അധ്യായം 2
കുറച്ചുനാള്‍ മുന്‍പ് നാട്ടിലേയ്ക്കുപോകുമ്പോള്‍ ഒരു സഹജീവി അദ്ദേഹത്തിന്റെ അനന്തരവന്റെ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുവാന്‍ എന്റെകൈവശം ഏല്‍പ്പിച്ചിരുന്നു. നാട്ടിലെത്തി ഞാനത് മറന്നു. ഒരാഴ്ച കഴിഞ്ഞ് പയ്യന്‍ വിളിച്ചപ്പോഴാണ് ഓര്‍ത്തത്. എന്നാല്‍, ഇനി നോക്കാനൊരിടമില്ല. അത് നഷ്ടപ്പെട്ടിരിക്കുന്നു! കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍, ഡല്‍ഹിയില്‍നിന്നും സുഹൃത്തിന്റെ, ഇപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുന്ന, ഹൃദയഭേദകമായ കത്ത്; ചെയ്തുതന്ന ‘ഉപകാര‘ത്തിന് നന്ദി അറിയിച്ചുകൊണ്ട്! തിരികെ ഓഫീസില്‍ പോകാന്‍തന്നെ മടിച്ച ദിനങ്ങള്‍. കഴിയുന്നതും ആ കൂട്ടുകാരനെ പരസ്പരം കണ്ടുമുട്ടുന്നത് ഒഴിവാക്കി. ഹൃദയത്തിലൊരു വിങ്ങല്‍. ഞാനായിട്ട്....
ഈ സന്ദര്‍ഭത്തില്‍ മാനസികമായ തകര്‍ച്ചയില്‍നിന്ന് ഒരു മോചനം പ്രസ്തുത യാത്രയിലൂടെ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇനി അഥവാ ദൈവമുണ്ടെങ്കിലോ! യാത്രയ്ക്കനുയോജ്യമാംവിധം താടിയും വളര്‍ന്നിരുന്നു.
ബസില്‍ സുഖകരമായ സീറ്റും മാന്യനായ സഹയാത്രികനും. മുറുക്കാന്‍ ചവയ്ക്കാത്ത ഹിന്ദിക്കാരെല്ലാം മാന്യന്മാരെന്ന് ഒരു ധാരണ എന്നിലുണ്ടായിരുന്നു. സഹയാത്രികനും അതിനാല്‍തന്നെ എന്റെ കണ്ണില്‍ മാന്യനായി. അല്ല, അദ്ദേഹം മാന്യന്‍തന്നെയായിരുന്നു. സാധാരണ രാവിലെ നാലുമണിക്ക് ഹരിദ്വാറിലെത്തുമെന്നും അവിടെ ധാരാളം വിശ്രമസങ്കേതങ്ങളുണ്ടാകുമെന്നും അറിവുകിട്ടി.
ഹരിദ്വാര്‍: ആത്മീയതയും ചരസും ഭംഗും സമ്മേളിക്കുന്ന സ്ഥലം. മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍ വായിച്ചിട്ടാണ് പോകുന്നതെങ്കില്‍ വ്യത്യസ്ഥമായൊരു അനുഭവമാകും അത്. മന്‍സാദേവി ക്ഷേത്രത്തിന്‍ നിന്നുള്ള ഒരു പ്രഭാത ദൃശ്യം.
ഹരിദ്വാറെത്തിയപ്പോള്‍ നന്നേ വെളുത്തിരുന്നു. സൌജന്യസേവനമുള്ള മഠത്തിലെത്തിക്കാമെന്നും വണ്ടിക്കൂലി മാത്രം മതിയെന്നും പറഞ്ഞതിന്‍പ്രകാരം റിക്ഷയില്‍ കയറി. ഹരിദ്വാറിലെ ഗലികളിലൂടെ റിക്ഷ കുറേനേരം ഓടി. അവസാനം ഒരു കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തി. 9 മണിക്കു വരാമെന്നു പറഞ്ഞ് അയാള്‍ പോയി.
അല്പം നിഗൂഢത തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ താടിയാണ് മാനേജര്‍. മുകളില്‍ മുറിയിലേയ്ക്ക് പൊയ്ക്കൊള്ളുവാന്‍ ആംഗ്യം കാട്ടി. മുറിക്ക് വാതിലുണ്ടെങ്കിലും പൂട്ടൊന്നുമില്ല. പുറത്ത് ഒരു കൊളുത്തുമാത്രം. പ്രാഥമിക കൃത്യങ്ങള്‍ക്ക് പൊതുവായൊരു കുളിമുറിയും കക്കൂസും. മുറിയുടെ ഇരുവശങ്ങളിലെയും റൂമുകളില്‍ ധാരാളം അപരിചിതര്‍. എന്റെ ‘വിലപ്പെട്ട’ സാധനസാമഗ്രികളില്‍, ഹുസൈനില്‍ നിന്നും കടംവാങ്ങിയ ഷൂ, വിന്റ്ചീറ്റര്‍ (ട്രൌസറുള്‍പ്പെടെ), കമ്പിളി സോക്സ്, മാത്യു തന്ന, സോപ്പുപെട്ടിപോലത്തെ ഒരു ഫിക്സഡ് ഫോക്കസ് കാമറ, ഒരു സ്വെറ്റര്‍, അമൂല്യമായ വിപ്ലവാരഷ്ട്രം, ഒരു ജോഡി ചെരുപ്പ്, തോര്‍ത്ത്, സോപ്പ്, ചീപ്പ്.... മുന്നേ പറഞ്ഞ മറ്റു ഭക്ഷ്യവസ്തുക്കളും പെടും. ഇവന്മാരിതെങ്ങാനും അടിച്ചോണ്ടുപോയാല്‍! അങ്ങനെ, ഒരു കണ്ണ് റൂമിലേയ്ക്കിട്ട് ഞാന്‍ കാര്യങ്ങള്‍ നിര്‍വഹിച്ചു. കൌണ്ടറില്‍ ആ താടിക്കാരന്‍ 100 രൂപയുടെ രസീത് നീട്ടി. പുറത്ത് വിഡ്ഡിച്ചിരിയുമായി പഴയ ജഡ്കാക്കാരന്‍. പറ്റിക്കപ്പെടലിന്റെ തുടക്കം; മനസ്സില്‍ പറഞ്ഞു.
ജഡ്ക്കാക്കാരന്‍ രാഷ്ട്രീയവും പറഞ്ഞ് വളരെ സന്തോഷത്തോടെ ബസ് സ്റ്റാന്റിലെത്തിച്ചു. 40 രൂപ! 15 രൂപ മാത്രം മതിയെന്നു പറഞ്ഞയാളാണ്. വഴക്കായി. അയാളുടെ slang പലതും മനസ്സിലാവാത്തതിനാലും സ്തോഭത്താലും എനിക്ക് വാക്കുകള്‍ പുറത്തേയ്ക്കു വരുന്നില്ല. സത്രത്തില്‍ നൂറുരൂപ കൊടുക്കാന്‍ മടിയില്ല; എനിക്ക് 40 തരാന്‍ പിന്നെന്താ പ്രയാസം എന്ന മട്ടില്‍ അയാള്‍ വാദിക്കുകയാണ്. എന്നെ അടിക്കുമെന്നു ഭീഷണിയും. അവസാനം ആരോ ഒരാള്‍ ഇടപെട്ട് 30 രൂപയില്‍ ഒതുക്കി; ബോണസ്സായി കുറെ ചീത്തയും. വഞ്ചന നംബര്‍ 2.
Saturday, 20 September 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment