കലങ്ങിവരുന്ന ഭാഗീരഥിയെ നോക്കി. പറയാനുള്ളത് മറന്ന ഗ്രാമീണ പെണ്‍കൊടിയെപ്പോലെ, പുഴ ഞങ്ങള്‍ക്കുപിന്നിലെ ഗുഹയ്ക്കുള്ളിലേയ്ക്കോടി മറഞ്ഞു. (ഒരു വര്‍ഷത്തിനു ശേഷം, ടണല്‍ അടയ്ക്കുകയും അതേത്തുടര്‍ന്ന് പാലം വെള്ളത്തിനടിയിലാവുകയും ചെയ്തു.)
വണ്ടി ഞങ്ങള്‍ക്കായി കാത്തുകിടന്നിരുന്നു. പറഞ്ഞ സമയത്ത് തന്നെ എല്ലാപേരും മടങ്ങിയെത്തിയതിനാല്‍ അധികം വൈകാതെ യാത്ര തുടര്‍ന്നു. വൈകുന്നേരത്തോടെ ഉത്തര്‍കാശിയില്‍ എത്തിച്ചേര്‍ന്നു. ഇതിനിടയില്‍ പരിചയപ്പെട്ട ഒരു രാജസ്ഥാന്‍ ദമ്പതികള്‍, അവര്‍ ഉത്തര്‍കാശിയില്‍ തങ്ങുന്ന ഒരു മഠത്തിലേയ്ക്ക് എന്നെയും കൂട്ടി. കേരളത്തില്‍നിന്ന് ഏകനായി ഗംഗോത്രിയിലേയ്ക്ക് പുറപ്പെടുന്നവന്‍ എന്നൊരു പരിഗണന അതിനകം എനിക്കു ലഭിക്കുവാന്‍ തുടങ്ങിയിരുന്നു. ഗംഗയുടെ തീരത്തുള്ള ആ മഠം മനോഹരവും അത്യന്തം വൃത്തിയുള്ളതുമായിരുന്നു. ഏതാനും കല്പടവുകളിറങ്ങിച്ചെന്നാല്‍ വേണമെങ്കില്‍ നദിയില്‍ കുളിക്കാം. പട്ടണത്തിലെ തിരക്കില്‍ നിന്ന് വിട്ട്, എന്നാല്‍ അധികം അകലെയല്ലാത്ത, ആ വെടിപ്പാര്‍ന്ന മഠത്തിലെ താമസം ആസ്വാദ്യകരമായിരുന്നു. ബാഗ് വച്ചശേഷം തിരിച്ച്, ബിഎസ്എന്‍എല്ലില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ദമ്പതികള്‍ക്കൊപ്പം പട്ടണത്തിലേയ്ക്കു വന്നു. രാവിലെ പുറപ്പെടുവാനുള്ള വാഹനമൊക്കെ ഏര്‍പ്പാടാക്കി. വീട്ടിലേയ്ക്കും ഓഫീസിലേയ്ക്കും ഫോണ്‍ചെയ്തു. ഭക്ഷണം കഴിച്ചു. തിരികെപ്പോയി സുഖമായുറങ്ങി.
കൃത്യം നാലിന് മഠത്തിലെ ചുമതലക്കാര്‍ വിളിച്ചുണര്‍ത്തി. 5നുള്ള വാഹനം തയ്യാറായിരുന്നു. ബസ്‌സ്റ്റാന്റ് ഏതാണ്ട് പൂര്‍ണമായും ഉണര്‍ന്നുതന്നെയിരുന്നു. വാഹനങ്ങളുടെ മുരള്‍ച്ച. ‘കിളി‘കളുടെയും ഡ്രൈവര്‍മാരുടെയും ഉച്ചത്തിലുള്ള സംസാരങ്ങള്‍. വൈകാതെ വാഹനം നീങ്ങിത്തുടങ്ങി. അധികം വൈകാതെ എല്ലാപേരും ഉറക്കത്തിലേയ്ക്ക്.