Tuesday 3 May 2011

മദ്യവും മദിരാക്ഷിയും


വളരെ നാളത്തെ കുടുംബ പ്രശ്നമായിരുന്നു അത്. ഏതു തിരഞ്ഞെടുക്കണം എന്ന ശങ്ക. മദ്യത്തിന്‍റെ ഗുണവും മറ്റും ഞാന്‍ പറഞ്ഞിട്ട് വേണ്ട നിങ്ങള്‍ അറിയാന്‍. പണ്ടേയുള്ള കളിക്കൂട്ടുകാരന്‍. കൂട്ടുകാരെ നേടിതരുന്നവന്‍. ഉള്ള കൂട്ട് അരക്കിട്ടുറപ്പിക്കുന്നവന്‍. മറിച്ച് ഭാര്യയോ? ആ പരിഹാസച്ചിരി ഇവിടെ കേള്‍ക്കാം, ഒന്ന് പതുക്കെ! എന്തായാലും അതിനൊക്കെ വേണ്ടിയല്ലേ ഈ കുരിശു ചുമക്കുന്നത്? ക്ഷമിക്കൂ. അതുപേക്ഷിക്കുവാന്‍ മനസ്സും വരുന്നില്ല. ഇങ്ങനെ സ്വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടി, അവസാനം ഞാന്‍ മദ്യത്തെ കൈവിട്ടു. (അമ്ളന്‍, ശപ്പന്‍, പെങ്കോന്തന്‍.... ഓകെ ശരി തന്നെ.) സുഹൃത്തുക്കള്‍ വിവിധ പുതിയ ബ്രാന്റുകളെപ്പറ്റി അഭിപ്രായം പറയുമ്പോള്‍ ഞാന്‍ കുടിനീരിരക്കി കേട്ടിരിക്കും. എന്നാന്‍ ഇനി അതുണ്ടാകാന്‍ പോകുന്നില്ല. (എന്താ ഭാര്യ വേറൊരുത്തന്റെ കൂടെ പോയോ എന്നല്ലേ, അല്ല). ഞാന്‍ വീണ്ടും ഒരു കുടിയനാകാന്‍ പോകുകയാണ്. അതിനു നിമിത്തം ഒരു പുതിയ കണ്ടുപിടുത്തവും.

വളരെ അപൂര്‍വമായി മാത്രം ദാമ്പത്യത്തില്‍ സംഭവിക്കുന്ന വിപദിധൈര്യം ഉപയോഗിച്ച് വേണ്ടപെട്ട ഒരു പാര്‍ടിക്ക് പങ്കെടുക്കുകയുണ്ടായി. അവിടെ വൈറ്റ് റം ഒഴിച്ചുവച്ച ഗ്ലാസില്‍ കൌതുകത്തിന് കൈവാക്കിനു കിട്ടിയ ഒരു മുല്ലപ്പൂവ് എടുത്തിട്ടു. എന്തൊരാശ്ചര്യം! മദ്യത്തിന്‍റെ വൃത്തികെട്ട മണം എങ്ങോ പോയിമറഞ്ഞു! പകരം, ഭൈമീ സാമീപ്യത്തിന്റെ മാദക ഗന്ധം! ആയിരം മൃണാള പാണികളുടെ പരിരംഭണം പോലെ! ഒരു വെടിക്ക് രണ്ടു പക്ഷികള്‍! ഇനി ആര്‍ക്കുവേണം ഭാര്യയെ!

സര്‍വരാജ്യ കുടിയന്മാര്‍ക്ക് സമര്‍പ്പിതം.