Wednesday 24 September 2008

ആകാശഗംഗയുടെ അരികെ IV

അധ്യായം 4


ചെമ്മരിയാടുകളുടെ കരച്ചില്‍‌ കേട്ടാണുണര്‍ന്നത്. നേരം നന്നേ വെളുത്തിരിക്കുന്നു. വണ്ടി ഒരു ചെറിയ കവലയില്‍‌ നിറുത്തിയിരിക്കുകയാണ്. താഴെ അഗാധമായ മലഞ്ചരിവ്. വഴിവക്കില്‍‌ നിറയെ ചെമ്മരിയാട്ടിങ്കൂട്ടം. മാടക്കടകളില്‍‌ ചായയും റൊട്ടിയും.

എല്ലാപേരും ചായയും മറ്റും കഴിച്ച് നവോന്മേഷം കൈവരുത്തിയെങ്കിലും പൊതുവെ ഒരു മ്ലാനത വണ്ടിക്കുള്ളില്‍‌ നിലനിന്നിരുന്നു. ദുര്‍ഘടമാ‍യ പാതയിലൂടെ നിത്യാഭ്യാസിയായ ഡ്രൈവര്‍ അനായാസം വാഹനമോടിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ചെറിയൊരു ഇരുമ്പു തൂക്കുപാലമടുത്തപ്പോള്‍‌ വണ്ടി നിന്നു. പിന്നെ അസ്വാഭാവികമായ കരുതലോടെ മെല്ലെ മുന്നോട്ട്. പാലത്തില്‍‌ വണ്ടി കയറിയപ്പേള്‍‌ വെറുതെ എത്തിനോക്കി. ഞടുങ്ങിപ്പോയി. കൂറ്റന്‍‌ പാറ, കീഴ്ക്കാംതൂക്കായി ചെത്തിമാറ്റിയപോലെ പത്തോ പതിനഞ്ചോ അടി വീതിയില്‍‌, അത്യഗാധതയില്‍ക്കൂടി ഗംഗ (അതോ കൈവഴിയോ?) പായുന്നു; ശബ്ദരഹിത ആക്ഷന്‍‌ ചിത്രം പോലെ! എങ്ങാനും താഴേയ്ക്കു വീണാല്‍‌ രക്ഷയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട.

വീണ്ടും വിരസമായ യാത്ര. ചെറു മയക്കം. ഉച്ചത്തിലുള്ള സംസാരം കേട്ടുണര്‍ന്നു. വണ്ടി നിര്‍ത്തിയിരിക്കുകയാണ്. എല്ലാപേരും പുറത്തേയ്ക്കിറങ്ങുന്നു. മുന്നിലും ഏതാനും വാഹനങ്ങള്‍‌. അതിനു മുന്നില്‍‌ റോഡ് അപ്രത്യക്ഷമായിരിക്കുന്നു. നിറയെ ശിലാഖണ്ഡങ്ങളും ചെളിയും. മണ്ണിടിച്ചില്‍‌! (mudslide).

ഇനി ബോര്‍ഡര്‍‌ റോഡ്സിന്റെ എസ്കലേറ്ററുകള്‍‌ വന്ന് ഇവ മാറ്റിയാലേ വാഹനങ്ങള്‍ക്ക് മുന്നോട്ടുപോകാനൊക്കൂ. അതല്ലെങ്കില്‍‌ ചെളി മുറിച്ചുകടന്ന് ഒരു കിലോമീറ്റര്‍‌ മുന്നോട്ട് പോയാല്‍‌ ഒരു ഗീസര്‍‌ ഉണ്ട്. അവിടെ കുളിച്ച് വിശ്രമിച്ചിട്ട് വീണ്ടും മുന്നോട്ട് നടന്നാല്‍‌ ജീപ്പ് വാടകയ്ക്ക് ലഭിക്കും.



മുട്ടളവ് ചെളിയില്‍ക്കൂടി മറുകണ്ടമെത്തി. ഗീസറിനു താഴെ പകുതി അന്തരീക്ഷത്തിലും പകുതി റോഡുവക്കിലുമായി നിര്‍മ്മിച്ചിരിക്കുന്ന ചായക്കടയില്‍‌ ചായയും സബ്ജിയും കഴിക്കാനിരുന്നു. അടുത്ത്, എങ്ങോ കണ്ടുമറന്ന മുഖം. സൌമ്യമായ ചിരി.



പളനിസ്വാമി പൂര്‍വാശ്രമത്തില്‍‌ നേവി ഉദ്യോഗസ്ഥനായിരുന്നു. അജ്ഞാത കാരണങ്ങളാ‍ല്‍‌ ജോലി ഉപേക്ഷിച്ച് ഇവിടെ വന്നു. 15 കൊല്ലമായി. ഗംഗോത്രിയില്‍‌ സൌജന്യ താമസവും ഭക്ഷണവും നല്‍കുന്ന ആശ്രമത്തിന്റെ വിശദാംശങ്ങള്‍‌ പറഞ്ഞുതന്നു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍‌ സ്വാമിയുടെ പേര് പറഞ്ഞാല്‍‌ മതിയാകുമെന്നും പറഞ്ഞ് അദ്ദേഹം സന്തോഷത്തോടെ എന്നെ യാത്രയാക്കി. ചൂടുവെള്ളത്തിലെ കുളിയും ചായയും ഒരു നവോന്മേഷം എനിക്ക് പകര്‍ന്നുതന്നു. മുന്‍പറഞ്ഞ കവലയില്‍‌ അധികം വൈകാതെ ഞങ്ങളെത്തി.

ഒന്നിലധികം ജീപ്പുകള്‍‌ അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍‌ ഗംഗോത്രിയിലേയ്ക്ക് അവരോട് വിലപേശി. എന്നാല്‍‌, തമ്മില്‍‌ത്തമ്മില്‍‌ എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയാണ് അവര്‍‌ ചെയ്തത്. ഞങ്ങളുടെ നിര്‍ബന്ധിക്കലും അവരുടെ ഉഴപ്പലുമായി കുറച്ചുസമയം നീങ്ങി. അപ്പോഴതാ, ഉത്തര്‍കാശിയില്‍‌ നിന്നും ഞങ്ങള്‍‌ കയറിയ വണ്ടി കാലിയായി വരുന്നു! അതേ ചിരിയോടെ അവര്‍‌ ഞങ്ങളോട് വണ്ടിയില്‍‌ കയറിപ്പോകാന്‍‌ പറഞ്ഞു. അല്ലെങ്കിലും, പൊതുവേ ഗഡ്വാളികള്‍‌ സത്യസന്ധരും ആദര്‍ശനിഷ്ഠയുള്ളവരുമത്രേ. ഞാന്‍‌ നാട്ടിലെ സമാന്തര സര്‍വീസുകാരെ ഒരുനിമിഷം സ്മരിച്ചു.

No comments: