Friday 13 July 2007

മധു വേട്ടക്കാര്‍‌

ഭൂമിശാത്രം അടിസ്ഥാനമാക്കിപ്പറഞ്ഞാല്‍‌ കഥ നടക്കുന്നത് സമീപ ജില്ലയിലെ പ്രമുഖ പട്ടണത്തിനു ചുറ്റുവട്ടത്തിലാണ്. എന്നാല്‍‌, ഒരു യൂണിവേഴ്സല്‍‌ തീം ആയതിനാല്‍‌ സ്ഥലകാലങ്ങള്‍ക്കു പ്രസക്തിയില്ല.

ആ ചെറുപ്പക്കാര്‍ക്കിടയില്‍‌ വാര്‍ത്തയെത്താന്‍‌ വലിയ താമസമൊന്നുമുണ്ടായില്ല - തങ്കപ്പന്‍‌ (സാങ്കല്പികം) ഗള്‍ഫില്‍നിന്ന് മടങ്ങിവന്നിരിക്കുന്നു!

പിന്‍ബഞ്ചില്‍,‌ പുസ്തകങ്ങളെ ആകാവുന്നത്ര വെറുപ്പോടെ നോക്കി, എങ്ങനെയൊക്കെയോ പത്താംതരമെത്തിയ തങ്കപ്പന്‍‌. തങ്ങള്‍‌ പഠിച്ചു മുന്നേറിയപ്പോള്‍‌, ആട്ടോ ഓടിക്കുവാന്‍‌ പോയ തങ്കപ്പന്‍‌. നാട്ടിലെ സുന്ദരിയെ, തങ്ങളില്‍‌ പലരുടെയും സ്വപ്നസഖിയെ, ഓട്ടോസ്റ്റാന്റില്‍‌വെച്ച് തറ കമന്റടിച്ചതിന് തടികേടായ തങ്കപ്പന്‍‌. അടികൊടുത്തവരില്‍‌ തങ്ങളുടെ പിതാമഹന്മാരും ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താല്‍‌ സൌഹൃദം വിച്ഛേദിച്ച് പിണങ്ങിമാറിയ തങ്കപ്പന്‍‌.

അവനങ്ങനെ ഗള്‍ഫില്‍‌ പോ‍യി. വിദ്യാസമ്പന്നരായ ആ ചെറുപ്പക്കാര്‍‌‌ കടവരാന്തകളില്‍‌ അഭയം തേടി.

കാലം കഴിയവെ, ഏതൊരു അറബിക്കഥയിലും എന്നപോലെ, തങ്കപ്പന്‍‌ പൊന്നപ്പനായി മാറുകയും അടിവാങ്ങിക്കൊടുത്ത ആ സുന്ദരിയെത്തന്നെ വേള്‍ക്കുകയും ചെ‌യ്തു. മധുവിധു തീരും മുന്നേ തങ്കപ്പനു തിരിച്ചുപോരേണ്ടിവന്നു. പിന്നീട്, നീണ്ട ഒരു ഇടവേളയ്ക്കു ശേഷം അയാള്‍‌ വരികയാണ്. അപ്പോഴും ചെറുപ്പക്കാര്‍‌ തൊഴില്‍‌രഹിതര്‍‌, അതുകൊണ്ടുതന്നെ അവിവാഹിതരും.

തങ്കപ്പന്റെ കിടപ്പുമുറിയുടെ പിറകുവശം കനത്ത മതിലാണ്; അതിനുപിറകില്‍‌ ചെറിയൊരു ചതുപ്പ്. അതിനും പിറകില്‍‌ മുഖംതിരിഞ്ഞ് ഒരു ഷാപ്പും. ഷാപ്പിന്റെ പിറകിലുള്ള കനത്ത ഏകാന്തതയില്‍‌ നിന്നാല്‍‌ പിന്നിലെ ജനാലകള്‍വഴി കിടപ്പറയുടെ ഭാഗിക ദര്‍ശനം കിട്ടും. സാധാരണ ആ ജനാലകള്‍‌ അടച്ചിടാറില്ല. വല്ല കല്ലോ കട്ടയോ പിടിച്ചിട്ടാ‍ല്‍‌ കുറച്ചുകൂടി മെച്ചപ്പെട്ട കാഴ്ച ലഭ്യമാകും.

അവരുടെ ഹൃദയങ്ങള്‍ ഒരേസമയം പാപബോധവും വികാരവും കൊണ്ടു നിറഞ്ഞു. ജനയിതാക്കള്‍ വരുന്ന ഷാപ്പണ്. ആരെങ്കിലും കണ്ടാല്‍‌ തീര്‍ന്നു; പിന്നെ ജീവിച്ചിരിക്കേണ്ട!

ഭയവും ആകാംക്ഷയും മൂലം വിയര്‍ത്തു തണുത്ത് അവര്‍‌ ഷാപ്പിന്റെ പിന്നിലേയ്ക്ക് പമ്മി നടന്നു. സന്ധ്യ മയങ്ങുന്നതേയുള്ളൂ. ഈ വിദ്യ തങ്ങളോട് പറഞ്ഞുതന്ന നഗരവാസിയായ സുഹൃത്തിനെ അവര്‍‌ ഒരേസമയം ശപിക്കുകയും പിന്നെ അതോര്‍ത്ത് സങ്കടപ്പെടുകയും ചെ‌യ്തുകൊണ്ടിരുന്നു. കുടുംബത്തിനുണ്ടാ‍യേക്കാവുന്ന നാണക്കേടോര്‍ത്ത് ഇടയ്ക്ക് പിന്മാറുന്നതിനുപോലും അവര്‍‌ തയ്യാറായി. എന്നാല്‍‌ ആ ആദിമ ചോദന അവരെ മുന്നോട്ടേയ്ക്ക് വലിച്ചുപിടിക്കുകതന്നെ ചെ‌യ്തു.

പൊന്ത വകഞ്ഞുമാറ്റി, മുന്നോട്ടേയ്ക്കഞ്ഞ അവര്‍‌ ഇടിവെട്ടേറ്റവരെപ്പോലെ നിന്നു; പിന്നെ പ്രാണനെടുത്തുപിടിച്ച് തിരിഞ്ഞോടി...

കുറെനാള്‍‌ അവര്‍‌ ആരോടും അധികം സംസാരിക്കാതെ, അന്തര്‍മുഖരായി നടന്നു. പിന്നീടെന്നോ ഒരു മദ്യപാന പാര്‍ട്ടിയിലാണ് അത് വെളിപ്പെട്ടത്:

ഷാപ്പിനുപിന്നിലെ ചതുപ്പില്‍ത്തട്ടി പ്രതിഫലിക്കുന്ന പടിഞ്ഞാറന്‍‌ മാനത്തിന്റെ സാന്ധ്യശോഭയില്‍‌, ഷാപ്പില്‍നിന്ന് പിടിച്ചിട്ട ബഞ്ചിന്റെ മുകളില്‍‌ ഏഴെട്ടുപേര്‍‌! നിര്‍ന്നിമേഷരായി, ഈസ്റ്റര്‍‌ ദ്വീപിലെ പ്രതിമകളെപ്പോലെ, തങ്കപ്പന്റെ കിടപ്പറയിലേയ്ക്ക് കണ്ണുംനട്ട്!!! അതില്‍‌ തങ്ങള്‍ക്ക് ജന്മം നല്‍കിയവരും തങ്കപ്പനെ തല്ലാന്‍‌ മുന്നിട്ട് നിന്നവരും ഉണ്ടായിരുന്നു...