
ഗംഗോത്രി ജലപാതം: നദിയുടെ മറുകരയില്‍ നിന്നുള്ള ദൃശ്യം. താഴെ ശിവലിംഗരൂപത്തിലുള്ള പാറയിലേയ്ക്കാണ് പതനമെന്ന് വിശ്വാസം.
ഗംഗോത്രി. പൂര്‍വികരുടെ പാപപരിഹാരാര്‍ഥം, ഭഗീരഥന്‍ തപസ്സനുഷ്ഠിച്ച് ഭൂമിയിലെത്തിച്ച ആകാശഗംഗയുടെ വന്യമായ പതനം ഇവിടെയാണ്. ആ ജലപാതത്തിനു താഴെ ശിവലിംഗമുണ്ടെന്നും തണുപ്പുകാലത്ത് നദി വരളുമ്പോള്‍ അത് പ്രത്യക്ഷമാകുമെന്നും വിശ്വാസം. മുകളില്‍ പുഴയുടെ വലതുവശത്ത് ഗംഗാദേവി ക്ഷേത്രം. ഭഗീരഥന്‍ ശിവനെ ധ്യാനിച്ചിരുന്നതെന്ന് കരുതപ്പെടുന്ന, തണുപ്പുകാലത്തു മാത്രം ദൃഷ്ടിഗോചരമായ, വെണ്‍ശിലകളില്‍ തീര്‍ത്തതും മൂന്നു നൂറ്റാണ്ടു പഴക്കമുള്ളതും ഇരുപതാം നൂറ്റാണ്ടില്‍ പുതുക്കിപ്പണിതതുമായ ഗംഗോത്രി ക്ഷേത്രത്തിന് 20 അടി ഉയരമുണ്ട്. തണുപ്പുകാലത്ത് വിഗ്രഹം സമതലത്തിലെ മുഖിമാത് ഗ്രാമത്തില്‍ കൊണ്ടുപോയി ആരാധിക്കുന്നു.
പാലം കടന്ന് മറുകര ചെന്നാല്‍ ആശ്രമങ്ങള്‍. അവിടെനിന്നും വലത്തോട്ട് തിരിഞ്ഞ് ഞാന്‍ മധുര സ്വാമി പറഞ്ഞ ആശ്രമത്തിലെത്തി. ചിരപരിചിരരെപ്പോലെ, എന്നാല്‍ തെല്ലദ്ഭുതത്തോടെ, തുടര്‍ന്നങ്ങോട്ട് പലയാവര്‍ത്തി കേള്‍ക്കേണ്ടിവന്ന അതേ ചോദ്യം: “അകേലെ ഹെ?“ (ഒറ്റയ്ക്കാണോ?) കറുത്ത് മെലിഞ്ഞ, അധികം ഉയരമില്ലാത്ത സൌമ്യനായ ഒരു സാധു. മനോഹരമായി ഇങ്ലിഷ് സംസാരിക്കുന്ന, തെക്കെ ഇന്‍ഡ്യന്‍ ച്ഛവിയുള്ള ആ യോഗിക്ക് ഞാന്‍ മലയാളിയാണെന്നറിഞ്ഞ് അദ്ഭുതം ഇരട്ടിച്ചു. ഭക്ഷണം കഴിച്ചിട്ടാണ് വന്നതെന്നറിഞ്ഞപ്പോള്‍, വിശ്രമിക്കുന്നില്ലെങ്കില്‍ തന്നോടൊപ്പം വരുവാന്‍ അദ്ദേഹം ക്ഷണിച്ചു.
ഉച്ച തിരിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ധാരാളം സമയമുണ്ട്. രാവിലെ ഗോമുഖിലേയ്ക്കു പോകുവാന്‍ ഗൈഡിനെ ഏര്‍പ്പാടാക്കിത്തന്നു. ആശ്രമത്തിലെ മറ്റുള്ളവരും സഹായമനസ്ഥിതിക്കാരായിരുന്നു. ബാഗ് മുറിയില്‍ വച്ചു. എന്നിരിക്കിലും ഉള്ളില്‍ ഒരു ഭയമുണ്ടായിരുന്നു. ആരെങ്കിലും അത് പരിശോധിച്ചാല്‍ - ബക്കാര്‍ഡിയെങ്ങാനും കണ്ടെടുത്താല്‍ - ആശ്രമ ചട്ടങ്ങള്‍ക്കു വിരുദ്ധമാകുമോ എന്നൊരു സന്ദേഹം. എങ്കിലും പെട്ടി കാമറയുമായി അദ്ദേഹത്തോടൊപ്പം പുറത്തേയ്ക്കു പോയി. കൂടെ മുട്ടനാടിനെ അനുസ്മരിപ്പിക്കുന്ന മുഖമുള്ള ഒരു ഗഡ്വാളി അനുയായിയുമുണ്ട്. അയാള്‍ നെറ്റിയില്‍ അണിഞ്ഞിരുന്ന വലിയ കുങ്കുമപ്പൊട്ട് സ്വതവേയുള്ള ക്രൌര്യത്തിന് ആക്കംകൂട്ടി.ആശ്രമമുറ്റത്ത് മഠാധിപതി നില്‍പ്പുണ്ടായിരുന്നു. എന്നെനോക്കി മന്ദഹസിച്ചതുപോലെ തോന്നി. പലര്‍ക്കും പല നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന തിരക്കിലായിരുന്നു അദ്ദേഹം.
ഞങ്ങള്‍ മൂവരുമായി ആദ്യം ഗംഗോത്രി പതനത്തിന്റെ മറുകരയില്‍ പൈന്‍ വൃക്ഷങ്ങള്‍ തങ്ങിയ ചരിവില്‍ ചെന്നു. ഞാന്‍ ഓരോ ചുവടുവയ്ക്കുമ്പോഴും ആ സാധു, എന്റെ പേര് സ്നേഹത്തോടെ ഉറക്കെ വിളിച്ച് സൂക്ഷിക്കുവാന്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ ഗഡ്വാളി നേരെ വിപരീതമായി, അപക്വമായ പെരുമാറ്റത്തിലൂടെ ശ്രദ്ധ നേടി. ഫോട്ടോയ്ക്ക് പോസ് ചെയ്യുവാന്‍ അയാള്‍ വളരെയേറെ ഉത്സാഹിച്ചു. ഗംഗാതീരത്തെ ഭൂര്‍ജ്ജവൃക്ഷതോപ്പിലൂടെ എന്നെ അവര്‍ കുറേ ഉള്ളിലേയ്ക്ക്, ഗോമുഖിന് താഴേയ്ക്ക്, കൊണ്ടുപോയി. ആ അനുചരന്‍ ഉള്ളില്‍ ലേശം അസ്വസ്ഥതയുണ്ടാക്കി. ഗംഗയിലേയ്ക്കെങ്ങാന്‍ തട്ടിയിട്ടാല്‍ തെളിവൊന്നും അവശേഷിക്കില്ല. എന്നാല്‍ യോഗിയുടെ സൌമ്യപ്രകൃതം - എന്നോട് കാട്ടുന്ന പ്രത്യേക മമത - അത് ആശ്വാസമായി. കുറേ നടന്ന്, ഉള്‍ക്കാട്ടിലൊരിടത്ത്, ചെങ്കുത്തായ ചരിവില്‍ അവര്‍ പുതുതായി നിര്‍മ്മിക്കുന്ന ഗുഹയിലെത്തി. വലിയൊരു പാറയിടുക്കിലാണ്, ബാക്കി മണ്‍കട്ടകള്‍ വച്ചുകെട്ടി ഒരു റൂം ചെയ്തിരിക്കുന്നത്. അപ്പോഴും ഒന്നുരണ്ടുപേര്‍ അവിടെ പണിക്ക് ഉണ്ടായിരുന്നു.