എട്ടുസംവത്സരങ്ങള്‍ കഴിഞ്ഞു. അനുഭവങ്ങളുടെ ചൂരും ചൂടും മങ്ങിക്കഴിഞ്ഞു. എങ്കിലും, ഒറ്റയ്ക്ക്, വഴികാട്ടിയുടെ സഹായമില്ലാതെ ഒരാള്‍ തപോവനത്തിലേയ്ക്ക് പോകുന്നത് ഇന്നും അപൂര്‍വമായിരിക്കുമെന്ന് കരുതുന്നു. അതിനാല്‍ തന്നെ ഈ സുദീര്‍ഖമായ യാത്രാനുഭവം നിങ്ങളുമൊത്ത് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. ആദ്യമേതന്നെ ഒരുകാര്യം പറയട്ടെ. യാതൊരുവിധ നിറമ്പിടിപ്പിക്കലുകളും ഞാനിതില്‍ ചെയ്തിട്ടില്ല. എന്നാല്‍, വ്യക്തികളുടെ, വിശിഷ്യാ എന്നോട് നേരിട്ട് ബന്ധമുള്ളവരുടെ, പേരുകള്‍ അതായിരിക്കണമെന്നില്ലെന്ന് അറിയിക്കട്ടെ. (ഈ മാധ്യമം നല്‍കുന്ന സ്വകാര്യതയുടെ സുരക്ഷിതത്ത്വത്തിനു നന്ദി.)
അധ്യായം 1

കേരള ക്ലബ്ബ്: ദില്ലിയിലെ മലയാളികളായ സാഹിത്യകാരന്മാരുടെ ആദ്യകാല താവളം. കൊണാട്ട്സര്‍ക്കിളിലുള്ള ഇവിടെ തിരക്കൊഴിഞ്ഞ ഒരു സായാഹ്നം
ഗംഗ! ഇത്രയേറെ ഐതിഹ്യങ്ങളുള്ള മറ്റൊരു നദിയും ഭൂമുഖത്തുണ്ടാവില്ല. അനേകം സംസ്കൃതികളുടെ കൈവഴികള്‍ ഒന്നിച്ചൊഴുകിത്തിമിര്‍ക്കുന്ന പുണ്യവാഹിനി. ഗോത്രസ്മൃതികളെ തൊട്ടുണര്‍ത്തുന്ന അനവരതപ്രവാഹം.
റാംമോഹന്റെ ഭക്തിപൂര്‍വമായ വര്‍ണനകളില്‍നിന്നാണ് ഗോമുഖില്‍, പറ്റുമെങ്കില്‍ തപോവനിലും, പോകണമെന്ന ആശ ഉറവകൊണ്ടത്. അത് തടുക്കാനാവാത്ത പ്രലോഭനമായി പ്രവഹിക്കുമെന്നായപ്പോഴാണ്, ദില്ലി മലയാളികള്‍ സഹസ്രാബ്ധത്തിലെ ആദ്യ ഓണം ആഘോഷിക്കുന്നവേളയില്‍, നിസാമുദ്ദീനിലെ കടയില്‍നിന്നും വാങ്ങിയ ആറു മീഠാറോട്ടിയും എയര്‍ഫോഴ്സ് കാന്റീനില്‍നിന്ന് സംഘടിപ്പിച്ച 145 രൂപ മാത്രം വിലയുണ്ടായിരുന്ന ആദ്യബാച്ച് ബക്കാര്‍ഡി ഫുള്ളും (തണുപ്പിനെ അതിജീവിക്കാന്‍!) പിന്നെ ഒരുപിടി ചോക്ലേറ്റുകളുമായി ഒരു രാത്രിയില്‍ സെണ്ട്രല്‍ ബസ്സ്റ്റാന്റില്‍നിന്നും ഹരിദ്വാറിലേയ്ക്ക് വണ്ടികയറിയത്.
ഗംഗോത്രിയില്‍നിന്നും അനേകം കിലോമീറ്റര്‍ മഞ്ഞുപാതയിലൂടെ സഞ്ചരിക്കണം. കൊടുംതണുപ്പത്ത് കഴിക്കുവാനായി ബീഫില്‍ത്തയാറാക്കിയ സവിശേഷമായ റൊട്ടിയുണ്ട്. ഫുട്ബോള്‍ പോലിരിക്കുന്ന അതിനെ കീറി അടുപ്പിലിട്ട് ചൂടാക്കി കഴിക്കണം. ഗോമുഖ് മുഴുവന്‍ മഞ്ഞുമൂടിക്കിടക്കുകയായിരുന്നു. അതിനു മുകളിലാണ് തപോവന്‍. അവിടെയാണ് ഗംഗ ഭൂമിയിലെത്തി ആദ്യമായി മനുഷ്യന് ദൃഷ്ടിഗോചരമാകുന്നത്. ഗുപ്ത്ഗംഗ. അതികഠിനമായ തപശ്ചര്യകളനുഷ്ടിച്ചിട്ടുള്ള യോഗികള്‍ക്കുമാത്രമേ അവിടെ ചെന്നെത്തുവാന്‍കഴിയൂ. ഞങ്ങള്‍ക്ക് ഗോമുഖില്‍ തങ്ങി മടങ്ങേണ്ടിവന്നു. അതിനപ്പുറത്തുള്ളത് ചിന്തിക്കുവാന്‍തന്നെ വയ്യ. എന്തൊരു ഭീകരമായ തണുപ്പാണവിടെ....
റാംമോഹന്റെ യാത്രാവിവരണം, ഞങ്ങളുടെ ഒന്‍പതംഗ യാത്രാസംഘത്തെ ക്രമേണ ദുര്‍ബ്ബലപ്പെടുത്തി. പലരും പല കാരണങ്ങള്‍ പറഞ്ഞ് പിന്‍വാങ്ങി. മാത്രമല്ല, എന്തുവന്നാലും പോകുമെന്ന് തീരുമാനിച്ച ചിലരെ പിന്തിരിപ്പിക്കുവാനും ശ്രമിച്ചു.
ചുരുക്കത്തില്‍, യാത്ര തീരുമാനിച്ച അന്ന് പലകാരണങ്ങാളാല്‍ ഞാന്‍ മാത്രമായി യാത്രാസംഘം ചുരുങ്ങിയിരുന്നു. മറ്റെല്ലാപേരും ചേര്‍ന്ന് നിസ്സാമുദ്ദീനില്‍ കൊണ്ടുപോയി, ദില്ലിയിലെത്തിയ നാള്‍മുതല്‍ കഴിക്കുവാന്‍ ആഗ്രഹിച്ചിരുന്ന ചിക്കന്‍റ്റിക്ക മേടിച്ചുതന്നു. അവിടെനിന്ന് അബ്ദുള്‍ സ്കൂട്ടറില്‍ സെണ്ട്രല്‍ ബസ് സ്റ്റാന്റില്‍ കൊണ്ടാക്കിയിട്ട്, “അണ്ണാ, പോയേ തീരോ?” എന്ന് സ്വതസിദ്ധമായ ശൈലിയില്‍ ചോദിച്ചിട്ട് വിഷാദത്തോടെ ചിരിച്ചു; യാത്രയാക്കി. എന്റെ ഭാഷാപരമായ പരിമിതികളാവാം അദ്ദേഹത്തെ കൂടുതല്‍ അലോസരപ്പെടുത്തിയത്.

പഴമയും പുതുമയും: ജന്തര്‍ മന്തറിനുള്ളിലൂടെ കാണാവുന്നത് ദില്ലിയുടെ ആധുനിക മുഖം. ഡി എല്‍ എഫ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ആസ്ഥാന മന്ദിരം
ബസിലിരിക്കുമ്പോള്‍ എനിക്ക് എന്നോടുതന്നെ ബഹുമാനംതോന്നി. എല്ലാവരും ഭയപ്പെടുന്ന ഒരു യാത്രയ്ക്ക് ഇതാ ഞാന്‍ ഒറ്റയ്ക്ക് പുറപ്പെടുന്നു! അതേസമയം, യാത്ര ബുദ്ധിമുട്ടുണ്ടാക്കുമെങ്കില്‍ ഗംഗോത്രിവരെ പോയി മടങ്ങാമല്ലോ എന്ന ആശ്വാസവും എനിക്കുണ്ടായി; പ്രത്യേകിച്ച് നേര്‍ച്ചയൊന്നുമില്ലല്ലോ.
അതേ! നേര്‍ച്ചയൊന്നുമില്ല. അല്ലെങ്കില്‍തന്നെ ഒരവിശ്വാസിക്കെന്തു നേര്‍ച്ച! പക്ഷേ....
1 comment:
എട്ടുസംവത്സരങ്ങള്‍ കഴിഞ്ഞു. അനുഭവങ്ങളുടെ ചൂരും ചൂടും മങ്ങിക്കഴിഞ്ഞു. എങ്കിലും, ഒറ്റയ്ക്ക്, വഴികാട്ടിയുടെ സഹായമില്ലാതെ ഒരാള്‍ തപോവനത്തിലേയ്ക്ക് പോകുന്നത് ഇന്നും അപൂര്‍വമായിരിക്കുമെന്ന് കരുതുന്നു. അതിനാല്‍ തന്നെ ഈ സുദീര്‍ഖമായ യാത്രാനുഭവം നിങ്ങളുമൊത്ത് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുകയാണ്.
Post a Comment