Monday, 8 October 2007

കാമ്പസ് പ്രണയം

അത്രയ്ക്കങ്ങട് പ്രൊഫഷനല്‍‌ അല്ലെങ്കിലും പ്രവേശനപ്പരീക്ഷ ഉണ്ടായിരുന്നതിനാല്‍‌ പല പ്രായക്കാര്‍‌ അടങ്ങിയതായിരുന്നു ക്ലാസ്. അതിലൊരു മിടുക്കന് ഒരു സുന്ദരിയോട് പ്രണയം തോന്നിയത് സ്വാഭാവികം. കലാ സാഹിത്യ വിദുഷി. പക്വമതി. എല്ലാത്തിലുമുപരി, സുന്ദരി. കുട്ടിത്തം വിട്ടുമാറിയിട്ടില്ലെങ്കിലും ബുദ്ധിസാമര്‍ഥ്യത്തിലും പഠനത്തിലും സൌന്ദര്യത്തിലും മുന്നിട്ടുനില്‍ക്കുന്നവനായിരുന്നു നായകന്‍‌.

എന്നാല്‍‌ പെണ്‍കുട്ടിയുടെ ഇതിന്മേലുള്ള നിലപാടില്‍‌ ചിലര്‍‌ സംശയം പ്രകടിപ്പിച്ചു. ഭൈമീകാമുകരുടെ അസൂയ എന്ന് നായകനും സഹരും പറഞ്ഞുതള്ളി. ‘പ്രണയം’ അഭംഗുരം തുടര്‍ന്നുവന്നു. ഇതിനിടെ നായിക നല്ല പെരുമാറ്റത്താല്‍‌ എല്ലാവരുടെയും ഹൃദയം കവരുകയും മികച്ച ഒരു സുഹൃദ്‌‌വലയം സൃഷ്ടിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ, നായകന്‍‌ ‘എന്റെ, എന്റെ മാത്രം‘ എന്ന മട്ടില്‍‌ മുന്നോട്ടുപോകുകയായിരുന്നു.

ഒരു ദിവസം ഉച്ചതിരിഞ്ഞ നേരം. നായികയും ചില സഹപാഠന്മാരും സൊറപറഞ്ഞിരിക്കുകയായിരുന്നു. സാധാരണ സംഭവിക്കുന്നതുതന്നെ. എന്നാല്‍‌ അപ്പോഴെല്ലാം നായകനും ഉണ്ടാകാറുണ്ട് എന്നുമാത്രം. അന്ന് നായകന്‍‌ അവധിയിലായിരുന്നു.

നായിക ചിരിച്ചുല്ലസിച്ചിരിക്കവേ, പൊടുന്നനെ നായകന്‍‌ കയറിവന്നു. വീടില്‍‌ നിന്നു വന്നതിനാലാകാം കൈയില്‍‌ ബാഗ്. നെറ്റിയില്‍‌ വിയര്‍പ്പുകണങ്ങള്‍‌. പൊതുവെ ചുവന്ന കവിളുകള്‍‌ ഒന്നുകൂടി ചുവന്നുതുടുത്തിരിക്കുന്നു. നായകനെക്കണ്ടിട്ട് വെറുമൊരു ‘ഹാ‍യ്!’ മാത്രം പറഞ്ഞ് നായിക ചര്‍ച്ച തുടര്‍ന്നു.

എന്നാല്‍‌ നായകന്‍‌ മുന്നില്‍‌ വന്നുനിന്ന് വിറയ്ക്കുകയാണ്. വികാരങ്ങളുടെ വേലിയേറ്റം മുഖത്ത് ദര്‍ശിക്കാം. എല്ലാപേരും ഒരു പന്തികേട് മണത്തു; നായികയുള്‍പ്പെടെ. ഏതുനിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് എല്ലാപേരും നിശബ്ദരായി. നായികയുടെ മുഖത്ത് അമ്പരപ്പ്.

അവസാനം അതു സംഭവിച്ചു! വര്‍ദ്ധിച്ച കോപത്തോടെ നായകന്‍‌ നായികയുടെ മുഖത്തേയ്ക്കു നോക്കി അലറി:

‘ ഞാന്‍‌ ഇന്നാളുതന്ന രണ്ടുരൂപ എണ്‍പത്തഞ്ചു പൈസ ഇപ്പം എനിക്കു തിരികെത്താ!‘

Thursday, 4 October 2007

സംശയരോഗി

സുഹൃത്തിനെ അയാളുടെ കല്യാണത്തിനു ശേഷം ഇതാദ്യമായാണു കാണുന്നത്. ഒറ്റനോട്ടത്തില്‍ത്തന്നെ എന്തോ ഒരു പന്തികേട്. മുഖം വാടിയിരിക്കുന്നു. കണ്ണുകളില്‍‌ ഉറക്കച്ചടവ്.

കണ്ടതിലുള്ള സന്തോഷം പങ്കുവച്ചതിനു ശേഷം, കുശലാന്യേഷണങ്ങള്‍ക്കു തുടക്കമായി. മധ്യേ ഒന്നു നിശ്വസിച്ച്, അടക്കിപ്പിടിച്ച് അയാള്‍‌ വിതുമ്പി: ആകെ പ്രശ്നമാണ്. ഞാന്‍‌ തിരിഞ്ഞാലും പിരിഞ്ഞാലും പ്രശ്നം. ഒരു പെണ്ണിനോടും സംസാരിച്ചുകൂടാ. പരിചയക്കാരെപ്പോലും നോക്കി ചിരിച്ചുകൂടാ. ദാ... ഇതു കണ്ടോ! (നെറ്റിയിലെ തടിച്ച പാടു കാട്ടി) അവള്‍‌ പ്ലേറ്റെടുത്ത് എറിഞ്ഞതാണ്; ഏതോ ഒരു പെണ്ണിന്റെ ഫോണ്‍‌വന്നെന്നും പറഞ്ഞ്.

എന്തുപറഞ്ഞ് അയാളെ ആശ്വസിപ്പിക്കണമെന്നറിയാതെ, വളഞ്ഞുപുളഞ്ഞ് അനന്തതയിലേയ്ക് നീളുന്ന ബിറ്റുമെന്റെ ഇരുണ്ട മിനുമിനുപ്പിലേയ്ക്കു നോക്കി ഞാന്‍‌ നിന്നു. എത്ര കുടുംബങ്ങളാണ് സ്ത്രീകളുടെ സ്വാര്‍ത്ഥത മൂലം തകരുന്നത്. ഇതൊന്നും ചോദിക്കാനും കാണാനും ഒരു കമ്മിഷനുമില്ലാതായിപ്പോയല്ലോ... ആത്മരോഷവും മധ്യാഹ്ന താപവും നെറ്റിയിലെ വിയര്‍പ്പുകണങ്ങളായും കഴുത്തിലെ ചാലുകളായും അസ്വസ്ഥത പടര്‍ത്തി. വിങ്ങുന്ന സാഹചര്യം...

എന്തോ ഓര്‍ത്തിട്ടെന്നപോലെ സുഹൃത്ത് കിക്കറില്‍‌ ആഞ്ഞു ചവിട്ടി, ഗിയര്‍‌ മാറ്റിയിട്ട്, ‘ഓ, താമസിച്ചുപോയി... ഒരു പഴയ കക്ഷി ...... ബസ് സ്ടാന്‍‌ഡില്‍‌ നില്‍ക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഞാന്‍‌ പോകട്ടെ. വിശദമായി പിന്നെ സംസാരിക്കാം...’ എന്നുപറഞ്ഞ് പാഞ്ഞുപോയി.

വണ്ടി പുറന്തള്ളിയ പുകയോടൊപ്പം ഒരു ഗൂഢസ്മിതം വളരെനേരം അവിടെ തങ്ങിനിന്നു.